ആദ്യം ട്രോളിക്കൊന്ന് കൊലവിളിച്ചു! തെറിക്കും കുറവുണ്ടായില്ല! ഇപ്പോഴിതാ പൂച്ചെണ്ട്!

ആദ്യം ട്രോളിക്കൊന്ന് കൊലവിളിച്ചു! തെറിക്കും കുറവുണ്ടായില്ല! ഇപ്പോഴിതാ പൂച്ചെണ്ട്!

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്ക് ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലെത്തിയപ്പോള്‍ കാണികള്‍ ആവേശത്തിലായിരുന്നു. ടെസ്റ്റ് റാങ്കില്‍ ഒന്നും രണ്ടും സ്ഥാനത്തിലുള്ള രണ്ട് ടീമുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കൊരു വിരുന്നാകുമെന്ന കാര്യം സംശയമുണ്ടായിരുന്നില്ല. സംഗതികളൊക്കെ വിചാരിച്ച പോലെയായി. കളിയും കളിക്കു പുറത്തുള്ള കളിയുമൊക്കെയായി ആകെ രസം.

ഓസ്‌ട്രേലിയന്‍ ടീമിനൊരു പ്രശ്‌നമുണ്ടെന്നാണ് എല്ലാവരും പറയുന്നത്. കളിയറിയാമെന്ന അഹങ്കാരമാണവര്‍ക്ക് തുടങ്ങി ആരോപണങ്ങളുടെ നിര നീളും. ശരിയാണ്. ഓസ്‌ട്രേലിയന്‍ ടീം എതിര്‍ടീമുകളോട് കളത്തില്‍ പെരുമാറുന്നതിന് അവരുടേതായിട്ടുള്ള കാര്യങ്ങളുണ്ട്. അവര്‍ ചിലപ്പോള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണിച്ചേക്കില്ല. ബൗളില്‍ സിക്‌സ് അടിച്ചാല്‍ ബാറ്റ്‌സ്മാനെ തെറിവിളിക്കും. വിക്കറ്റ് കീപ്പര്‍ പിന്നില്‍ നിന്നും കളിക്കിടയില്‍ വീട്ടിലെ വിശേഷം വരെ ചോദിക്കും. എന്തിന് റിവ്യൂ വിളിക്കണമെങ്കില്‍ ഡ്രസിംഗ് റൂമില്‍ വരെ ചോദിക്കും.

ഇങ്ങനെയുള്ള ചില കാര്യത്തിലുള്ള കളികളും ഇന്ത്യയ്‌ക്കെതിരേ ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലും നടന്നിരുന്നു. ഇക്കാര്യത്തില്‍ സ്റ്റീവ് സ്മിത്ത് എന്ന ഓസ്‌ട്രേലിയന്‍ നായകനായിരുന്നു മുന്നില്‍. പോണ്ടിംഗും ഗില്‍ക്രിസ്റ്റും ഒക്കെ കാണിച്ചിരുന്ന കുതന്ത്രങ്ങള്‍ സ്മിത്തും ഇന്ത്യയില്‍ പയറ്റി. ആദ്യ ടെസ്റ്റ് മുതല്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പൊങ്കാല നാല് ടെസ്റ്റുകള്‍ പൂര്‍ത്തിയാകുന്നത് വരെ ഉണ്ടായിരുന്നു. സ്മിത്തിനെയൊക്കെ എന്തിന് കൊള്ളാം. ഇവനൊക്കെയാണോ കളിക്കാരന്‍ എന്നൊക്കെ പറഞ്ഞ് തെറിയും തെറിയഭിഷേകവും ഒരുമിച്ച് സ്മിത്തിനെ നേരെ ഇന്ത്യന്‍ കാണികള്‍ എറിഞ്ഞു. (സച്ചിനെ അറിയില്ല എന്ന് പറഞ്ഞതിന് റഷ്യന്‍ ടെന്നീസ് സുന്ദരി ഷറപ്പോവയെ പൊങ്കാലയിട്ട ടീംസാണ്. പറഞ്ഞിട്ടു കാര്യമില്ല).

അങ്ങനെയിരിക്കെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങി. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനാണ് സ്മിത്ത് പാഡണിയുന്നത്. കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന അജിന്‍ക്യ രഹാനെയടക്കമുള്ളവരായിരുന്നു ടീമില്‍. ഇന്ത്യന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഒരേ കുപ്പായത്തില്‍. ആഹ! അതുവരെ പൊങ്കാലിയിട്ടിരുന്നവര്‍ ഒന്നു നിര്‍ത്തി.

അങ്ങനെ മുംബൈ ഇന്ത്യന്‍സുമായുള്ള ആദ്യ കളിയില്‍ പൂനെയ്ക്ക് പുതിയ ക്യാപ്റ്റന്‍ കൂളിനെ കിട്ടിയെന്നാണ് അതുവരെ വാളെടുത്ത ആരാധകര്‍ പറയുന്നത്. അതും സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയെ പോലും പിന്തള്ളിയാണ് ടീമിന്റെ മുതലാളി പൂനെ ക്യാപ്റ്റന്‍ കുപ്പായം സ്മിത്തിന്  കൊടുത്തത്. ധോണി ആരാധകരായിരുന്നു അന്ന് പൊങ്കാലയിട്ടത്. ക്യാപ്റ്റന്റെ ഇന്നിംഗ്‌സിലൂടെ മുംബൈയ്‌ക്കെതിരേ ടീമിനെ വിജയിപ്പിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ സ്മിത്തിന് പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നവരുടെ തിരക്കായി. ഇപ്പോള്‍ സ്മിത്താണ് താരമെന്നാണ് ഇപ്പറഞ്ഞവര്‍ പറയുന്നത്.

അതായത്, അന്നും കളിയില്‍ മികവ് പുലര്‍ത്തിയിരുന്ന ഇന്ത്യക്കാരുടെ ധാര്‍ഷ്ട്യത്തെ സ്വന്തം ധാര്‍ഷ്ട്യം കൊണ്ട് മറകടന്നു എന്ന കാരണത്താല്‍ പൊങ്കാലയിട്ട സ്മിത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെത്തുമ്പോള്‍ രാജ്യസ്‌നേഹിയാകുന്നു. രണ്ടും രണ്ട് ടീമെന്ന് ന്യായം പറയാം. അയാള്‍ കളിക്കുന്നത് ക്രിക്കറ്റിന് മാറ്റമുണ്ടെന്ന് തോന്നുന്നുണ്ടോ. ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ നമ്മളെ ആരും ഒന്നും പറയാനും ചെയ്യാനും പാടില്ല എന്നാണോ! എന്തായാലും സ്റ്റീവ് സ്മിത്തടക്കമുള്ളവരുടെ കളി ജീവിതം പൊങ്കാല നേരിടാന്‍ ഇനിയും ബാക്കി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com