

കൊല്ലം: ഇളകിക്കിടക്കുന്ന റെയില്‍വെ ട്രാക്കിന് സമീപത്തേത്ത് എത്തുന്ന ട്രെയിന്‍. അപകട സാഹചര്യം ശ്രദ്ധയില്‍പ്പെട്ട യുവാവിന്റെ ഇടപെടല്‍ അന്ന് ഒഴിവാക്കിയത് വന്‍ ദുരന്തം. സിനിമ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ സംഭവം കൊല്ലത്തെ പെരുമണ്‍ പാലത്തിന് അടുത്ത് 2001 ല്‍ സംഭവിച്ചതാണ്. അന്ന് കേരളം വാഴ്ത്തിയ ഇടപെടല്‍ നടത്തിയ കേക്ക് എന്ന് വിളിപ്പേരുള്ള വിമല്‍ ബോസ് (Vimal Bose) എന്ന ആ യുവാവിന് ഇപ്പോള്‍ 50 വയസ് പിന്നിട്ടു. എന്നാല്‍ അന്ന് വാഗ്ദാനം ചെയ്യപ്പെട്ട ജോലി ഉള്‍പ്പെടെ ഒന്നും പിന്നീട് യാഥാര്‍ഥ്യമായില്ല.
തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ദിനമായ ആ ദിവസത്തെ ഇന്നും ഓര്‍ക്കുകയാണ് വിമല്‍. ''2001 നവംബര്‍ മാസത്തിലെ ആദ്യ ദിവസങ്ങളില്‍ ഒന്നായിരുന്നു അത് സംഭവിച്ചത്. ബേക്കറിയിലേക്ക് വെള്ളം എടുക്കാന്‍ പോകുന്നതിനിടെയാണ് റെയില്‍വേ ട്രാക്കിന്റെ ബോള്‍ട്ടുകളും പ്ലേറ്റുകളും അഴിഞ്ഞുപോയത് ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം തന്നെ ഒരു ട്രെയിന്‍ ആ ഭാഗത്തേക്ക് അടുക്കുന്നുണ്ടായിരുന്നു. ഉടന്‍ കടയിലേക്ക് തിരിച്ച് ഓടി ചുവന്ന ബാനര്‍ എടുത്ത് വീശി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഭാഗ്യവശാല്‍, ട്രെയിന്‍ സുരക്ഷിതമായി നിര്‍ത്തി. റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തി, ട്രാക്ക് നന്നാക്കി, സര്‍വീസ് പുനരാരംഭിച്ചു.
സംഭവം വാര്‍ത്തയായതോടെ വലിയ അഭിനന്ദങ്ങളാണ് ലഭിച്ചത്. ഉദ്യോഗസ്ഥര്‍ ജോലി ഉള്‍പ്പെടെ വാഗ്ദാനം ചെയ്തു. എന്നാല്‍ പിന്നീട് എല്ലാം എല്ലാവരും മറന്നു. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനും അന്നത്തെ എംഎല്‍എ രാജേന്ദ്രനും ഇടപ്പെട്ട് ജോലിക്ക് ഉള്‍പ്പെടെ ശുപാര്‍ശ ചെയ്തിരുന്നു. ഇതേ വിഷയത്തില്‍ 2008 കേരള ഹൈക്കോടതിയും ഉത്തരവിറക്കിയിരുന്നു. വിമലിന് മുന്‍ഗണന നല്‍കണം എന്നായിരുന്നു നിര്‍ദേശം. എന്നിട്ടും ഒന്നും സംഭവിച്ചില്ല. 23 വര്‍ഷം കഴിഞ്ഞിട്ടും ജോലിയോ അംഗീകാരമോ ഇല്ല. എന്നാല്‍, ഇതിനൊന്നും വേണ്ടിയല്ല അന്ന് അത്തരം ഒരു ഇടപെടല്‍ നടത്തിയത്. ആരെങ്കിലും ചെയ്യുമായിരുന്ന കാര്യം മാത്രമാണ് ഞാന്‍ ചെയ്തത്. വീണ്ടും അത്തരം ഒരു സാഹചര്യം മുന്നിലെത്തിയാല്‍ സമാന ഇടപെടല്‍ തന്നെ നടത്തും.'' വിമല്‍ പറയുന്നു.
അന്നത്തെ സംഭവങ്ങളെ കുറിച്ച് കൊല്ലം എംപി എന്‍ കെ പ്രേമചന്ദനും വ്യകമായി ഓര്‍മ്മയുണ്ട്. എന്നാല്‍ രണ്ട് പതിറ്റാണ്ടിന് മുന്‍പ് നടന്ന സംഭവത്തില്‍ ഇനിയെന്തെന്ന് അദ്ദേഹത്തിനും വലിയ ധാരണയില്ല. വിമലിന് റെയില്‍വേയില്‍ ജോലിക്ക് അന്ന് ശുപാര്‍ശ ചെയ്തു, പക്ഷേ നിര്‍ഭാഗ്യവശാല്‍ ഒന്നും സംഭവിച്ചില്ല. മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍, റെയില്‍വേയിലും മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിലും ജോലി ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്, എംപി പറയുന്നു.
സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയില്‍ ഇതിനോകം അടയാളപ്പെടുത്തപ്പെട്ട മണ്‍റോ തുരുത്തിന് സമീപം തന്റെ ബേക്കറിയുമായി ജീവിതം തുടരുകയാണ് വിമല്‍. കട്ട് കേക്കുകള്‍ക്ക് പേരുകേട്ട ആ ബേക്കറി വിമലിന് കേക്ക് എന്ന പേരും നല്‍കിയിട്ടുണ്ട്. ബേക്കറി സാധനങ്ങള്‍ കാല്‍നടയായി മറ്റ് കടകളിലേക്ക് എത്തിച്ച് ജീവിതം മുന്നോട്ട് നീക്കുകയാണ് വിമല്‍ ഇപ്പോള്‍. ''നല്ല രീതിയില്‍ കട്ട് കേക്ക് ഉണ്ടാക്കാന്‍ കഴിയുന്നു എന്നത് ഒരു അനുഗ്രഹമാണ്. ഇത് എന്റെ കുടുംബത്തെ പോറ്റാന്‍ സഹായിക്കുന്നു, ദൈവം എനിക്ക് ഈ സമ്മാനമാണ് ഈ കഴിവെന്ന് വിശ്വസിക്കുന്നു.'' വിമല്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
