ആരോഗ്യമില്ലാത്ത സ്ലിം ബ്യൂട്ടികളെ വേണ്ട: ഫ്രാന്‍സിലെ ഫാഷന്‍ കമ്പനികളില്‍ സീറോ സൈസ് മോഡലുകള്‍ക്ക് വിലക്ക്

16 വയസില്‍ താഴെയുള്ള ഫാഷന്‍ മോഡലുകളെയും കമ്പനികള്‍ നിരോധിച്ചു 
ആരോഗ്യമില്ലാത്ത സ്ലിം ബ്യൂട്ടികളെ വേണ്ട: ഫ്രാന്‍സിലെ ഫാഷന്‍ കമ്പനികളില്‍ സീറോ സൈസ് മോഡലുകള്‍ക്ക് വിലക്ക്

ഫാഷന്‍ മോഡലാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാളുടെയും ആദ്യ ശ്രമം എങ്ങനെ മെലിയാം എന്നുള്ളതാണ്. സ്ലിം ബ്യൂട്ടിയായാല്‍ മാത്രമേ ഫാഷന്‍ രംഗത്ത് സാധ്യതകളുളളുവെന്നാണ് ഏറിയ വിഭാഗത്തിന്റെയും ധാരണ. എന്നാല്‍ ആ ധാരണകള്‍ക്കുമേല്‍ ഫ്രാന്‍സിലെ ചില ഫാഷന്‍ കമ്പനികള്‍ ആദ്യ ആണിയടിച്ചു. ആരോഗ്യവും ആവശ്യത്തിന് ശരീരഭാരവുമില്ലാത്ത തീര്‍ത്തും മെലിഞ്ഞ മോഡലുകള്‍ക്ക് ഫ്രാന്‍സില്‍ നിരോധനമേര്‍പ്പെടുത്തുന്നു. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഫോട്ടോഷൂട്ടിനോ മോഡലിങ്ങിനോ ഉപയോഗിക്കരുതെന്നും ലക്ഷ്വറി ഫ്രഞ്ച് ഫാഷന്‍ പവര്‍ഹൗസസിന്റെ നിയമാവലിയില്‍ പറയുന്നുണ്ട്. കെറിങ് എന്ന കമ്പനിയും ലക്ഷ്വറി ഫ്രഞ്ച് ഫാഷന്‍ പവര്‍ഹൗസസുമാണ് ഈ നിയമം ആദ്യ നടപ്പിലാക്കിയത്. ഇവരെക്കൂടാതെ ഗുസൈ, സെയ്ന്റ് ലോറന്റ്, വൂയ്ട്ടന്‍ തുടങ്ങിയ കമ്പനികളും സീറോ സൈസ് മോഡലുകളെ നിരോധിച്ചിട്ടുണ്ട്.

ഇനി മുതല്‍ ഫ്രാന്‍സിലെ മേല്‍പ്പറഞ്ഞ കമ്പനികളുടെ മോഡലുകളാകണമെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൂടി വേണം. മോഡലുകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറി വരുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ഫ്രാന്‍സ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ബോഡി മാസ് ഇന്‍ഡക്‌സ് സംബന്ധിച്ച് ഡോക്ടറര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. നിയമം ലംഘിച്ച് ഫോട്ടോഷൂട്ട് നടത്തിയാലോ, ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഫോട്ടോയില്‍ മാറ്റം വരുത്തിയാലോ 37000 യൂറോ ആണ് പിഴയായി ചുമത്തപ്പെടുക.

മോഡലുകളുടെ ആരോഗ്യപരിരക്ഷ മുന്‍നിര്‍ത്തിയാണ് ഫ്രാന്‍സില്‍ ഇത്തരമൊരു നിരോധനമേര്‍പ്പെടുത്തുന്നത്. പലരും വിശപ്പില്ലായ്മയും ഈറ്റിങ് ഡിസോര്‍ഡുമെല്ലാം കൊണ്ട് കഷ്ടപ്പെടുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പാരിസ് ഫാഷന്‍ വീക്കില്‍ മോഡലുകളുടെ ആരോഗ്യാവസ്ഥകളെപ്പറ്റി ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നത്. ഈ മോശം പ്രവണത മാറാനാണ് മെലിഞ്ഞ മോഡലുകളെ നിരോധിക്കുന്നതെന്ന് കെറിങ് കമ്പനിയുടെ സിഇഒ ഫ്രാങ്കോസ് ഹെന്റ്രി പിനാള്‍ട്ട് പറഞ്ഞു. മറ്റ് ഫാഷന്‍ കമ്പനികളും ഈ നിയമം ഏറ്റെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com