
ഇന്ന് ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം, ഇന്ത്യയിൽ പ്രതിവർഷം ഏതാണ്ട് 28,000-ത്തിലധികം ആളുകളെ ബ്രെയിൻ ട്യൂമർ ബാധിക്കുന്നുവെന്നാണ് ഇന്ത്യൻ ജേണൽ ഓഫ് ന്യൂറോളജിയുടെ കണക്ക്. ബ്രെയിൻ ട്യൂമറിനെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ജൂൺ എട്ടിന് ലോക ബ്രെയിൻ ട്യൂമർ ദിനം (World Brain Tumour Day) ആചരിക്കുന്നത്.
തലച്ചോറിനുള്ളിലെ അസാധാരണ കോശങ്ങളുടെ വളര്‍ച്ചയെയാണ് ബ്രെയിന്‍ ട്യൂമര്‍. രണ്ട് തരത്തില്‍ ബ്രെയിൻ ട്യൂമര്‍ വികസിക്കാം. കാന്‍സറിന് കാരണമാകുന്ന മുഴകളും കാന്‍സറിന് (ബിനൈന്‍) കാരണമാകാത്തവയും. ഇവ രണ്ടും നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കും. ജനിതകം, റേഡിയേഷന്‍ എക്സ്പോഷർ, അനാരോഗ്യകരമായ ജീവിതശൈലി ശീലങ്ങൾ, അപൂർവ സന്ദർഭങ്ങളിൽ ചില വൈറൽ അണുബാധകൾ തുടങ്ങിയ ഘടകങ്ങള്‍ ബ്രെയിന്‍ ട്യൂമര്‍ സാധ്യത വര്‍ധിപ്പിക്കാം. എന്നാല്‍ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നത് രോഗാവസ്ഥ ഗുരുതരമാകാന്‍ കാരണമാകുന്നു.
ലക്ഷണങ്ങള്‍
തുടർച്ചയായ തലവേദന
കാഴ്ച പ്രശ്നങ്ങൾ, ഓക്കാനം
അപസ്മാരം
സന്തുലിതാവസ്ഥയിലെ ബുദ്ധിമുട്ട്
ഓർമ പ്രശ്നങ്ങൾ അല്ലെങ്കിൽ വ്യക്തിത്വ മാറ്റങ്ങൾ
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ട 5 ശീലങ്ങള്‍.
തലച്ചോറിന്റെ നാഡികളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ വാൽനട്ട്, ഫ്ളാക്സ് സീഡുകൾ തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമാണ്. കൂടാതെ പേരയ്ക്ക, മാതളനാരങ്ങ തുടങ്ങിയ പഴങ്ങൾ തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എണ്ണമയമുള്ളതും സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍ തലച്ചോറിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
വിഷവസ്തുക്കളെ നീക്കം ചെയ്യാനും ഓര്‍മകള്‍ പ്രോസസ് ചെയ്യാനും തലച്ചോറിന് വിശ്രമം ആവശ്യമാണ്. എന്നാൽ വൈകി ഉറങ്ങുകയോ രാത്രിയിൽ ഫോൺ ഉപയോഗിക്കുകയോ ചെയ്യുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഇരുണ്ടതും ശാന്തവുമായ സാഹചര്യത്തില്‍ 7–8 മണിക്കൂർ ഉറങ്ങുന്നത് തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും.
വ്യായാമം ശരീരത്തിന് മാത്രമല്ല - തലച്ചോറിനും അനിവാര്യമാണ്. നടത്തം, യോഗ, സൈക്ലിങ്, ജോഗിങ് തുടങ്ങിയ ലളിതമായ പ്രവർത്തനങ്ങൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും ഓർമശക്തി വർധിപ്പിക്കാനും സഹായിക്കുന്നു. ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക.
പസിലുകൾ, പുസ്തകം വായിക്കുക, ജേണലിങ് പോലുള്ള ബ്രെയിന്‍ വ്യായാങ്ങള്‍ തലച്ചോറിനെ ഉന്മേഷഭരിതമാക്കുന്നു. മെഡിറ്റേഷന്‍, ജേണലിങ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ദിവസത്തില്‍ കുറഞ്ഞത് 15-20 മിനിറ്റ് ചെയ്യുന്നതിലൂടെ ഓർമശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് സമ്മർദം കുറയ്ക്കാനും മാനസിക ബലം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
അമിതമായ സമ്മർദവും ഏകാന്തതയും കാലക്രമേണ തലച്ചോറിനെ ബാധിക്കും. പ്രിയപ്പെട്ടവരുമായി സംസാരിക്കുന്നതും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ഇത് മറികടക്കാന്‍ സഹായിക്കും. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുക, സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ചെറിയ നടത്തം എന്നിവ പരീക്ഷിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates