14 ദിവസത്തെ ക്വാറന്റൈന്‍ തിരിച്ചടിയായി, വേണ്ട ബാറ്റിങ് സമയം ലഭിച്ചില്ലെന്ന് ധോനി 

217 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു എങ്കിലും സാം കറാനും, കേദാര്‍ ജാദവിനും ശേഷമാണ് ധോനി ക്രീസിലേക്ക് എത്തിയത്
14 ദിവസത്തെ ക്വാറന്റൈന്‍ തിരിച്ചടിയായി, വേണ്ട ബാറ്റിങ് സമയം ലഭിച്ചില്ലെന്ന് ധോനി 


ഷാര്‍ജ: 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വന്നത് തിരിച്ചടിയായതായി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോനി. യുഎഇയില്‍ എത്തിയതിന് ശേഷം ആറ് ദിവസമാണ് ക്വാറന്റൈനില്‍ കഴിയേണ്ടിയിരുന്നത്. എന്നാല്‍, ചെന്നൈ ക്യാംപില്‍ രണ്ട് കളിക്കാരുള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ് പോസിറ്റീവായതോടെ ഒരാഴ്ച കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്വാറന്റൈനില്‍ കഴിയേണ്ടി വന്നു. 

ഇത് തയ്യാറെടുപ്പുകളെ ബാധിച്ചതായാണ് രാജസ്ഥാനെതിരായ തോല്‍വിക്ക് ശേഷം ധോനി പറഞ്ഞത്. 217 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു എങ്കിലും സാം കറാനും, കേദാര്‍ ജാദവിനും ശേഷമാണ് ധോനി ക്രീസിലേക്ക് എത്തിയത്. രാജസ്ഥാനെതിരെ ഏഴാമനായാണ് ധോനി ക്രീസിലേക്ക് ഇറങ്ങിയതിനെ കുറിച്ച് ചോദ്യം വന്നപ്പോള്‍ ദീര്‍ഘ നേരം താന്‍ ബാറ്റ് ചെയ്തിട്ടില്ലെന്നതിലേക്കാണ് ധോനി വിരല്‍ ചൂണ്ടിയത്. 

217 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുമ്പോള്‍ നല്ല തുടക്കം ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. സ്മിത്തും സഞ്ജുവും നന്നായി ബാറ്റ് ചെയ്തു. അവരുടെ ബൗളര്‍മാര്‍ക്കും നമ്മള്‍ ക്രഡിറ്റ് നല്‍കണം. ഞങ്ങളുടെ സ്പിന്നര്‍മാര്‍ക്ക് പിഴവ് പറ്റി. അവരെ 200നുള്ളില്‍ ഒതുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് അതൊരു നല്ല മത്സരമായേനെ എന്നും ധോനി പറഞ്ഞു. 

സഞ്ജു അടിക്കുന്നതെല്ലാം സിക്‌സ് പോവുന്നത് പോലെയാണ് തോന്നിയത് എന്നാണ് സ്റ്റീവ് സ്മിത്ത് മത്സര ശേഷം പ്രതികരിച്ചത്. സഞ്ജുവിന് സ്‌ട്രൈക്ക് കൊടുക്കുക എന്നത് മാത്രമാണ് എനിക്ക് അവിടെ ചെയ്യേണ്ടിയിരുന്നത്. അവസാന ഓവറുകളിലെ ആര്‍ച്ചറുടെ ബാറ്റിങ് കളിയുടെ ഗതി തിരിച്ചതായും സ്മിത്ത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com