കോടതി ഹാദിയ പറയുന്നത് കേള്‍ക്കാത്തതെന്ത്; ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം

മത പരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ക്കാന്‍ തടഞ്ഞുവെച്ചിരിക്കുന്ന മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിതാവ്  നല്‍കിയ ഹരജിയിലാണ് വിധി.
കോടതി ഹാദിയ പറയുന്നത് കേള്‍ക്കാത്തതെന്ത്; ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം

മതപരിവര്‍ത്തനം ചെയ്ത യുവതിയുടെ വിവാഹം കോടതി റദ്ദാക്കിയതിനെതിരെ വ്യാപക വിമര്‍ശനം. മാതാപിതാക്കളുടെ പിന്തുണയില്ലാതെ നടന്ന വിവാഹം നിലനില്‍ക്കില്ലെന്ന് കാണിച്ചാണ് കോടതി യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടത്. 

മത പരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ക്കാന്‍ തടഞ്ഞുവെച്ചിരിക്കുന്ന മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിതാവ്  നല്‍കിയ ഹരജിയിലാണ് വിധി. വൈക്കം സ്വദേശി അശോകന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ കെ സുരേന്ദ്ര മോഹന്‍, എബ്രഹാം മാത്യു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. എന്നാല്‍ പെണ്‍കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കാതെയായിരുന്നു കോടതി വിധി കല്‍പ്പിച്ചതെന്ന് ഭര്‍ത്താവ് ഷാഫിന്‍ ജഹാന്‍ പറഞ്ഞു. കോടതിവിധി പെണ്‍കുട്ടിയുടെ ഭരണഘടനാപരമായ സ്വാതന്ത്രത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് നിയമവിദഗ്ദരും സാമൂഹ്യപ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ ഷാഹിന നഫീസ വ്യക്തമാക്കി.

2016 ഡിസംബര്‍ 19നായിരുന്നു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും വൈക്കം സ്വദേശിനി അഖിലയുമായുളള വിവാഹം നടന്നത്. അഖില മതം മാറി ഹാദിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു. പുത്തൂര്‍ ജുമാ മസ്ജിദ് ഖാദിയാണ് നിക്കാഹ് നടത്തിക്കൊടുത്തത്. വിവാഹം നിയമപരമായി നടന്നതല്ല എന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയാണെങ്കിലും പെണ്‍കുട്ടിക്ക് ഷെഫിന്‍ എന്നയാളുടെ കൂടെ പോകാനാണ് ആഗ്രഹമെങ്കില്‍ അതിനുള്ള അവസരം കോടതി ഉണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയല്ലായിരുന്നു വേണ്ടതെന്നും ഷാഹിന നഫീസ അഭിപ്രായപ്പെട്ടു.

താന്‍ ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയായി വീടുവിട്ടിറങ്ങിയതാണെന്നും തന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹര്‍ജി പരിഗണിക്കവേ പെണ്‍കുട്ടി അറിയിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും വിവാഹത്തിന് നേതൃത്വം നല്‍കിയത് മറ്റ് ചിലരാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിവാഹം റദ്ദു ചെയ്തത്. ആരുടെ കൂടെ ജീവിക്കാനാണ് താല്പര്യം എന്ന ചോദ്യം പോലും ചോദിക്കാതെ കോടതി കാണിച്ചില്ല, ഇത് മൗലിക അവകാശങ്ങളുടെ ലംഘനം ആണെന്ന് ഷെഫിന്‍ പറയുന്നു.

ഡിസംബര്‍ 20നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അതിനു മുന്‍പേ അഖില ഹാദിയ എന്ന പേര് സ്വീകരിച്ച് മതം മാറിയിരുന്നു. ഇതൊരു പ്രണയ വിവാഹമല്ല എന്നാണ് ഷെഫിന്‍ ഫറയുന്നത്. 2015ല്‍ ഹാദിയ മതം മാറിയതാണ്. വേ ടു നിക്കാഹ് വഴി വന്ന ഈ വിവാഹാലോചന ഷാഹിന്റെ കുടുംബത്തിന്റെ താല്‍പര്യപ്രകാരം കൂടിയാണ് നടന്നത്. 

പെണ്‍കുട്ടി ഐഎസില്‍ ചേരാനായി സിറിയയിലേക്കോ യെമനിലേക്കോ പോകാന്‍ സാധ്യതയുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ തീവ്രവാദം ഇസ്ലാമിക നിലപാടെല്ലെന്നാണ് ഹാദിയയുടെയും ഷാഹിന്റെയും നിലപാട്. ഇവരെ കോടതിയുടെ നിര്‍ദേശ പ്രകാരം താമസിപ്പിച്ചിരുന്ന 
ഹോസ്റ്റലില്‍ നമസ്‌കരിക്കാനോ, പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനോ ഉള്ള സ്വകാര്യതയില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ഹാദിയയെ മാസങ്ങളോളമായി തടവില്‍ വെച്ചതെന്തിനാണെന്ന് കോടതി ഇതുവരെ പറയുന്നില്ല. ഈ കാലയളവിലത്രയും ഇവര്‍ക്ക് അച്ഛനെയല്ലാതെ വേറെ പുറംലോകത്തുള്ള ആരുമായും കാണാനോ സംസാരിക്കാനോയുള്ള അവകാശമില്ലായിരുന്നു. 

മാതാപിതാക്കളുടെ പിന്തുണയില്ലാത്തതിനാലാണ് ഈ വിവാഹം റദ്ദു ചെയ്തത്. അങ്ങനെയാണെങ്കില്‍ ഇതിനു മുന്‍പ് മാതാപിതാക്കളുടെ പിന്തുണയില്ലാതെ കേരളത്തില്‍ നടന്ന വിവാഹങ്ങളെല്ലാം റദ്ദു ചെയ്യുമോയെന്നാണ് ഷാഹിന്‍ ചോദിക്കുന്നു. തന്റെ ഭാര്യയ്ക്ക് സ്വാതന്ത്ര്യം കിട്ടാനായി നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് ഷാഹിന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com