പേസ്‌മേക്കറുമായി ഇറ്റലിയില്‍ കളിക്കാനാവില്ല, ക്രിസ്റ്റ്യന്‍ എറിക്‌സന്‍ ഇന്റര്‍ മിലാന്‍ വിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2021 10:42 AM  |  

Last Updated: 18th December 2021 10:47 AM  |   A+A-   |  

Christian Eriksen's condition is stable

ഫോട്ടോ: ട്വിറ്റർ

 

ടൂറിന്‍: പേസ്‌മേക്കര്‍ ഘടിപ്പിച്ചതിനാല്‍ ഇറ്റലിയില്‍ കളിക്കാനാവില്ലെന്ന് വന്നതോടെ ഇന്റര്‍ മിലാനും ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റിയന്‍ എറിക്‌സനും വേര്‍പിരിഞ്ഞു. എറിക്‌സണിന്റെ കരാര്‍ റദ്ദാക്കുകയാണെന്ന് ഇന്റര്‍ മിലാന്‍ വ്യക്തമാക്കി. 

ഇറ്റലിയിലെ നിയമം അനുസരിച്ച് പേസ്‌മേക്കര്‍ ഘടിപ്പിച്ച് കളിക്കാന്‍ സാധിക്കില്ല. പേസ്‌മേക്കറുമായി കളിക്കുന്നതിന് നിയമതടസം ഇല്ലാത്ത രാജ്യത്തേക്ക് എറിക്‌സന്‍ ചേക്കേറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോ കപ്പ് മത്സരത്തില്‍ ഗ്രൗണ്ടില്‍ ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് വീണതിന് ശേഷം ക്രിസ്റ്റ്യന്‍ എറിക്‌സന്‍ പന്ത് തട്ടിയിട്ടില്ല. 

എറിക്‌സണിന്റെ മിലാനുമായുള്ള കരാര്‍ 2024 വരെ

ടോട്ടനത്തില്‍ നിന്ന് 2020 ജനുവരിയിലാണ് എറിക്‌സന്‍ ഇന്റര്‍ മിലാനിലേക്ക് വരുന്നത്. 2024 വരെയായിരുന്നു ഇന്റര്‍ മിലാനിലെ എറിക്‌സണിന്റെ കരാര്‍. അന്റോണിയോ കോണ്ടെയ്ക്ക് കീഴില്‍ കൂടുതല്‍ മാച്ച് ടൈം എറിക്‌സന് ആദ്യം ഇന്റര്‍ മിലാനില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ 2020-21 സീസണില്‍ ഇന്റര്‍ സീരി എ
കിരീടം ചൂടിയപ്പോള്‍ എറിക്‌സണിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. 

യൂറോ കപ്പിലെ ഫിന്‍ലാന്‍ഡിന് എതിരായ മത്സരത്തിലാണ് ക്രിസ്റ്റ്യന്‍ എറിക്‌സന്‍ കുഴഞ്ഞു വീണത്. മൈതാനത്ത് എത്തിയ മെഡിക്കല്‍ സമയത്തിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് എറിക്‌സനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. എറിക്‌സന് ഗ്രൗണ്ടില്‍ വെച്ച് വൈദ്യസഹായം നല്‍കുമ്പോള്‍ ഡെന്‍മാര്‍ക്ക് താരങ്ങള്‍ ചുറ്റും നിന്ന് മനുഷ്യമതില്‍ തീര്‍ത്തു. എറിക്‌സനെ ഗ്രൗണ്ടില്‍ ചികിത്സിച്ച ഡെന്‍മാര്‍ക്കിന്റെ ഡോക്ടര്‍ക്കും ഫിസിയോയ്ക്കും ടീം ക്യാപ്റ്റനും യുവൈഫ പ്രസിഡന്റിന്റെ അവാര്‍ഡ് ലഭിച്ചു.