ഐഎസ്എല്‍ പുതിയ ടീമുകളെ പ്രഖ്യാപിച്ചു; കേരളത്തിന് നിരാശ; ടാറ്റയും ബെംഗളൂരും ഇടം നേടി

ഐഎസ്എല്‍ പുതിയ ടീമുകളെ പ്രഖ്യാപിച്ചു; കേരളത്തിന് നിരാശ; ടാറ്റയും ബെംഗളൂരും ഇടം നേടി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തില്‍ നിന്ന് മറ്റൊരു ടീമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ച് പുതിയ രണ്ട് ടീമുകളെ പ്രഖ്യാപിച്ചു. ബെംഗളൂരു എഫ്‌സി, ടാറ്റ ഗ്രൂപ്പ് എന്നിവയാണ് പുതിയതായി തെരഞ്ഞെടുത്ത രണ്ട് ടീമുകള്‍. ഐഎസ്എല്‍ നടത്തിപ്പുകാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തിന് പുതിയ ഐഎസ്എല്‍ ടീമുണ്ടാകുമെന്നായിരുന്നു മലയാളി ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പ്രഖ്യാപനം വന്നതോടെ ആരാധകര്‍ നിരാശയിലായി. 

പുതിയ ടീമുകളെ ചേര്‍ത്തതോടെ ഐഎസ്എല്ലിലുള്ള മൊത്തം ടീമുകളുടെ എണ്ണം പത്തായി. മുംബൈ, ഡെല്‍ഹി, മാര്‍ഗോവ, കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത, ഗുവഹാട്ടി, പൂനെ, ബെംഗളൂരു, ടാറ്റ നഗര്‍ എന്നീ ടീമുകള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കും.

കഴിഞ്ഞ മാസം 12 മുതല്‍ 25 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ബിഡ് സമര്‍പ്പിക്കുന്ന ടീമുകളില്‍ നിന്നും ഒന്നുമുതല്‍ മൂന്നു ടീമുകളെ വരെ ഐഎസ്എല്ലില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു സംഘാടകര്‍ പറഞ്ഞിരുന്നത്. അഹ്മാദ്, ബെംഗളൂരു, കട്ടക്ക്, ദുര്‍ഗാപൂര്‍, ഹൈദരാബാദ്, ജംഷഡ്പൂര്‍, കൊല്‍ക്കത്ത, റാഞ്ചി, സില്‍ഗുരി, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. ഐലീഗ് വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ എന്നീ ടീമുകള്‍ ബിഡ്  സമര്‍പ്പിക്കാതിരുന്നതോടെയാണ് രണ്ട് ടീമുകളായി ചുരുങ്ങിയത്.

ഐലീഗിലെ ഏറ്റവും തിളക്കുമുള്ള ടീമായ ബെംഗളൂരു എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് വരുന്നതോടെ ഐ ലീഗിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളുണ്ട്. അതേസമയം, ഈ രണ്ട് ലീഗുകളും സമാന്തരമായി നടത്തി തത്സമയം ടെലികാസ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

ഫുട്‌ബോള്‍ രംഗത്ത് ഇതിനോടകം തന്നെ കാല്‍പ്പാടു പതിപ്പിച്ച ടാറ്റ ഐഎസ്എല്ലിലേക്ക് വരുന്നത് ലീഗിന് കൂടുതല്‍ നേട്ടമാകും. അണ്ടര്‍ 17 ലോകക്കപ്പിന് ശേഷമാണ് ഇത്തവണ ഐഎസ്എല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com