

മഞ്ഞില്‍ മുങ്ങി തണുത്തു മരവിച്ച രാത്രിയില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ പിബി സലീമും ഒന്നിച്ച് കൊല്‍ക്കത്തയിലെ തെരുവില്‍ കമ്പിളിപ്പുതപ്പുള്‍ വിതരണം ചെയ്ത അനുഭവം പങ്കുവയ്ക്കുകയാണ്, സാമൂഹ്യ പ്രവര്‍ത്തകനായ നാസര്‍ ബന്ധു ഈ കുറിപ്പില്‍. പശ്ചിമ ബംഗാള്‍ കേഡറിലെ മലയാളി ഉദ്യോഗസ്ഥനായ സലീം ഇപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്‌പെഷല്‍ ഡ്യൂട്ടിയിലാണ്.
നാസര്‍ ബന്ധുവിന്റെ കുറിപ്പ്:
'ഒരു ദിനം കൊല്‍ക്കത്തയിലെ തെരുവുകളില്‍ രാത്രി ചുറ്റി നടന്ന്
തെരുവില്‍ ഉറങ്ങുന്ന മനുഷ്യര്‍ക്ക് കമ്പിളി നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുണ്ടോ ? '
എന്ന ചോദ്യത്തിന്
'തീര്‍ച്ചയായും... '
എന്ന് മറുപടി പറഞ്ഞു അദ്ദേഹം.
ഈ കൊറോണക്കാലത്ത് ഇല്ലായ്മകള്‍ നിറഞ്ഞ തെരുവിലേക്ക് അദ്ദേഹത്തെ പോലെ ഉന്നത നിലയിലുള്ള ഒരാളെ കമ്പിളി വിതരണത്തിനായി ക്ഷണിക്കുന്നത് അഭംഗിയാകുമോ എന്ന സംശയത്തോടെയാണ് ചോദിച്ചത് എങ്കിലും കിട്ടിയ മറുപടി വളരെ സന്തോഷം നല്‍കി.
അങ്ങനെ ,
മഞ്ഞു കൂടിയ രാത്രിയില്‍ കമ്പിളികള്‍ നിറച്ച വാഹനവുമായി കൊല്‍ക്കത്തയിലെത്തിയപ്പോള്‍
അദ്ദേഹത്തിന്റെ വകയായും ഒരു വണ്ടി നിറയെ കമ്പിളികള്‍ വിതരണത്തിനായി തയ്യാറായിരുന്നു.
തെരുവുകളില്‍ കമ്പിളി വിതരണത്തിനായി ഇറങ്ങിയ അദ്ദേഹത്തോടൊപ്പം ഭാര്യയും മക്കളും സഹോദരനും ഉണ്ടായിരുന്നു.
വാഹനം നിര്‍ത്തുമ്പോഴേക്കും എന്തോ കിട്ടുമെന്ന് കരുതി ഓടികൂടുന്ന തെരുവു ജീവിതങ്ങള്‍ക്കിടയില്‍ അവരെല്ലാം ചേര്‍ന്ന് കമ്പിളി വിതരണം നടത്തി.
ഒരു ഓവര്‍ ബ്രിഡ്ജിന് കീഴെ
കമ്പിളിക്കായി തിക്കിനിരക്കുന്ന ആളുകള്‍ക്കിടയില്‍ വിതരണത്തിന് സഹായിയായി നിന്ന അദ്ദേഹത്തിന്റെ ഗണ്‍മാന്‍ സുബ്രതോയും റോഷനും വളരെ കഷ്ടപ്പെട്ടു. അത്രയ്ക്ക് തിരക്ക് കൂട്ടുന്നുണ്ടായിരുന്നു ചിലര്‍.
മറ്റൊരു ഓവര്‍ ബ്രിഡ്ജിന് കീഴെ വിതരണത്തിനിടയില്‍ ഒരെണ്ണം നിലത്തിരിക്കുന്ന ഒരാളുടെ നേരെ തിരക്കു കാരണം അബദ്ധത്തില്‍ എറിഞ്ഞ് കൊടുക്കേണ്ടി വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു ,
'അങ്ങനെ ചെയ്യാതിരിക്കൂ...
അവരുടെ കൈയില്‍ കൊടുക്കൂ.... '
എന്ന് .
അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ ഉത്സാഹത്തോടെ ഓടി നടന്നു .
തിക്കിതിരക്കുന്ന പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കും അവര്‍ അതീവ ഭംഗിയോടെ ഓരോ കമ്പിളികള്‍ കൈയില്‍ വച്ച് നല്‍കി.
പിന്നെ ഭംഗിയുള്ള ബംഗാളിയില്‍ അവരോട് വര്‍ത്തമാനം പറഞ്ഞു.
മസ്ജിദിന് മുന്നില്‍ വച്ചാണ്, അവര്‍ പ്രായമായവരെ പ്രത്യേകം തിരഞ്ഞ് പിടിച്ച് കമ്പിളി നല്‍കിയത്. അത്രമേല്‍ അര്‍ഹരായിരുന്നു ആ മനുഷ്യര്‍.
ട്രാഫിക് സിഗ്‌നലില്‍ ബലൂണ്‍ വില്‍ക്കുന്ന കുഞ്ഞുങ്ങളും പെണ്ണുങ്ങളും കൈയിലുള്ള ബലൂണുകളുമായാണ് കമ്പിളി വാങ്ങാന്‍ വന്നത്. ആ കാഴ്ചക്കൊരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ മക്കളായ ഇശലും ഹയാത്തും സജീവമായിരുന്നു . ഒരിടത്ത് വിതരണം കഴിഞ്ഞ് വാഹനത്തിലേക്ക് കയറിയ അവരുടെ അടുത്തേക്ക് ഓടിയെത്തിയ ആളുകള്‍ കാരണം വാഹനത്തിന്റെ വാതിലടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയപ്പോള്‍ സുബ്രതോയാണ് ഓടി വന്ന് ആളുകളെ മാറ്റി നിര്‍ത്തിയത്.
ഒരു പൊടി കുഞ്ഞിനേയും കൈയിലേന്തി വന്ന ഒരു ചെറുപ്പക്കാരിയെ ചൂണ്ടിയാണ് ഇശല്‍ അവര്‍ക്കൊരെണ്ണം കൊടുക്കൂ എന്ന് പറഞ്ഞത്. പക്ഷെ മുന്നില്‍ നിന്നവര്‍ക്ക് കൊടുത്തു വന്നപ്പോഴേക്കും കമ്പിളികള്‍ തീര്‍ന്നു പോയിരുന്നു .
എല്ലായിടത്തും കമ്പിളി ചുമന്ന് നടക്കാനും വഴികാണിക്കാനും പ്രിയ സഹോദരന്‍ ഷാ യും ഉണ്ടായിരുന്നു.
അതിനിടയില്‍ എല്ലാവരും വറുത്ത കടല കറുത്ത ഉപ്പു കൂട്ടി തിന്നു . അദ്ദേഹം അടുത്തുള്ള കടയില്‍ പോയി വാങ്ങി കൊണ്ടുവന്നതായിരുന്നു അത്.
എല്ലാം കഴിഞ്ഞ് ,
അദ്ദേഹത്തിന്റെ വീട്ടില്‍ , അദ്ദേഹം വിളമ്പി തന്ന അതേ , അദ്ദേഹം സ്വന്തം കൈകൊണ്ട് വിളമ്പി തന്ന ഭക്ഷണവും കഴിച്ച് തിരികെ മൂടല്‍മഞ്ഞ് നിറഞ്ഞ പാതയിലൂടെ ഗ്രാമത്തിലേക്ക് യാത്രയാകുമ്പോള്‍
എല്ലാവരേയും നന്ദിയോടെ ഓര്‍മിക്കുന്നു.
നന്ദി ,
ഡോ. P.B. സലീം IAS ,
ഫാത്തി സലീം ,
പിന്നെ ,
പുതപ്പുകള്‍ നല്‍കിയ കോഴിക്കോട്ടെ ആ സന്നദ്ധ സംഘടന , അതിന്റെ ഡയറക്ടര്‍ ,
പിന്നെയും പുതപ്പുകള്‍ നല്‍കിയ കുറേ കൂട്ടുകാര്‍, പരിചയക്കാര്‍ .
എല്ലാവരോടും നന്ദി......
.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates