ഷോണ്‍ മാര്‍ഷിന് സെഞ്ചുറി; ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്‌

ഓപ്പണര്‍മാര്‍ തുടക്കത്തിലെ മടങ്ങിയെങ്കിലും ഓസീസ് മധ്യനിരയില്‍ മൂന്ന് പാര്‍ട്ണര്‍ഷിപ്പുകളാണ് 50 പിന്നിട്ടത്
ഷോണ്‍ മാര്‍ഷിന് സെഞ്ചുറി; ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്‌

അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഷോണ്‍ മാര്‍ഷിന് സെഞ്ചുറി. 108 ബോളില്‍ നിന്നും പത്ത് ഫോറിന്റെ അകമ്പടിയോടെയാണ് ഷോണ്‍ മാര്‍ഷ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മാര്‍ഷിന്റെ ഏഴാം ഏകദിന സെഞ്ചുറിയാണ് ഇത്. 

മൂന്ന് ട്വിന്റി20ക്കും നാല് ടെസ്റ്റിനും ഒരു ഏകദിനത്തിനും ശേഷമാണ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ചുറിയടിക്കുന്നത്. ക്രീസിലേക്ക് എത്തിയത് മുതല്‍ പതര്‍ച്ചയില്ലാതെ ബാറ്റേന്തി മാര്‍ഷ്, ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതിലെ മികവിന്റെ കൂടി ബലത്തിലാണ് ഓസീസ് ഇന്നിങ്‌സിനെ മുന്നോട്ടു കൊണ്ടുപോയത്. ഓപ്പണര്‍മാര്‍ തുടക്കത്തിലെ മടങ്ങിയെങ്കിലും ഓസീസ് മധ്യനിരയില്‍ മൂന്ന് പാര്‍ട്ണര്‍ഷിപ്പുകളാണ് 50 പിന്നിട്ടത്. ഉസ്മാന്‍ ഖവാജയും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് 56 റണ്‍സ് കൂട്ടുകെട്ടും, ഷോണ്‍ മാര്‍ഷും ഹാന്‍ഡ്‌സ്‌കോമ്പും ചേര്‍ന്ന് 52 റണ്‍സ് കൂട്ടുകെട്ടും, ഷോണ്‍ മാര്‍ഷും സ്‌റ്റോയ്‌നിസും ചേര്‍ന്ന് 55 റണ്‍സ് പാര്‍ട്ണര്‍ഷിപ്പും തീര്‍ത്തു. 

മാര്‍ഷ് ഒരറ്റത്ത് ഉറച്ചു നിന്നുവെങ്കിലും മറ്റ് താരങ്ങള്‍ 50 റണ്‍സ് കൂട്ടുകെട്ട് എന്ന സംഖ്യ പിന്നിട്ടതിന് തൊട്ടുപിന്നാലെ വിക്കറ്റ് നല്‍കി മടങ്ങി. കളിയുടെ തുടക്കത്തില്‍ തന്നെ ഓസീസ് ഓപ്പണര്‍മാരെ ഇന്ത്യന്‍ പേസര്‍മാര്‍ മടക്കിയിരുന്നു. ആറാം ഓവറില്‍ തന്നെ ആരോണ്‍ ഫിഞ്ചിന്റെ കുറ്റി മനോഹരമായി ഭുവി തെറിപ്പിച്ചപ്പോള്‍, കെയ്‌റേയെ മുഹമ്മദ് ഷമി ധവാന്റെ കൈകളിലേക്ക് എത്തിച്ചു. ഉസ്മാന്‍ ഖവാജയെ ജഡേജ റണ്‍ഔട്ടാക്കി.ക്വിക്ക് സിംഗിളിന് ശ്രമിച്ച ഖവാജയെ ഡയറക്ട് ഹിറ്റില്‍ ജഡേജ മടക്കുകയായിരുന്നു.

ധോനിയുടെ കിടിലന്‍ സ്റ്റംപിങ്ങില്‍ ഹാന്‍ഡ്‌സ്‌കോമ്പും മടങ്ങി. തുടര്‍ച്ചയായി ബൗണ്ടറി വഴങ്ങിയതിന് ശേഷമായിരുന്നു സ്റ്റൊയ്‌നിസിന്റെ വിക്കറ്റ് ഷമി എടുത്തത്. ഷമിയുടെ ഔട്ട്‌സൈഡ് ഓഫ് ഡെലിവറി സ്റ്റൊയ്‌നിസ് പുള്‍ ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും ബാറ്റില്‍ എഡ്ജ് ചെയ്ത് പന്ത് ധോനിയുടെ കൈകളിലേക്കെത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com