'അപമാനിച്ച് ഇറക്കിവിട്ടു'; കോഹ്‌ലിയെ മാറ്റിയതില്‍ ഗാംഗുലിക്കെതിരെ ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2021 12:45 PM  |  

Last Updated: 09th December 2021 12:45 PM  |   A+A-   |  

rohit_kohli_ganguly

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: വിരാട് കോഹ് ലിയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയ സംഭവത്തില്‍ ബിസിസിഐക്ക് എതിരെ ആരാധകര്‍. കോഹ്‌ലിയെ അപമാനിക്കുകയാണ് ബിസിസിഐ ഇവിടെ ചെയ്തത് എന്നാണ് ആരാധകരുടെ പ്രതികരണം. 

രോഹിത് ശര്‍മയെ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കാന്‍ സെലക്ഷന്‍ കമ്മറ്റി തീരുമാനിച്ചതായാണ് ബിസിസിഐ ട്വീറ്റ് ചെയ്തത്. ക്യാപ്റ്റന്‍സി മാറ്റം ബിസിസിഐ പ്രഖ്യാപിച്ച വിധവും ആരാധകരെ പ്രകോപിപ്പിക്കുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ് ലിയുടെ നേട്ടങ്ങളെ കുറിച്ചൊന്നും പരാമര്‍ശിക്കാതെ പ്രഖ്യാപനം നടത്തി എന്നതാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

2023 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ കോഹ്‌ലി ആഗ്രഹിച്ചു

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഏകദിന ടീമിനെ നയിക്കുക രോഹിത് ശര്‍മയാവും. ക്യാപ്റ്റന്‍സി മാറ്റം കോഹ് ലിയുടെ സമ്മതത്തോടെയല്ലെന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. ടി20 നായക സ്ഥാനം രാജിവയ്ക്കുമ്പോള്‍ 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള താത്പര്യം കോഹ് ലി വ്യക്തമാക്കിയിരുന്നു. 

ഏകദിന ക്യാപ്റ്റന്‍സി രാജി വയ്ക്കാന്‍ 48 മണിക്കൂര്‍ സമയം കോഹ് ലിക്ക് ബിസിസിഐ നല്‍കിയതായാണ് സൂചന. എന്നാല്‍ കോഹ് ലി രാജി പ്രഖ്യാപനം നടത്താതെ വന്നതോടെ 49ാമത്തെ മണിക്കൂറില്‍ ബിസിസിഐ ക്യാപ്റ്റനെ മാറ്റുന്നതായി പ്രഖ്യാപിച്ചു. ടി20 ലോകകപ്പില്‍ ഇന്ത്യ മികവ് കാണിച്ചില്ലെങ്കില്‍ ഏകദിനത്തില്‍ നിന്നും കോഹ് ലിയെ മാറ്റുമെന്ന് ബിസിസിഐ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.