ബൗളിങ്ങിലും പിന്നിലല്ല, ആദ്യമായി പന്തെറിഞ്ഞ് ബാബര്‍ അസം, കയ്യടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2021 12:49 PM  |  

Last Updated: 08th December 2021 12:51 PM  |   A+A-   |  

babar_azam_bowling

വീഡിയോ ദൃശ്യം

 

ധാക്ക: ഏകദിന, ടി20 റാങ്കിങ്ങില്‍ ഒന്നാമതാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം. ലോകമെങ്ങും ബാബറിന്റെ ബാറ്റിങ്ങിന് ആരാധകരുണ്ട്. ഇപ്പോള്‍ ഇതാ ബൗളിങ്ങിലും കൈവെക്കുകയാണ് ബാബര്‍. രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യമായി ബാബര്‍ പന്തെറിഞ്ഞു. 

ബംഗ്ലാദേശിന് എതിരായ ടെസ്റ്റിലാണ് ബാബര്‍ തന്റെ ബൗളിങ് ആദ്യമായി പരീക്ഷിച്ചത്. ലോകോത്തര ബൗളര്‍മാരെയെല്ലാം അസ്വസ്ഥപ്പെടുത്തുന്ന പതിവാണ് ബാബറിന്. ആ ബാബര്‍ പന്തെറിയുന്നത് കൗതുകത്തോടെയാണ് ലോകം കണ്ടത്. 

ഓരോവര്‍ മാത്രമാണ് ബാബര്‍ എറിഞ്ഞത്. വഴങ്ങിയത് ഒരു റണ്‍ മാത്രം. ആ ഒരോവറില്‍ സ്ലിപ്പിലേക്ക് പന്ത് എത്തിച്ച് വിക്കറ്റ് നേടാനുള്ള അവസരവും ബാബര്‍ സൃഷ്ടിച്ചെങ്കിലും ചെറിയ വ്യത്യാസത്തില്‍ അകന്നു പോയി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പന്തെറിഞ്ഞ ബാബര്‍ 4 വിക്കറ്റ് നേടിയിട്ടുണ്ട്. 

ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശ്‌

ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 87 റണ്‍സിന് പുറത്തായി. പിന്നാലെ ഫോളോ ഓണ്‍ ചെയ്യുന്ന ആതിഥേയര്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതുകയാണ്.. 

ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന് വേണ്ടി ഫവദ് അലം, മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം, അസ്ഹര്‍ അലി എന്നിവര്‍ അര്‍ധ ശതകം കണ്ടെത്തി. സജിദ് ഖാന്റെ എട്ട് വിക്കറ്റ് നേട്ടമാണ് ബംഗ്ലാദേശിനെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍ത്തത്.