
സ്ത്രീകളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം നഗരത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാറി കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ മഹോത്സവമായ ആറ്റുകാല്‍ പൊങ്കാല പ്രസിദ്ധമാണ്.
കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിന് തുടക്കമാവുന്നത്. പൂരം നാളും പൗര്‍ണമിയും ഒത്തുവരുന്ന ദിവസമാണ് പൊങ്കാല നടക്കുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ. കണ്ണകി, അന്നപൂര്‍ണേശ്വരി തുടങ്ങിയ ഭാവങ്ങളിലും ആദിപരാശക്തിയെ സങ്കല്‍പ്പിക്കുന്നു. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് വരെ നിരവധി സ്ത്രീകള്‍ എത്തും. ഈ ദിവസം തിരുവനന്തപുരം നഗരം പൊങ്കാല അര്‍പ്പിക്കാനും ഭഗവതിയെ തൊഴാനും എത്തുന്ന ഭക്തരാല്‍ നിറയും.
ആറ്റുകാല്‍ ക്ഷേത്രം ഐതീഹ്യം
ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടുത്തെ പരമസാത്വികനായിരുന്ന കാരണവര്‍ ഒരു ദിവസം കിള്ളിയാറ്റില്‍ കുളിക്കവെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. തന്നെ ആറിന് അക്കര എത്തിക്കാമോയെന്ന് ബാലിക കാരണവരോട് ചോദിച്ചു. കാരണവര്‍ ആറ് മുറിച്ചു ബാലികയെ അക്കരെ എത്തിച്ചു. സമീപത്തുള്ള തന്റെ ഭവനത്തിലേക്ക് കാരണവര്‍ ബാലികയെ കൂട്ടിക്കൊണ്ടുപോയി. കാരണവര്‍ ഭക്ഷണം ഒരുക്കുന്നതിനിടെ ബാലിക അപ്രത്യക്ഷമായി.
അന്ന് രാത്രി കാരണവര്‍ ബാലികയെ സ്വപ്നത്തില്‍ ദര്‍ശിച്ചു. ബാലിക ആദിപരാശക്തിയായ പ്രപഞ്ച നാഥയാണെന്നും താന്‍ അടയാളപ്പെടുത്തുന്ന സ്ഥലത്ത് തന്നെ കുടിയിരുത്തണമെന്നും അങ്ങനെ ചെയ്താല്‍ അഭിവൃദ്ധി വന്നുചേരുമെന്നും പരാശക്തി അരുളിചെയ്തു. പിറ്റേ ദിവസം കാവിലെത്തിയ കാരണവര്‍ ദേവി തന്റെ തൃശൂലത്താല്‍ രേഖപ്പെടുത്തിയ അടയാളം കണ്ട സ്ഥത്ത് ക്ഷേത്രം നിര്‍മിച്ചു എന്നാണ് വിശ്വാസം.
ആറ്റുകാല്‍ പൊങ്കാല
തമിഴ്‌നാട്ടിലെ ദേവീക്ഷേത്രങ്ങളിലാണ് സാധാരണയായി പൊങ്കാല പതിവുള്ളത്. 'പൊങ്ങുക' എന്ന തമിഴ് വാക്കില്‍ നിന്നാണ് പൊങ്കാല രൂപപ്പെട്ടു വന്നത് എന്ന് ഭാഷാ ശാസ്ത്രകാരന്‍മാര്‍ പറയുന്നു. ദൈവത്തിന് മുന്നിലെ ആത്മസമര്‍പ്പണമാണ് പൊങ്കാലയെന്ന് ഭക്തകോടികള്‍ വിശ്വസിച്ച് പോരുന്നു.
മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണില്‍ നിന്നും പുറപ്പെട്ട അഗ്‌നിയില്‍ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങള്‍ പൊങ്കാല നല്‍കി എതിരേറ്റു. അതിന്റെ ഓര്‍മ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം.
ആറ്റുകാലിലും പൊങ്കാല ചടങ്ങുകള്‍ പാരമ്പര്യത്തനിമയോടെയാണ് നടത്തിവരുന്നത്. മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങള്‍ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. കോപിഷ്ഠയായ ഭഗവതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് പൊങ്കാല അര്‍പ്പിക്കുന്നതെന്ന വിശ്വാസവും ശക്തമാണ്. പാര്‍വ്വതി ദേവി ഒറ്റക്കാലില്‍ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാല ആഘോഷത്തോടൊപ്പം വിശ്വാസികള്‍ ചേര്‍ത്തു വായിക്കുന്നു. മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗയുടെ തല്‍സ്വരൂപമാണ് ഭക്തര്‍ക്ക് ആറ്റുകാല്‍ ഭഗവതി. കലിയുഗത്തില്‍ ദുഷ്ടനിഗ്രഹത്തിനുള്ള അവതാരമായും ഭഗവതിയെ ഭക്തര്‍ കണ്ടു വണങ്ങുന്നു.
വ്രതം
കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അര്‍പ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക