പെണ്‍കുട്ടികളേ, പോരാടൂ; ലോര്‍ഡ്‌സില്‍ നിങ്ങളെ കാത്തിരിക്കുന്നത് ചരിത്രമാണ്

പെണ്‍കുട്ടികളേ, പോരാടൂ; ലോര്‍ഡ്‌സില്‍ നിങ്ങളെ കാത്തിരിക്കുന്നത് ചരിത്രമാണ്

ലാശപ്പോരാണ്. ചരിത്രത്തിന്റെ സുവര്‍ണ ഫലകങ്ങളില്‍ പേരു ചേര്‍ക്കാന്‍ വേണ്ടത് ഒരു ജയം മാത്രം. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ മിതാലി രാജ് എന്ന ഇന്ത്യന്‍ പെണ്ണൊരുത്തി കപ്പുയര്‍ത്തുന്നത് കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. 33 വര്‍ഷം മുമ്പ് സാക്ഷാല്‍ കപില്‍ ദേവ് ഇന്ത്യന്‍ പടയെ കപ്പിലേക്കു കൈപ്പിടിച്ചുയര്‍ത്തിയതിന്റെ ഓര്‍മകള്‍ ഇരമ്പന്ന അതേ ലോര്‍ഡ്‌സ് മൈതാനിയില്‍.

2005 ഫൈനലില്‍ ചരിത്രത്തിന്റെ വാതിലില്‍ നിന്നു പുറത്താക്കപ്പെടുമ്പോഴുള്ള വേദനകള്‍ക്ക് നാളെ കപ്പില്‍ മുത്തമിട്ടു പ്രതികാരം തീര്‍ക്കണം. ജെന്റില്‍മാന്‍സ് ഗെയിം എന്നത് മാറ്റി ജെന്റില്‍വുമണ്‍സ് ഗെയിം എന്നതു കൂടി ചേര്‍ക്കണം. ഇഷ്ടപ്പെട്ട പുരുഷ താരം ആരെന്നുള്ള ചോദ്യത്തിനു മറുപടി നല്‍കിയല്ലോ, അതേ, ഊര്‍ജ്ജവും വേണം.

ആണ്‍പടയ്ക്കു സാധിക്കുന്നത് പെണ്‍പടയ്ക്കു സാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം വേണം നാളെ. കളിമികവില്‍ നിങ്ങള്‍ പെണ്‍കുട്ടികള്‍ മറ്റുള്ളവരെ തറപറ്റിക്കുമെന്നറിയാം. മിഥാലിയെന്ന മിടുക്കിയാണ് ക്യാപ്റ്റനെന്ന വിശ്വാസമുണ്ട്. ഒപ്പം, മന്ദാനയും, കൗറുമടങ്ങുന്ന വീരശൂര ബാറ്റിംഗ് പരാക്രമികളുണ്ട്. അതുമറിയാം.

ക്രിക്കറ്റ് കണ്ടുപിടിച്ചെന്ന ധാര്‍ഷ്ട്യവും സ്വന്തം മൈതാനമെന്ന അഹന്തയും ഇംഗ്ലണ്ടിനുണ്ടാകാം. പ്രത്യേകിച്ചു ലോര്‍ഡ്‌സില്‍. അതു തകര്‍ക്കണം നമുക്ക്. അവരെ അവരുടെ മാളത്തില്‍ പോയി ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നതില്‍ സന്തോഷം നമുക്ക് മറ്റെന്താണ് സുഹൃത്തുക്കളേ. നിങ്ങള്‍ ഒരുങ്ങിക്കോളൂ, നാളെ ആ കിരീടം നമുക്കുള്ളതാണ്. ജുലന്‍ ഗോസ്വാമിയോട് ശരങ്ങള്‍ മൂര്‍ച്ചകൂട്ടാന്‍ പറയുക. സമയം, കഴിയാറായി. ബിഷ്തും രാജേശ്വരിയുമെല്ലാമുണ്ടല്ലോ. ഒന്നും വേണ്ട, ഗ്രൂപ്പ് ഘട്ടത്തില്‍ നമ്മള്‍ അവരെ തകര്‍ത്തതാണല്ലോ. ഈ ഒരു ആത്മവിശ്വാസം. അതുമതി.

ഈ കപ്പുകൊണ്ടു നമുക്കു പലതും പറയാനുണ്ട്. ഇവിടെ, ഇന്ത്യയില്‍മാത്രമായി എത്രയോ പെണ്‍കുട്ടികള്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നറിയാമോ. ഒരു വിജയം. അതവര്‍ക്കു പക്ഷെ ജീവിതത്തിനോടു തന്നെ വലിയ ആത്മവിശ്വാസം നല്‍കുന്നതാകും. ക്രിക്കറ്റ് ലോകകപ്പില്‍ എന്തെങ്കിലും ഒരു സന്ദേശം നല്‍കാനുണ്ടോ എന്ന് ഒരു പക്ഷെ മിഥാലി, നിന്നോട് അവര്‍ ചോദിക്കും. അപ്പോള്‍ പറയണം. തീര്‍ച്ചയായുമുണ്ടെന്ന്. ഇത് പുരുഷന്മാരുടെ കളിമാത്രമല്ല. ഞങ്ങളുടെയും കൂടിയാണ്. പെണ്ണല്ലേ, അവര്‍ക്കതിനൊക്കെ പറ്റുമോ എന്ന ചോദ്യത്തിന് വീണ്ടും പറയുന്നു കപ്പില്‍ മുത്തമിടുന്ന ഒരു സെല്‍ഫി മറുപടിയായി കൊടുക്കണം നമുക്ക്. 

അതുകൊണ്ട്, പോരാടുക, ചരിത്രത്തിലേക്ക്. ആ കപ്പ് നമുക്കുള്ളതാണ്. ആ ചരിത്രവും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com