അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ തന്നെ ഒഴിവാക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് പിയു ചിത്ര

അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ തന്നെ ഒഴിവാക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് പിയു ചിത്ര

കൊച്ചി: അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ തന്നെ ഒഴിവാക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് പിയു ചിത്ര.  ലണ്ടന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ചിത്രയെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ നിലപാടിലാണ് ചിത്രയുടെ പ്രതികരണം. 

ഹൈക്കോടതി വിധി വന്നപ്പോള്‍ ഒരു മെഡല്‍ നേടിയ സന്തോഷമായിരുന്നു. പിന്നീട്, പങ്കെടുപ്പിക്കില്ലെന്ന് അത്‌ലറ്റിക്ക് ഫെഡറേഷന്‍ തീരുമാനത്തില്‍ സങ്കടമുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എന്നറിയില്ല. ഹൈക്കോടതി നിര്‍ദേശം വന്നപ്പോള്‍ ലണ്ടനില്‍ പോയി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാമെന്നായിരുന്നു കരുതിയിരുന്നത്. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ടീമിലേക്ക് എന്‍ട്രന്റ് തിയതി കഴിഞ്ഞിരുന്നെങ്കിലും ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചിത്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചിത്രയ്‌ക്കെതിരേ ഫെഡറേഷന്‍ ഗൂഢാലോചന നടത്തുകയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കഴിഞ്ഞ മാസം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആദ്യം ചിത്രയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട്, കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ക്ലറിക്കല്‍ പ്രശ്‌നം കൊണ്ടാണ് ചിത്രയുടെ പേര് ലിസ്റ്റിലില്ലാത്തത് എന്നു പറഞ്ഞ് അത്‌ലറ്റിക്ക് ഫെഡറേഷന്‍ തലയൂരുകയായിരുന്നു. ആദ്യ ലിസ്റ്റില്‍ ചിത്രയുടെ പേരിനു പകരം യോഗ്യതയില്‍ രണ്ടാം സ്ഥാനത്തെത്തിയ താരത്തിന്റെ പേരായിരുന്നു ചേര്‍ത്തിരുന്നത്.

പിന്നീട് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുള്ള ക്യാംപില്‍ എത്തിയപ്പോള്‍ പരീക്ഷയ്ക്കു അവധി ചോദിച്ചെങ്കിലും നല്‍കിയില്ല. പരീക്ഷയ്ക്കു പോയി മടങ്ങി ഇങ്ങോട്ട് വരേണ്ടെന്ന നിലപാടായിരുന്നു ഫെഡറേഷന്‍ സ്വീകരിച്ചത്. പിന്നീട്, ദീര്‍ഘപരിശ്രമത്തിനു ശേഷം അനുമതി വാങ്ങി പരീക്ഷ എഴുതി മടങ്ങി വന്നപ്പോള്‍ പറ്റില്ലെന്നാണ് ക്യാംപില്‍ നിന്നും പറഞ്ഞത്. 

അതേസമയം, മതിയായ യോഗ്യതയുണ്ടായിട്ടും സ്ഥാപത താല്‍പ്പര്യങ്ങളുടെ പുറത്ത് ചിത്രയെ ഒഴിവാക്കിയത്  അപമാനകരമായ സംഗതിയെന്ന് കായികമന്ത്രി എസി മൊയ്തീന്‍. സംസ്ഥാന സര്‍ക്കാരും കായിക കേരളവും ഈ വഷയത്തില്‍ ചിത്രയ്‌ക്കൊപ്പമുണ്ടാകും. നീതി തേടി ഏതെറ്റം വരെയും പോകും. ശക്തമായ നിയമനടപടി സ്വീകരിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com