സെഞ്ചുറിക്കരികെ ഫിഞ്ചിനെ മടക്കി ഇന്ത്യ; മാക്‌സ്വെല്ലിനെ മൂന്നാമനാക്കി തകര്‍പ്പനടി ലക്ഷ്യം വെച്ച് ഓസീസ്‌

മോശമല്ലാത്ത രീതിയില്‍ ഇന്ത്യ പന്തെറിഞ്ഞിട്ടും ഖവാജയും ഫിഞ്ചും റണ്‍സ് യഥേഷ്ടം കണ്ടെത്തിക്കൊണ്ടിരുന്നു
സെഞ്ചുറിക്കരികെ ഫിഞ്ചിനെ മടക്കി ഇന്ത്യ; മാക്‌സ്വെല്ലിനെ മൂന്നാമനാക്കി തകര്‍പ്പനടി ലക്ഷ്യം വെച്ച് ഓസീസ്‌


ഫിഞ്ചിനെ മടക്കി ഓസ്‌ട്രേലിയയുടെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്ത് കുല്‍ദീപ്. 31.5ാം ഓവറില്‍ 93 റണ്‍സ് എടുത്ത് നിന്ന ഫിഞ്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് കുല്‍ദീപ് ഇന്ത്യയ്ക്ക് ബ്രേക്ക് നല്‍കിയത്. 

ഏറെ നാള്‍ക്ക് ശേഷം ഫോമിലേക്കുയര്‍ന്ന ഫിഞ്ചിന് ആ ഫോം സെഞ്ചുറിയിലേക്ക് എത്തിക്കുവാനായില്ല. 99 പന്തില്‍ നിന്നും 10 ഫോറും മൂന്ന് സിക്‌സും പറത്തിയായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്. തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒരു അവസരവും നല്‍കാതെയായിരുന്നു ഓസീസ് ഓപ്പണര്‍മാരുടെ കളി. 

മോശമല്ലാത്ത രീതിയില്‍ ഇന്ത്യ പന്തെറിഞ്ഞിട്ടും ഖവാജയും ഫിഞ്ചും റണ്‍സ് യഥേഷ്ടം കണ്ടെത്തിക്കൊണ്ടിരുന്നു. ഫീല്‍ഡിങ്ങിലെ ഇന്ത്യയുടെ പോരായ്മയും ആതിഥേയരെ പിന്നോട്ടു വലിച്ചു. ബൗളര്‍മാരിലേക്ക് വരുമ്പോള്‍ തന്റെ ആദ്യ രണ്ട് ഓവറില്‍ 32 റണ്‍സ് വഴങ്ങിയ കേദാര്‍ ജാദവാണ് ഏറ്റവും കൂടുതല്‍ തല്ലുവാങ്ങിയത്. 

കുല്‍ദീപിന്റെ ഏഴ് ഓവറില്‍ അവര്‍ അടിച്ചെടുത്തത് 46 റണ്‍സ്. മുഹമ്മദ് ഷമിയാണ് ബൗളര്‍മാരില്‍ ഭേദപ്പെട്ട കളി പുറത്തെടുത്തത്. ഷമിയുടെ ആറ് ഓവറില്‍ ഓസീസിന് നേടാനായത് 20 റണ്‍സ് മാത്രം. ഫിഞ്ച് പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയ മാക്‌സ്വെല്ലിനെ ഇറക്കിയതോടെ വേഗത്തില്‍ റണ്‍സ് കണ്ടെത്തുക തന്നെയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യമെന്ന് വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com