

കുടുംബശ്രീയുടെ ഹോട്ടലാണ്. കുടുംബശ്രീയുടെ അച്ചാറാണ്. കുടുംബശ്രീ നമുക്ക് ഇന്ന് നല്‍കുന്ന ഉല്‍പ്പന്നങ്ങളുടെ വൈവിധ്യം നീണ്ടു പോവുകയാണ്. പറയുന്നത് കുടുംബശ്രീയെക്കുറിച്ചല്ല. മറിച്ച് കുറച്ച് കന്യാസ്ത്രീകളെ കുറിച്ചാണ്. ഹോട്ടലും അച്ചാറുമൊന്നുമല്ല ഇവരുടെ മേഖല. ഇവരുടെ മേഖല കഞ്ചാവ് കൃഷിയാണ്.
കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടോ. കന്യാസ്ത്രീകള്‍ കഞ്ചാവ് കൃഷി ചെയ്ത് വില്‍പ്പന നടത്തുകയോ! കന്യാസ്ത്രീകളാണെങ്കിലും ഇവര്‍ പള്ളിക്കു കീഴിലുമല്ല ജീവിക്കുന്നത്. എന്തിന്, ഇവര്‍ പറയുന്നത് ഇവര്‍ മതങ്ങള്‍ക്ക് എതിരാണെന്നാണ്. മതത്തിന് എതിരായവര്‍ക്ക് പിന്നെ മതം ഉണ്ടാവുകയില്ലല്ലോ.
കഞ്ചാവുല്‍പ്പന്നങ്ങള്‍ കൊണ്ട് രോഗ ശമനത്തിനും സ്ത്രീ ശാക്തീകരണത്തിനുമാണ് ഇവര്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അമേരിക്കയ്ക്ക് ആവശ്യമായ പകുതി പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കുന്ന കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ വാലിയിലുള്ള മെഴ്‌സിഡിലാണ് ഈ സിസ്റ്റര്‍മാര്‍ താമസിക്കുന്നത്.
ഇങ്ങനെയൊക്കെയായിട്ടും ഇവരെ പോലീസൊന്നും പിടിക്കുന്നില്ലേ എന്ന് തോന്നാം. ഇല്ല. കാരണം, 2016 മുതല്‍ വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നത് കാലിഫോര്‍ണിയയില്‍ നിയമവിധേയമാക്കിയിട്ടുണ്ട്. ഒരു കന്യാസ്ത്രീ അതാകുന്നത് വാണിജ്യപരമായ ബന്ധം കൂടിയാകുമ്പോഴാണെന്നാണ് ഇവരില്‍ മുതിര്‍ന്ന സിസ്റ്ററായ 58 വയസുള്ള കേറ്റ് വ്യക്തമാക്കുന്നത്. 2015 മുതല്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാരംഭിച്ച ഈ സംഘത്തിന് 75,000 ഡോളര്‍ ഇതിനോടകം തന്നെ നേടാനായിട്ടുണ്ട്.
ഫ്രൂട്ട്‌സും വെജിറ്റബിള്‍സുമൊക്ക വിളവെടുക്കുന്ന പോലെ ഇവര്‍ കഞ്ചാവ് കൃഷിചെയ്ത് അതില്‍ നിന്നും പല ഉല്‍പ്പന്നങ്ങളും നിര്‍മിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. മൊത്തം ഏഴ് അംഗങ്ങളാണിവര്‍. 2014ല്‍ സിസ്റ്റര്‍ കേറ്റ് തന്നെയാണ് ഈ പദ്ധതിയാരംഭിച്ചത്.
ഇവരുടെ പരിശുദ്ധാത്മാവ് മരിജ്വാന പ്ലാന്റിലാണുള്ളതെന്നാണ് സിസ്റ്റര്‍മാര്‍ പറയുന്നത്. ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും മികച്ച ജീവിതത്തിനും കഞ്ചാവ് കൊണ്ടുള്ള ബാമുകളും ഓയിന്‍മെന്റുകളും ഉത്തമമാണെന്നും സിസ്റ്റര്‍മാര്‍ പറയുന്നു.
അമേരിക്കയില്‍ ഏകദേശം രണ്ട് ഡസനിലധികം സ്റ്റേറ്റുകള്‍ മരുന്നിനായും വിനോദത്തിനായും മരിജുവാന ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വന്നതും അറ്റോണി ജനറലായി ജെഫ് സെസ്സന്‍സ് വന്നതും ശൈശവ ഘട്ടത്തിലുള്ള നിയമവിധേയമാക്കിയ കഞ്ചാവ് വ്യവസായത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇതോടെ കാനഡയില്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്താന്‍ കന്യാസ്ത്രീകള്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വില്‍പ്പന ആരംഭിക്കാന്‍ സാധിക്കുമെന്നും ഇവര്‍ കരുതുന്നു.
2011ല്‍ നടന്ന ഒക്കുപ്പൈ വാള്‍സ്ട്രീറ്റ് സമരത്തില്‍ പങ്കെടുത്ത കേറ്റ് പിന്നീട് ശിരോവസ്ത്രം ധരിക്കുകയായിരുന്നു. ഇത്തരം ബിസിനസ് ആരംഭിച്ചതിനെ എതിര്‍ത്ത് തുടക്കത്തില്‍ നിരവധി ഫോണ്‍ കോളുകള്‍ വന്നിരുന്നെങ്കിലും എന്താണ് തങ്ങള്‍ ചെയ്യുന്നതെന്ന് കൃത്യമായ ബോധ്യമുണ്ടെന്നാണ് കാലിഫോര്‍ണിയയിലെ കഞ്ചാവ് കന്യാസ്ത്രീകള്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates