'എല്ലാ നല്ലതിനും ഒരവസാനമുണ്ട്‌'; താര ലേലത്തിലൂടെയും തിരിച്ചെത്തില്ലെന്ന സൂചനയുമായി ഹര്‍ദിക് പാണ്ഡ്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2021 12:40 PM  |  

Last Updated: 03rd December 2021 12:51 PM  |   A+A-   |  

hardik_pandya_ipl

ഹര്‍ദിക് പാണ്ഡ്യ/ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഐപിഎല്‍ മെഗാ താര ലേലത്തിലൂടേയും മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തില്ല എന്ന സൂചനയുമായി ഹര്‍ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സിനോട് ഗുഡ്‌ബൈ പറയുന്ന കുറിപ്പുമായി ഹര്‍ദിക് പാണ്ഡ്യ എത്തി. 

ഇനിയുള്ള എന്റെ ജീവിത കാലം മുഴുവന്‍ ഈ ഓര്‍മകള്‍ ഞാന്‍ മനസില്‍ കൊണ്ട് നടക്കും എന്ന് പറഞ്ഞ് ഹൃദയം തൊടുന്ന വാക്കുകളുമായാണ് ഹര്‍ദിക് പാണ്ഡ്യ എത്തിയത്. ഇവിടെ എനിക്ക് ലഭിച്ച സൗഹൃദങ്ങള്‍, ബന്ധങ്ങള്‍, ആളുകള്‍, ആരാധകര്‍...എല്ലാവരോടുമുള്ള നന്ദി എപ്പോഴും എന്നിലുണ്ടാവും. 

കളിക്കാരനായി മാത്രമല്ല, വ്യക്തി എന്ന നിലയിലും മുംബൈ ഇന്ത്യന്‍സിനൊപ്പം നിന്ന് ഞാന്‍ മെച്ചപ്പെടുകയായിരുന്നു. വലിയ സ്വപ്‌നങ്ങളുള്ള ഒരു ചെറുപ്പകാരനായാണ് ഞാന്‍ ഇവിടെ എത്തിയത്. നമ്മള്‍ ഒരുമിച്ച് ജയിച്ചു, ഒരുമിച്ച് തോറ്റു, ഒരുമിച്ച് പൊരുതി. ഈ ടീമിനൊര്രമുള്ള ഓരോ നിമിഷത്തിനും എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. 

എല്ലാ നല്ലതിനും ഒരു അവസാനമുണ്ടാവും എന്നാണ് പറയുന്നത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് എന്റെ ഹൃദയത്തില്‍ എന്നുമുണ്ടാവും, മകന്‍ അഗസ്ത്യക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു. 2015ലാണ് ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് എത്തുന്നത്. 

ഹര്‍ദിക്കിനൊപ്പം സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയേയും മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്തു. രോഹിത് ശര്‍മ, ബൂമ്ര, സൂര്യകുമാര്‍ യാദവ്, പൊള്ളാര്‍ഡ് എന്നിവരെയാണ് താര ലേലത്തിന് മുന്‍പായി മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്തിയത്.