ശാസ്ത്രി 'കളി' തുടങ്ങി; സഹീറിനെ തള്ളി ഭരത് അരുണ്‍ ബോളിങ് കോച്ച്

ശാസ്ത്രി 'കളി' തുടങ്ങി; സഹീറിനെ തള്ളി ഭരത് അരുണ്‍ ബോളിങ് കോച്ച്

ന്യൂഡെല്‍ഹി: ഏറെ വിവാദങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റ രവിശാസ്ത്രി ക്രിക്കറ്റ് ബോര്‍ഡില്‍ തന്റെ 'കളി' തുടങ്ങി. ടീമിന്റെ ബോളിങ് കോച്ചായി മുന്‍ ഇന്ത്യന്‍ താരം ഭരത് അരുണിനെ നിയമിച്ചു പരിശീലക ചുമതലയേറ്റ ശേഷമുള്ള ശാസ്ത്രിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

ബിസിസിഐയില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് രവിശാസ്ത്രി സഹീര്‍ ഖാനെ മാറ്റി ഭരത് അരുണിനെ നിയമിച്ചത്. സഹപരിശീലകനായി സഞ്ജയ് ബംഗാറും, ഫീല്‍ഡിങ് കോച്ചായി ആര്‍ ശ്രീധറും അടുത്ത ലോകകപ്പ് വരെ ഇന്ത്യന്‍ ടീമിനൊപ്പം തുടരും.

ഇന്ത്യന്‍ ടീമിന്റെ ഉപദേശക സമിതിയംഗങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ ചേര്‍ന്ന് രാഹുല്‍ ദ്രാവിഡ്, സഹീര്‍ഖാന്‍ എന്നിവരെ ടീമിന്റെ കണ്‍സള്‍ട്ടന്റുമാരാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, രവിശാസ്ത്രി ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കൊപ്പം ബോളിങ് കോച്ച് ഭരത് അരുണ്‍
ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കൊപ്പം ബോളിങ് കോച്ച് ഭരത് അരുണ്‍

അതേസമയം, രവി ശാസ്ത്രിയും സൗരവ് ഗാംഗുലിയും തമ്മിലുള്ള പോര് പുതിയ നിയമനത്തോടെ മുറുകുമെന്നാണ് സൂചന. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ പിടിമുറുക്കാനുള്ള ഗാംഗുലിയുടെ ശ്രമമായിരുന്നു സഹീറിനെയും ദ്രാവിഡിനെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയെന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ബിസിസിഐ തീരുമാനം കൈകൊണ്ടിട്ടില്ല. ഇതിനു പിന്നില്‍ രവിശാസ്ത്രിയുടെയും വിരാട് കോഹ്ലിയുടെയും സമ്മര്‍ദ്ദമാണെന്നും സൂചനകളുണ്ട്. 

നേരത്തെ ബോളിങ് ഇതിഹാസം സഹീര്‍ ഖാനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബോളിങ് കോച്ചായി പ്രഖ്യാപിച്ച ബിസിസിഐ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. 54 കാരനായ ഭരത് അരുണ്‍ മുമ്പ് ഇന്ത്യയുടെ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയുടെ ബൗളിംഗ് കോച്ചായിരുന്നു അരുണ്‍. ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തോടെ അരുണ്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ രവി ശാസ്ത്രി ഇന്ത്യന്‍ ടീം ഡയറക്ടറായിരുന്ന സമയത്ത് ബൗളിംഗ് കോച്ചായിരുന്നു ഭരത് അരുണ്‍. അരുണിനെ ഇന്ത്യന്‍ ക്യാംപില്‍ എത്തിക്കാന്‍ രവി ശാസ്ത്രിക്ക് നേരത്തെ താല്‍പര്യമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com