പരമ്പര തോല്‍വി തൊട്ടരികില്‍; ഏഴ് വിക്കറ്റ് നഷ്ടം, വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജ പൊരുതുന്നു

ബോള്‍ട്ട് ഉള്‍പ്പെടെ തങ്ങളുടെ മുന്‍ നിര ബൗളര്‍മാര്‍ ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ ബാറ്റിങ് നിരയെ കിവീസ് വിറപ്പിച്ചു
auck
auck

ഓക് ലന്‍ഡ്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തോല്‍വിയിലേക്ക്. 273 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ36 ഓവര്‍ പിന്നിടുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ്. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ അഗര്‍വാളിനെ മടക്കി തുടങ്ങിയത് മുതല്‍ കിവീസ് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുന്നു. 52 റണ്‍സ് എടുത്ത് പൊരുതി നിന്ന ശ്രേയസ് അയ്യര്‍ കൂടി മടങ്ങിയതോടെ ഒക് ലാന്‍ഡില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ മങ്ങി. 

ബോള്‍ട്ട് ഉള്‍പ്പെടെ തങ്ങളുടെ മുന്‍ നിര ബൗളര്‍മാര്‍ ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ ബാറ്റിങ് നിരയെ കിവീസ് വിറപ്പിച്ചു. തന്റെ ആദ്യ ഏകദിനം കളിക്കാനിറങ്ങിയ ജാമിസണ്‍ പോലും മികച്ച കളിയാണ് ഓക് ലന്‍ഡില്‍ പുറത്തെടുത്തത്. 

ആറ് ബൗണ്ടറികളുമായി പൃഥ്വി ഷാ 24 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ കോഹ് ലി 15 റണ്‍സും, രാഹുല്‍ നാല് റണ്‍സും, കേദാര്‍ ജാദവ് 9 റണ്‍സുമെടുത്ത് മടങ്ങി. ഏകദിന കരിയറിലെ തന്റെ ഏഴാമത്തെ അര്‍ധശതകമാണ് ശ്രേയസ് പിന്നിട്ടത്. വാലറ്റത്ത് രവീന്ദ്ര ജഡേജ ശര്‍ദുല്‍ താക്കൂറിനേയും, നവ്ദീവ് സെയ്‌നിയേയും കൂട്ടുപിടിച്ച് പൊരുതുന്നുണ്ടെങ്കിലും ഇന്ത്യയുടെ ജയ സാധ്യതകള്‍ വിരളമാണ്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന കിവീസിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. എന്നാല്‍ തുടരെ വിക്കറ്റ് വീണ ബാറ്റിങ് തകര്‍ച്ച മുന്‍പില്‍ കണ്ട ഘട്ടത്തില്‍ ഒരിക്കല്‍ കൂടി ടെയ്‌ലര്‍ ആതിഥേയരുടെ രക്ഷകനായി. ടെയ്‌ലര്‍ 74 പന്തില്‍ നിന്ന് 73 റണ്‍സ് നേടി തുടര്‍ച്ചയായ രണ്ടാം കളിയിലും പുറത്താവാതെ നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com