പ്രണയം വേണോ, രാജ്യം വേണോ; ഈ രാജകുമാരിക്ക് പ്രണയം മതി

രാജകുടുബത്തിലുള്ളവര്‍ കുടുംബത്തിനുള്ളില്‍ തന്നെയുള്ളവരെ വിവാഹം കഴിക്കുന്നതാണ് കീഴ്‌വഴക്കം. അല്ലായെങ്കില്‍ രാജപദവി മൊത്തം ഉപേക്ഷിക്കണം. മകോ രണ്ടാമത്തെയാണ് തെരഞ്ഞെടുത്തത്
പ്രണയം വേണോ, രാജ്യം വേണോ; ഈ രാജകുമാരിക്ക് പ്രണയം മതി

ടോക്കിയോ: പ്രണയത്തേക്കാള്‍ വലുതായി ലോകത്ത് എന്തുണ്ട്  പ്രണയികള്‍ക്ക്? പോട്ടെ, പ്രണയത്തിന്റെ വില നിര്‍വചിക്കാന്‍ സാധിക്കുമോ? അതും പോട്ടെ, പ്രണയത്തിനായി എന്തൊക്കെ ത്യജിക്കും? ഈ ചോദ്യങ്ങളെല്ലാം ജപ്പാന്‍ രാജകുമാരി മാകോയോടാണെങ്കില്‍ എല്ലാത്തിനും ഉത്തരം പ്രണയം എന്ന് മാത്രമാകും.

കൂടെപ്പഠിച്ച സാധാരണക്കാരനായ കിയി കോമുറോയുമായി വിവാഹിതനാവണമെങ്കില്‍ മകോയ്ക്ക് ഉപേക്ഷിക്കേണ്ടത് മൊത്തം രാജപദവികളാണ്. എന്നാല്‍, ഈ പദവികളേക്കാള്‍ വലുതാണ് താന്‍ സ്‌നേഹിക്കുന്ന തന്റെ രാജകുമാരനെന്ന നിലപാടിലാണ് മകോ. ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോയുടെ കൊച്ചുമകളാണ് പ്രാണേശ്വരന് വേണ്ടി രാജ്യപദവി ത്യജിക്കുന്ന ഈ കാമുകി. പ്രണയത്തിന് മുന്നില്‍ രാജപദവി ഉപേക്ഷിക്കാനുള്ള അപേക്ഷ മകോ ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞു.

രാജകുടുബത്തിലുള്ളവര്‍ കുടുംബത്തിനുള്ളില്‍ തന്നെയുള്ളവരെ വിവാഹം കഴിക്കുന്നതാണ് കീഴ്‌വഴക്കം. അല്ലായെങ്കില്‍ രാജപദവി മൊത്തം ഉപേക്ഷിക്കണം. മകോ രണ്ടാമത്തെയാണ് തെരഞ്ഞെടുത്തത്. ടോക്കിയോ ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമാണ് കോമുറോയുമായി. രാജപദവിക്ക് വേണ്ടി അങ്ങനെ ഉപേക്ഷിക്കാന്‍ വേണ്ടിയൊന്നുമല്ല മകോ പ്രണയം തുടങ്ങിയത്. എല്ലാം അറിഞ്ഞു തന്നെയാണ്. ജപ്പാനിലെ ഷോനാന്‍ ബീച്ചില്‍ ടൂറിസം പ്രമോട്ടറായി കിയി ജോലി ചെയ്യുകയാണ്.

തന്റെ പ്രാണേശ്വരനെ കുറിച്ച് കുടുംബത്തോട് സംസാരിച്ച മകോയ്ക്ക് സമ്മതത്തോടൊപ്പം രാജകുമാരി പദവി ഉപേക്ഷിക്കേണ്ടി വരും എന്ന മുന്നറിയിപ്പുമാണ് ലഭിച്ചത്. എന്നാല്‍, മകോയ്ക്ക് മറ്റൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. രാജപദവികളൊന്നും വേണ്ട, കോമുറോ മാത്രം മതി. 

കല്യാണവുമായി ബന്ധപ്പെട്ട് അതിന്റെതായ സമയത്ത് പ്രതികരിക്കാമെന്നാണ് നമ്മുടെ കാമുകന്‍ പറഞ്ഞത്. എന്തായാലും വിവാഹം പൊടിപൊടിക്കാനുള്ള തയാറെടുപ്പിലാണ് രാജകുടുംബം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com