അപ്പോഴും പറഞ്ഞില്ലേ, പോകും പോകും എന്ന്!

അപ്പോഴും പറഞ്ഞില്ലേ, പോകും പോകും എന്ന്!

ബാഴ്‌സലോണ: ബ്രസീലിയന്‍ താരം നെയ്മര്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ വിടുമെന്നത് ഏകദേശം തീരുമാനമായി. ക്ലബ്ബില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ക്ലബ്ബ് മാനേജ്‌മെന്റിനെ അറിയിച്ച നെയ്മറിന് ബാഴ്‌സലോണ അനുമതി നല്‍കി. 222 ദശലക്ഷം യൂറോ (ഏകദേശം 1700 കോടി രൂപ) റിലീസ് ക്ലോസ് നല്‍കി ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മനില്‍ (പിഎസ്ജി) നെയ്മര്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ബാഴ്‌സലോണ ക്ലബ്ബ് വിടാനുള്ള അനുമതി നല്‍കിയത്.

ഇത്രയും തുക നല്‍കാന്‍ പിഎസ്ജി തയാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലബ്ബ് വിടാനുള്ള തീരുമാനമെടുത്തതോടെ കഴിഞ്ഞ ദിവസം ബാഴ്‌സയുടെ പരിശീലനത്തില്‍ നിന്നും നെയ്മര്‍ വിട്ടു നിന്നു. പരിശീലകന്‍ വല്‍വാഡെയുടെ അനുമതിയോടെയാണ് പരിശീനത്തില്‍ നിന്നും വിട്ടുനിന്നതെന്നാണ് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചത്. 

ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെ ബ്രസീലിയന്‍ താരം കുട്ടീഞ്ഞോ, ജര്‍മന്‍ ബുണ്ടസ് ലീഗ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെ, പിഎസ്ജിയുടെ ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ മാര്‍ക്കോ വരാറ്റി, അര്‍ജന്റീനിയന്‍ വിങ്ങര്‍ എയ്ഞ്ചല്‍ ഡിമരിയ എഫ്എ കപ്പ് ചാംപ്യന്‍മാരായ ആഴ്‌സണലിന്റെ ജര്‍മന്‍ താരം മെസൂത് ഓസില്‍ തുടങ്ങിയവരില്‍ ഒരാളെ നെയ്മറിനു പകരക്കാരനായി എത്തിക്കാനാണ് ബാഴ്‌സ കരുതുന്നത്.

2013ലാണ് ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസില്‍ നിന്നും നെയ്മര്‍ കാറ്റലന്‍സിനൊപ്പം ചേരുന്നത്. ബാഴ്‌സയ്ക്കു വേണ്ടി 123 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകള്‍ സ്വന്തം പേരിലാക്കിയ നെയ്മര്‍ ടീമിന്റെ നിര്‍ണായക ഘടകമാണ്. സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണി ആരംഭിച്ചതു മുതല്‍ നെയ്മര്‍ ബാഴ്‌സ വിടുകയാണെന്നുള്ള റൂമറുകളുണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയിരുന്നു അന്ന് മുന്നില്‍. പിന്നീട് ചെല്‍സിയും രംഗത്തുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്നാണ് പിഎസ്ജി റെക്കോര്‍ഡ് തുക ഓഫര്‍ ചെയ്തു രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com