
ബീയ്ജിങ്: ഓമനകളായ വളര്‍ത്തു മൃഗങ്ങളുടെ വിയോഗം ഉടമസ്ഥരില്‍ വലിയ വിഷമം സൃഷ്ടിക്കുന്ന ഒന്നാണ്. ഈ സാഹചര്യം മറികടക്കാന്‍ ശാസ്ത്രത്തിന്റെ വളര്‍ച്ച ഉപയോഗിക്കുകയാണ് ചൈനക്കാര്‍. ചത്തുപോകുന്ന വളര്‍ത്തു മൃഗങ്ങളുടെ അതേ പതിപ്പുകളെ ക്ലോണിങ്ങിലൂടെ സൃഷ്ടിക്കുകയാണ് പുതിയ പ്രവണത. അടുത്തകാലത്തായി ചൈനയില്‍ ഇത്തരം രീതി വര്‍ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിന് ഒപ്പം ഈ മേഖലയില്‍ ഒരു സമാന്തര വ്യവസായം കൂടി വളരുന്നു എന്നാണ് വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നത്.
മൃഗങ്ങളിലെ ക്ലോണിങ് എങ്ങനെ
തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ തൊലിയുടെ സാംപിളുകളും സമാനമായ മറ്റൊരു ജീവിയുടെ ബീജ കോശങ്ങളും ചേര്‍ത്താണ് പുതിയ ജീവിയെ സൃഷ്ടിക്കുന്നത്. ഇത്തരത്തില്‍ രൂപം കൊടുക്കുന്ന ഭ്രൂണത്തെ വാടക ഗര്‍ഭധാരണത്തിലൂടെ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുക.
ഇത്തരം രീതിയിലൂടെ ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വര്‍ഷം കൊണ്ട് തന്നെ ഉടമകള്‍ക്ക് അവരുടെ വളര്‍ത്തു മൃഗങ്ങളുടെ തനത് പതിപ്പ് തന്നെ ലഭ്യമാകും. ക്ലോണ്‍ ചെയ്ത ജീവികള്‍ യഥാര്‍ത്ഥ വളര്‍ത്തുമൃഗങ്ങളുടെ രൂപവും വ്യക്തിത്വവും പ്രതിഫലിപ്പിക്കും എന്നതാണ് ഇത്തരം രീതിയുടെ പ്രത്യേകത. ക്ലോണിങ്ങിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് സാധാരണവുമായ ജീവിതം നയിക്കാനും പ്രത്യുല്‍പാദനം നടത്താനും കഴിയും.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു വളര്‍ത്തുമൃഗത്തെ ക്ലോണിംഗ് ചെയ്യുന്നതിനുള്ള ചെലവ് ചൈനയില്‍ 21,000 ഡോളര്‍ മുതല്‍ (18 ലക്ഷം രൂപ ) 52,000 ഡോളര്‍ (രൂപ 44.5 ലക്ഷം) വരെയാകാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം നിരവധി കമ്പനികള്‍ ഇപ്പോള്‍ അത്തരം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
മൃഗങ്ങളുടെ ക്ലോണിങ് നിയമ വിധേയമാക്കിയ രാജ്യമാണ് ചൈന. ഈ സാഹചര്യമാണ് പുതിയ പ്രവണതയുടെ അടിസ്ഥാനം. 2017 ലാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ഒരു നായയെ ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിക്കുന്നത്. 2019 ല്‍ ഒരു പൂച്ചയെയും ഇത്തരത്തില്‍ സൃഷ്ടിച്ചു. ഗാര്‍ലിക് എന്നറിയപ്പെട്ടിരുന്ന ഈ പൂച്ച ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളര്‍ത്തുമൃഗങ്ങളോടുള്ള ചൈനക്കാരുടെ താത്പര്യം വര്‍ധിച്ച ഒരു സമയത്തായിരുന്നു ക്ലോണിങ്ങ് സാങ്കേതിക വിദ്യ പ്രചാരണം വര്‍ധിച്ചത്. കണക്കുകള്‍ പ്രകാരം ചൈനയില്‍ കഴിഞ്ഞ വര്‍ഷം 12 കോടി ഓമന മൃഗങ്ങളുണ്ട്. നാല് കോടി ഡോളറിന്റെ വ്യവസായമാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക