

ഹൃദയം തൊടുന്ന ഒരുപാട് കാഴ്ചകൾ സോഷ്യൽ മീഡിയയിൽ എന്നും ചർച്ചയാകാറുണ്ട്. പ്രായമായ അമ്മയെയും കൊണ്ട് മകൻ നാടുചുറ്റി കാണിക്കാൻ കൊണ്ടു പോകുന്ന ഹൃദയസ്‌പർശിയായ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'ഹ്യൂമൻസ് ഓഫ് കേരളം' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ റോജൻ പറമ്പിലാണ് തന്റെയും അമ്മയുടെയും വിഡിയോ പങ്കുവെച്ചത്.
കോവിഡ് കാരണം നീണ്ട അഞ്ച് വർഷത്തിന് ശേഷമാണ് റോജൻ നാട്ടിലെത്തുന്നത്. അഞ്ചു വർഷത്തിനിടെ അമ്മച്ചിക്കുണ്ടായ മാറ്റം തന്നെ വേദനിപ്പിച്ചുവെന്ന് വിഡിയോ പങ്കുവെച്ച് റോജൻ പറഞ്ഞു. ഉറപ്പോടെ നടക്കാനും നിൽക്കാനും കഴിയാത്ത അവസ്ഥ. അമ്മച്ചിയെ കുളിപ്പിച്ച് ഒരുക്കി അതിരമ്പുഴ ടൗണിലൂടെ ഒരു ചെറിയ യാത്ര നടത്തിയെന്ന് റോജൻ പറയുന്നു. അമ്മച്ചിക്ക് നടന്നു കാറിൽ കയറാൻ കഴിയാത്തതു കൊണ്ട് റോജൻ അമ്മച്ചിയെ എടുത്തുകൊണ്ടാണ് കാറിൽ കയറ്റുന്നത്. എടുക്കുന്നതിനിടെ 'നിനക്ക് എന്തെങ്കിലും പറ്റിയെങ്കിലോ...' എന്ന അമ്മച്ചിയുടെ ചോദ്യം ഉള്ളൊന്നും ഉലയ്‌ക്കും.
'വർഷങ്ങൾക്ക് മുൻപ് അമ്മച്ചിയെ സ്വിറ്റ്സർലാൻഡിൽ കൊണ്ടു പോയി യൂറോപ്പ് കാണിച്ചു. പുതിയ സ്ഥലങ്ങൾ കണ്ടപ്പോൾ അമ്മച്ചിക്ക് സന്തോഷമായി. എന്നാൽ കോവിഡ് കാരണം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഇന്ത്യയിൽ വരുന്നത്. വന്നപ്പോൾ അമ്മച്ചിയുടെ അവസ്ഥ കണ്ട് എന്റെ ഹൃദയം തകർന്നു പോയി. അമ്മച്ചി കുറേക്കൂടി പ്രായമായി. നല്ലപോലെ നര കയറി അവശയായിരുന്നു. ഒന്നു നേരെ നിൽക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. വർഷങ്ങളായിട്ട് പള്ളിയിൽ പോലും പോയിട്ടില്ല. അങ്ങനെ അമ്മച്ചിയെ പുറത്തേക്ക് കൊണ്ടു പോകാൻ ഞാൻ തീരുമാനിച്ചു.
സ്വിറ്റ്സർലാൻഡിൽ ഒരു വൃദ്ധസദനത്തിലാണ് ഞാൻ ജോലി ചെയ്യുന്നത്. അവിടെ ചെയ്‌തുള്ള പരിചയം വെച്ച് ഞാൻ അമ്മച്ചിയെ കുളിപ്പിച്ചു. സഹോദരിമാർ അമ്മച്ചിയെ ഒരുക്കി. കാറിൽ അമ്മച്ചിയെയും കൊണ്ട് ഒന്നു കറങ്ങാനായിരുന്നു പദ്ധതി. എല്ലാവരും എതിർത്തു. എന്നാൽ ഞാൻ അമ്മച്ചിയെ കൊണ്ടു പോകാൻ തന്നെ തീരുമാനിച്ചു. അമ്മച്ചിയെ എടുത്താണ് കാറിൽ കയറ്റിയത്. അതിരമ്പുഴ ടൗണിൽ 20 കിലോമീറ്ററോളം ഞങ്ങൾ കറങ്ങി. സ്ഥലങ്ങളൊന്നും അമ്മച്ചിക്ക് ഓർമ്മ ഉണ്ടായിരുന്നില്ല. എന്നാലും അമ്മച്ചി ഹാപ്പി ആയിരുന്നു. ഞങ്ങളുടെ യാത്രയുടെ വിഡിയോ എടുത്തു പുറത്തുള്ള സഹോദരങ്ങൾക്ക് അയച്ചു കൊടുത്തു.
എല്ലാവർക്കും സന്തോഷമായിരുന്നു. നീലക്കുറുഞ്ഞി പൂത്തുനിൽക്കുന്നത് കാണിക്കാനും അമ്മച്ചിയെ കൊണ്ട് പോയിരുന്നു. യാത്ര കഴിഞ്ഞെത്തിയപ്പോൾ അമ്മച്ചിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. എന്നാലും ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചതിലുള്ള സന്തോഷമായിരുന്നു ആ മുഖത്ത്'.- വിഡിയോയ്‌ക്കൊപ്പം റോജൻ കുറിച്ചു.റോജനെ പ്രശംസിച്ച് നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്റു ചെയ്‌തത്. വിഡിയോ കണ്ടിട്ട് കണ്ണുനീർ അടക്കാനാകുന്നില്ലെന്ന് പലരും പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates