1.25 ലക്ഷം വരുമാനമുള്ള ജോലി നഷ്ടപ്പെട്ടപ്പോള്‍ സൊമാറ്റോ ഡെലിവറി ബോയ്(zomato delivery boy )ആയ യുവാവിന്റെ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. വാഹനാപകടത്തെ തുടര്‍ന്ന് ഇടതുകാലും കൈയും തളര്‍ന്നുപോയതിനെ തുടര്‍ന്നാണ് യുവാവിന് ജോലി നഷ്ടപ്പെട്ടത്. ജോലിയിലുള്ള അര്‍പ്പണ ബോധവും ഇച്ഛാശക്തിയും ചൂണ്ടിക്കാട്ടി സംരംഭകനായ ശ്രിപാല്‍ ഗാന്ധി പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഉച്ചഭക്ഷണത്തേക്കാള്‍ ഒരു ജീവിതപാഠം കൂടി അദ്ദേഹം നല്‍കിയെന്ന് പറഞ്ഞുകൊണ്ടാണ് ശ്രിപാലിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മെയ് 22-ന് സബ്വേയില്‍നിന്നു ശ്രിപാല്‍ ഉച്ചഭക്ഷണം ഓര്‍ഡര്‍ ചെയ്തു. പനീര്‍ ടിക്കാ സാന്‍ഡ്വിച്ചും ബിന്‍ഗോ ചിപ്സും ഓട്സ് റെയ്സിന്‍ കുക്കീസുമായിരുന്നു ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍, ഭക്ഷണമെത്തിയപ്പോള്‍ ചിപ്സും കുക്കീസും ഇല്ല. കിട്ടിയത് സാന്‍ഡ് വിച്ച് മാത്രം. വിവരം ഡെലിവറി ബോയ്യോട് പറഞ്ഞപ്പോള്‍ അയാള്‍ എന്തു മറുപടി പറയണമെന്നറിയാതെ നിന്നു. പിന്നീട് കടയിലേക്കോ അല്ലെങ്കില്‍ സൊമാറ്റോയിലേക്കോ വിളിച്ച് കാര്യം പറയാമോ എന്ന് വിനീതമായി ചോദിച്ചു.
ശ്രിപാല്‍ കടയിലേക്ക് വിളിച്ച് ഭക്ഷണം കാണാനില്ലെന്ന് അറിയിച്ചപ്പോള്‍ അക്കാര്യം അവര്‍ അംഗീകരിച്ചു. ഡെലിവറി ചെയ്ത ആളെ തിരിച്ചയക്കാനും 20 രൂപ തിരിച്ച് ശ്രിപാലിന് നല്‍കാമെന്നും കടയില്‍നിന്ന് പറഞ്ഞു. സൊമാറ്റോയുടെ ജീവനക്കാരനായതിനാല്‍ അവര്‍ പറയാതെ ഡെലിവറി ബോയ്ക്ക് തിരിച്ച് പോകാന്‍ കഴിയില്ല. എന്നാല്‍ ഡെലിവറി ബോയ് തിരിച്ചുപോയി കാണാതായ ഭക്ഷണങ്ങള്‍ തിരികെ എത്തിച്ചു നല്‍കി. കടക്കാരന്‍ നല്‍കാമെന്ന് പറഞ്ഞ 20 രൂപ നിരസിക്കുകയും ചെയ്തു. ദൈവം തനിക്ക് ധാരാളം തന്നെന്നും മറ്റൊരാള്‍ക്ക് പറ്റിയ തെറ്റിന് താന്‍ എന്തിന് പണം വാങ്ങണമെന്നുമായിരുന്നു ഡെലിവറി ബോയ്യുടെ പക്ഷം.
പിന്നീട് നടത്തിയ സംഭാഷണത്തില്‍ ഡെലിവറി ബോയ് തന്റെ ജീവിതകഥ പങ്കുവെച്ചു. അതുകേട്ട് തനിക്ക് രോമാഞ്ചം വന്നു എന്നെഴുതിക്കൊണ്ടാണ് ശ്രിപാല്‍ പിന്നീട് കുറിപ്പില്‍ അയാളെ കുറിച്ച് വിവരിക്കുന്നത്. ഈ ജോലിക്ക് മുമ്പ് മുംബൈയിലെ ഒരു പ്രശസ്ത കമ്പനിയില്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസറായാണ് അയാള്‍ ജോലി ചെയ്തിരുന്നത്. മാസം 1.25 ലക്ഷം രൂപ ശമ്പളം. ഒരു കാറപകടം ജീവിതം ആകെപ്പാടെ മാറ്റിമറിച്ചു. ശരീരത്തിന്റെ ഇടതുഭാഗം തളര്‍ന്നു. ജോലി നഷ്ടപ്പെട്ടു. ജീവിതത്തില്‍ പ്രതീക്ഷ മങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് സൊമാറ്റോയില്‍ ജോലിക്കായി സമീപിക്കുന്നത്. 'സാര്‍, സൊമാറ്റോ എന്റെ കുടുംബം നിലനിര്‍ത്തി. ഞാന്‍ അംഗപരിമിതനായിരിക്കാം, എന്നാല്‍, എനിക്കൊരു അവസരം കിട്ടി. സൊമാറ്റോയുടെ പേര് കളങ്കപ്പെടുത്താന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല.' അയാള്‍ പറഞ്ഞു. തന്റെ മകള്‍ ദന്ത ചികിത്സാവിഭാഗത്തിന് പഠിക്കുകയാണെന്നും അവളുടെ സ്വപ്നങ്ങള്‍ സഫലമാക്കാനാണ് ഈ ജോലി ചെയ്യുന്നതെന്നും ഡെലിവറി ബോയ് പറഞ്ഞു. സൗഭാഗ്യങ്ങള്‍ നഷ്ടമായ ജീവിതത്തെ പഴി ചാരി സമയം കളയാതെ പ്രത്യാശയോടെ ജീവിക്കുന്ന ഡെലിവറി ബോയ്യെ അഭിനന്ദിച്ചുകൊണ്ടാണ് ശ്രിപാല്‍ കുറിപ്പ് അവസാനിപ്പിച്ചത്. അംഗപരിമിതര്‍ക്ക് ജോലി നല്‍കുന്നതിന് സൊമാറ്റോയ്ക്കും സ്ഥാപകന്‍ ദീപിന്ദര്‍ ഗോയലിനും ശ്രിപാല്‍ നന്ദി പറഞ്ഞു. ഈ ഡെലിവറി ബോയ്യുടെ ജീവിതമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും ശ്രീപാല്‍ കുറിച്ചു. ഡെലിവറി ബോയ്യുടെ ചിത്രവും സൊമാറ്റോയില്‍ താന്‍ ഭക്ഷണം ഓര്‍ഡര്‍ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും ശ്രിപാല്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് പോസ്റ്റിന് പ്രതികരണവുമായി രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
