ചാമ്പ്യന്‍സ് ലീഗ്; സാവിയുടെ തുടക്കവും പാളി, ഗ്രൂപ്പ് ഘട്ടം കടക്കാതെ ബാഴ്‌സ പുറത്ത് 

നിര്‍ണായക മത്സരത്തില്‍ ബയേണിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍വി വഴങ്ങിയാണ് ബാഴ്‌സ പുറത്തായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബവാറിയ: ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ കടക്കാതെ ബാഴ്‌സലോണ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ബയേണിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍വി വഴങ്ങിയാണ് ബാഴ്‌സ പുറത്തായത്. 

ഗ്രൂപ്പ് ഘട്ടത്തില്‍ ബെനഫികയോട് സമനിലയില്‍ പിരിഞ്ഞ മത്സര ഫലമാണ് ബാഴ്‌സയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തില്‍ വില്ലനായത്. ബെനഫികയ്ക്ക് എതിരെ ജയം പിടിക്കാനാവാതെ വന്നപ്പോള്‍ ബയേണിന് എതിരായ അവസാന ഗ്രൂപ്പ് മത്സരം ബാഴ്‌സയ്ക്ക് നിര്‍ണായകമായി. സാവിയില്‍ പ്രതീക്ഷ വെച്ച് ആരാധകര്‍ കാത്തിരുന്നു എങ്കിലും നിരാശയായിരുന്നു ഫലം. 

ബാഴ്‌സ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താവുന്നത് 17 വര്‍ഷത്തിന് ശേഷം

ബാഴ്‌സയ്‌ക്കൊപ്പം സെവിയയും ചാമ്പ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. കഴിഞ്ഞ 17 വര്‍ഷം തുടര്‍ച്ചയായി ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കടന്നിരുന്നു. ഒരു പുതുയുഗത്തിന് നമ്മള്‍ തുടക്കമിടുകയാണ്, വട്ടപൂജ്യത്തില്‍ നിന്ന്, ഇവിടെ വെച്ച് എന്നാണ് തോല്‍വിക്ക് ശേഷം സാവി പ്രതികരിച്ചത്. 

ബാഴ്‌സ ഇനി യൂറോപ്പ ലീഗില്‍ കളിക്കും. ബാഴ്‌സയ്ക്ക് എതിരെ 34ാം മിനിറ്റില്‍ മുള്ളറാണ് ഗോള്‍വേട്ട ആരംഭിച്ചത്. 43ാം മിനിറ്റില്‍ ലെറോസ് സാനെയും 62ാം മിനിറ്റില്‍ മുസിയാലയും ഗോള്‍വല കുലുക്കി. ബയേണിനൊപ്പം ബെനഫികയാണ് ഗ്രൂപ്പ് ഇയില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗ് അവസാന 16ലേക്ക് കടന്നിരിക്കുന്നത്. 

മാഞ്ചസ്റ്ററിനെ സമനിലയില്‍ തളച്ച് യങ് ബോയ്‌സ്‌

ചാമ്പ്യന്‍സ് ലീഗിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും സമനില വഴങ്ങി. യങ് ബോയ്‌സ് ആണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എതിരെ സമനില നേടിയത്. 9ാം മിനിറ്റില്‍ തന്നെ ഗ്രീന്‍വുഡിലൂടെ യൂനൈറ്റഡ് ലീഡ് എടുത്തു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ഫാബിയാന്‍ റീദര്‍ യങ് ബോയ്‌സിനായി സമനില ഗോള്‍ നേടി. 

ഗോള്‍മഴയില്‍ ചെല്‍സിയെ കുരുക്കി സെനിത്ത്‌

സെനിതാണ് ചെല്‍സിയെ സമനിലയില്‍ തളച്ചത്. 3-3നാണ് ചെല്‍സിയെ റഷ്യന്‍ ക്ലബ് സമനിലയില്‍ തളച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ ചെല്‍സി ലീഡ് എടുത്തു. തിമോ വെര്‍ണറിലൂടെയായിരുന്നു ആദ്യ ഗോള്‍. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുന്‍പ് സെനിത്ത് രണ്ട് ഗോള്‍ നേടി ചെല്‍സിയെ ഞെട്ടിച്ചു. 

62ാം മിനിറ്റില്‍ ലുകാക്കുവിലൂടെ ഗോള്‍ നേടി ചെല്‍സി 2-2ന് സമനിലയിലെത്തി. 85ാം മിനിറ്റില്‍ വെര്‍ണര്‍ വീണ്ടും വല കുലുക്കിയപ്പോള്‍ ചെല്‍സി ജയത്തിലേക്ക് എത്തുമെന്ന് തോന്നിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി സെനിത്ത് ചെല്‍സിയെ പിടിച്ചുകെട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com