പരമ ദയനീയം ഇം​​ഗ്ലണ്ട്; കളി മറന്ന് വീണ്ടും ബാറ്റിങ് നിര; രണ്ടാം ഇന്നിങ്സിൽ 31 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടം

പരമ ദയനീയം ഇം​​ഗ്ലണ്ട്; കളി മറന്ന് വീണ്ടും ബാറ്റിങ് നിര; രണ്ടാം ഇന്നിങ്സിൽ 31 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെൽബൺ: ആഷസ് ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ഇം​ഗ്ലണ്ടിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 31 റൺസെന്ന പരിതാപകരമായ അവസ്ഥയിലാണ്. ഇന്നിങ്സ് ജയത്തോടെ ആഷസ് പരമ്പര നേടാനുള്ള സുവർണാവസരത്തിലേക്കാണ് ഓസ്ട്രേലിയ നിലവിൽ നീങ്ങുന്നത്. 

ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സിൽ 185 റൺസിന് പുറത്താക്കിയ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സിൽ 267 റൺസിൽ പുറത്തായി. ഇതോടെ ഓസ്‌ട്രേലിയക്ക് 82 റൺസ് ലീഡ്. 

82 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇം​ഗ്ലണ്ടിന് ഓസീസ് സ്കോറിനൊപ്പമെത്താൻ ഇനി വേണ്ടത് 51 റൺസ് കൂടിയാണ്. ഇം​ഗ്ലീഷ് പ്രതീക്ഷകളുമായി ക്യാപ്റ്റൻ ജോ റൂട്ടും ബെൻ സ്റ്റോക്സുമാണ് ക്രീസിൽ. റൂട്ട് 12 റൺസും ബെയർസ്റ്റോ രണ്ട് റൺസുമായി എടുത്തത്. 

ഓപ്പണർമാരായ ഹസീബ് ഹമീദ് (7), സാക് ക്രൗളി (5), ഡേവിഡ് മാലൻ (0), ജാക്ക് ലീച് (0) എന്നിവരാണ് ക്ഷണത്തിൽ കൂടാരം കയറിയത്. ഇംഗ്ലണ്ടിന് നഷ്ടമായ നാല് വിക്കറ്റുകൾ മിച്ചൽ സ്റ്റാർക്ക്, സ്‌കോട്ട് ബോളണ്ട് എന്നിവർ രണ്ട് വീതം വിക്കറ്റുകളുമായി പങ്കിട്ടു.

നേരത്തെ ഒന്നാം ഇന്നിങ്സിൽ 76 റൺസെടുത്ത ഓപ്പണർ മാർക്കസ് ഹാരിസാണ് ഓസീസ് ടോപ് സ്‌കോറർ. സഹ ഓപ്പണർ ഡേവിഡ് വാർണർ 38 റൺസുമായി മടങ്ങി. ട്രാവിസ് ഹെഡ്ഡ് (27), മിച്ചൽ സ്റ്റാർക്ക് (പുറത്താകാതെ 24), ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (21) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുള്ളവർ. 

നാല് വിക്കറ്റുകൾ വീഴ്ത്തിയ വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്‌സന്റെ ബൗളിങാണ് ഓസീസിനെ മൂന്നുറ് കടത്താതെ പിടിച്ചു നിൽത്തിയത്. ഓലി റോബിൻസൻ, മാർക് വുഡ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും ബെൻ സ്‌റ്റോക്‌സ്, ജാക് ലീഷ് എന്നിവർ ഓരോ വിക്കറ്റും കൊയ്തു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി ജോ റൂട്ട് അർധ ശതകം നേടിയത് ഒഴിച്ചാൽ മറ്റൊരു താരത്തിനും പിടിച്ചു നിൽക്കാനായില്ല. ഹസീബ് ഹമീദ് പൂജ്യത്തിനും ക്രൗളി 12 റൺസിനും പുറത്തായി. ഡേവിഡ് മാലൻ 14 റൺസ് എടുത്ത് മടങ്ങിയപ്പോൾ ഇംഗ്ലണ്ടിനെ കരകയറ്റാൻ ബെൻ സ്‌റ്റോക്ക്‌സിനും ആയില്ല. 35 റൺസ് എടുത്ത് ബെൻ സ്‌റ്റോക്ക്‌സ് മടങ്ങി. മൂന്ന് റൺസ് എടുത്ത് ബട്‌ലറും കൂടാരം കയറി. ഒലി റോബിൻസൻ 21 റൺസ് കണ്ടെത്തി. 

ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിൻസ്, നതാൻ ലിയോൺ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ സ്വന്തമാക്കി. മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട്, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com