പ്രതിരോധം തീർത്ത് മായങ്കും സാഹയും; ഒന്നാം ദിനം ഭേദപ്പെട്ട‌ സ്കോറുമായി ഇന്ത്യ

പ്രതിരോധം തീർത്ത് മായങ്കും സാഹയും; ഒന്നാം ദിനം ഭേദപ്പെട്ട‌ സ്കോറുമായി ഇന്ത്യ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഭേദപ്പെട്ട നിലയിൽ ഒന്നാം ദിനം അവസാനിപ്പിച്ച് ഇന്ത്യ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന നിലയിൽ. ഓപ്പണർ മായങ്ക് അ​ഗർവാൾ നേടിയ സെഞ്ച്വറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. താരത്തിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 

കളി അവസാനിക്കുമ്പോൾ 120 റൺസുമായി മായങ്കും 25 റൺസുമായി വൃദ്ധിമാൻ സാഹയുമാണ് ക്രീസിൽ. മായങ്ക് 246 പന്തുകൾ നേരിട്ട് 14 ഫോറുകളും നാല് സിക്‌സുമടക്കമാണ് മായങ്ക് സെഞ്ച്വറി കുറിച്ചത്. സാഹ 53 പന്തുകൾ നേരിട്ട് മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതമാണ് 25 റൺസെടുത്തത്. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് അർധ സെഞ്ച്വറി കൂട്ടുകെട്ടുയർത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും മായങ്ക് അഗർവാളും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 80 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. 71 പന്തുകളിൽ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 44 റൺസെടുത്ത ഗില്ലിനെ പുറത്താക്കി അജാസ് പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.   

പിന്നാലെ ക്രീസിലെത്തിയ ചേതേശ്വർ പൂജാരയ്ക്ക് അഞ്ച് പന്തുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കൗണ്ട് തുറക്കും മുമ്പ് പൂജാരയേയും അജാസ് പട്ടേൽ മടക്കി. തൊട്ടുപിന്നാലെ അതേ ഓവറിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയേയും അജാസ് മടക്കി. നാല് പന്ത് നേരിട്ട കോഹ്‌ലിയെ സംപൂജ്യനാക്കി അജാസ് പട്ടേൽ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. 

ഒന്നാം ടെസ്റ്റിൽ സെഞ്ച്വറിയടക്കം മിന്നും ഫോമിൽ കളിച്ച ശ്രേയസ് അയ്യരാണ് പിന്നീട് ക്രീസിലെത്തിയത്. മാങ്കിനൊപ്പം ചേർന്ന് ശ്രേയസ് മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങിയെങ്കിലും അയ്യരേയും മടക്കി അജാസ് പട്ടേൽ വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. താരം 18 റൺസുമായി മടങ്ങി. ഇന്ത്യക്ക് നഷ്ടമായ നാല് വിക്കറ്റുകളും അ‍ജാസ് പട്ടേലാണ് പോക്കറ്റിലാക്കിയത്.

മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഇഷാന്ത് ശർമ, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരം മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യർ, ജയന്ത് യാദവ് എന്നിവർ കളിക്കും. ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസന് പകരം ഡാരിൽ മിച്ചൽ ടീമിലിടം നേടി. ടോം ലാതമാണ് ടീമിനെ നയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com