

മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് എത്ര ഉച്ചത്തില്‍ മുഴങ്ങിയാലും ലോകത്തില്‍ മദ്യപരുടെ എണ്ണത്തിന് കുറവൊന്നുമില്ല. മദ്യം കൊണ്ട് ആരോഗ്യത്തിന് യാതൊരു ഗുണവുമില്ലെന്നും പരമാവധി ദോഷമാണ് ചെയ്യുകയെന്ന് അറിഞ്ഞിട്ടും ആളുകള്‍ക്ക് മദ്യത്തോടുള്ള ആസക്തി എന്തുകൊണ്ടാണ് മാറാത്തതെന്ന് ചിന്തിച്ചിട്ടില്ല?
കുടിക്കുന്നവര്‍ തന്നെ വ്യത്യസ്തതരമുണ്ട്. ആഘോഷവേളകളില്‍ മാത്രം കുടിക്കുന്നവര്‍, സന്തോഷം വരുമ്പോഴും സമ്മര്‍ദം വരുമ്പോഴും കുപ്പി പൊട്ടിക്കുന്നവര്‍, പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെങ്കിലും കൂട്ടത്തില്‍ കുടിക്കുന്നവര്‍, മുഴുകുടിയന്മാര്‍. ഇതില്‍ ഏത് വിഭാഗത്തില്‍ പെട്ടാലും ആരോഗ്യത്തിന് കേടാണ്. മദ്യപാനത്തില്‍ സുരക്ഷിതമായ ഒരു അളവില്ലെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
സന്തോഷത്തെക്കാള്‍ കൂടുതല്‍ സമ്മര്‍ദവും സങ്കടവും മറക്കാനാണത്രേ ആളുകള്‍ കുടിയന്മാരാകുന്നതെന്നാണ് സ്‌ക്രിപ്‌സ് റിസര്‍ച്ച് ഗവേഷകരുടെ പുതിയ പഠനത്തില്‍ പറയുന്നത്. തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗമാണ് ഇതിന് ഉത്തരവാദിയെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സന്തോഷത്തിന് കുടിച്ചു തുടങ്ങുന്നവരുടെ തലച്ചോറും മദ്യത്തിന്‍റെ ലഹരി രുചിക്കും. ഇത് തലച്ചോര്‍ പ്രോസസ് ചെയ്തു വയ്ക്കുകയും പിന്നീട് സമ്മര്‍ദമോ സങ്കടമോ പോലുള്ള വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ തലച്ചോറിലെ പാരവെൻട്രിക്കുലാർ ന്യൂക്ലിയസ് ഓഫ് തലാമസ് (PVT) എന്ന ഭാഗം സജീവമാവുകയും ഇത് മദ്യം ഈ സാഹചര്യത്തിന് ആശ്വാസം നല്‍കുമെന്ന ചിന്ത ഉണ്ടാക്കുകയും ചെയ്യും. ഇത് ശക്തമായ ആസക്തിയാക്കി മാറ്റുകയും ചെയ്യും.
ഇത് വേദനകളില്‍ നിന്ന് രക്ഷപ്പെടാന്‍ മനുഷ്യര്‍ ഏറ്റവും ആദ്യം ആശ്രയിക്കുന്നത് മദ്യമെന്ന അവസ്ഥയിലേക്ക് എത്തിക്കും. ലഹരിവസ്തുക്കളുടെ ഉപയോഗ വൈകല്യങ്ങൾ (SUDs) യ്ക്കും ഉത്കണ്ഠ ഉൾപ്പെടെയുള്ള അവസ്ഥയ്ക്കും പുതിയ ചികിത്സകൾക്കുള്ള പ്രതീക്ഷ നൽകുന്നതാണ് പുതിയ കണ്ടെത്തലുകളെന്ന് ബയോളജിക്കല്‍ സൈക്യാട്രി ഗ്ലോബല്‍ ഓപ്പണ്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
മസ്തിഷ്കം മദ്യത്തെ സമ്മർദത്തിൽ നിന്നുള്ള ആശ്വാസവുമായി ബന്ധിപ്പിക്കുന്നത് പാരവെൻട്രിക്കുലാർ ന്യൂക്ലിയസ് ഓഫ് തലാമസ് എന്ന ഭാഗത്തിലൂടെയാണെന്ന് പഠനം വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates