ജീവിതത്തോട് പുഞ്ചിരിച്ച് ലോകം മുന്നോട്ട്; ആത്മഹത്യാ നിരക്ക് കുറഞ്ഞു
തികച്ചും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് ലോകം മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കടന്നു പോകുന്നതെന്ന് പഠന റിപ്പോര്‍ട്ടുകള്‍. മാനസിക സമ്മര്‍ദ്ദം സമൂഹത്തില്‍ വര്‍ധിച്ചുവെങ്കിലും ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. സമ്മര്‍ദ്ദങ്ങളെയും വിഷമതകളെയും പുഞ്ചിരിച്ച് കൊണ്ട് നേരിടുന്നവരുടെ എണ്ണത്തില്‍ പ്രതീക്ഷാകരമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെല്ലുവിളികളില്‍ ജീവിതം അവസാനിപ്പിക്കാതെ മുന്നോട്ട് ജീവിക്കാന്‍ പുതിയ തലമുറ ശീലിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജീവിത രീതിയില്‍ ഉണ്ടായ മാറ്റങ്ങളാണ് ആത്മഹത്യാനിരക്ക് ആഗോളതലത്തില്‍ 30 ശതമാനത്തില്‍ താഴേക്ക് എത്തിക്കാന്‍ കാരണമായത് എന്നാണ് ഗവേഷകര്‍ പറയുന്നത്.ലോകത്ത് ഏറ്റവുമധികം ആത്മഹത്യ നടന്നിരുന്നത് റഷ്യയിലായിരുന്നു. 2005 ല്‍ 45 ശതമാനമുണ്ടായിരുന്നത് ഇപ്പോള്‍ 23 ശതമാനത്തിലേക്ക് താഴ്ന്നുവെന്നും യുഎസില്‍ സ്വയം ജീവനൊടുക്കുന്നവരുടെ എണ്ണം എട്ട് ശതമാനത്തിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നും പഠനത്തില്‍ കണ്ടെത്തി. ഇന്ത്യയെ സംബന്ധിച്ചും പ്രതീക്ഷ നല്‍കുന്ന പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. 15 ശതമാനമാണ് ഇന്ത്യയില്‍ പ്രതിവര്‍ഷം നടക്കുന്ന ആത്മഹത്യകള്‍.
സാമൂഹിക രംഗത്തുണ്ടായ പുരോഗതിയാണ് ഈ മാറ്റത്തിന് പ്രധാന കാരണം. 90 കളില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ വളരെ കൂടുതലായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യബോധവും സമൂഹത്തിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ ലഭിച്ച അവസരങ്ങളും സ്ത്രീകളുടെ ജീവിതം മെച്ചപ്പെട്ടതാക്കിയതായി സര്‍വ്വേ കണ്ടെത്തിയിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും സാമ്പത്തിക ബാധ്യതകള്‍ക്കും പുറമേ പ്രണയ നൈരാശ്യങ്ങളാണ് ഇന്ത്യയിലെ ആത്മഹത്യയ്ക്ക് പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
മുതിര്‍ന്നവരുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെട്ടതും ആത്മഹത്യാനിരക്ക് കുറയുന്നതിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്. നഗരവത്കരണത്തിന്റെ ഫലമായാണ് ഈ മാറ്റങ്ങളെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായതെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജീവിത പുരോഗതി കൈവരിക്കാന്‍ സഹായിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2002 ല്‍ നടത്തിയ സര്‍വ്വേ അനുസരിച്ച് മൂന്നില്‍ രണ്ട് സ്ത്രീകളും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും അഞ്ചിലൊരാള്‍ വീതം ശ്രമം നടത്തിയിട്ടുണ്ടെന്നും തെളിഞ്ഞിരുന്നു. ഈ അവസ്ഥയില്‍ നിന്ന് വലിയ പുരോഗതിയാണ് ആഗോളവ്യാപകമായി കൈവന്നിരിക്കുന്നത്. ആത്മഹത്യകളെ മഹത്വവത്കരിക്കുന്ന തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഒഴിവാക്കുന്നത് അഭിന്ദനമര്‍ഹിക്കുന്ന മാറ്റമാണെന്നും സാമൂഹ്യ ശാസ്ത്രജ്ഞര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
