11 മാസങ്ങൾക്ക് മുൻപ് ഗാബ; ഇപ്പോൾ സെഞ്ചൂറിയൻ; ചരിത്ര നേട്ടവുമായി ടീം ഇന്ത്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th December 2021 07:50 PM |
Last Updated: 30th December 2021 07:50 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ കുറിച്ചത് ചരിത്ര നേട്ടം. ഒന്നാം ടെസ്റ്റ് നടന്ന സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട്‌സ് പാർക്ക് മൈതാനത്തെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്.
11 മാസങ്ങൾക്ക് മുൻപ് ഓസ്‌ട്രേലിയയുടെ അഭിമാന മൈതാനമായ ഗാബയിൽ ഇന്ത്യ ചരിത്ര വിജയം നേടിയിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയുടെ സെഞ്ചൂറിയൻ കോട്ടയും ടീം ഇന്ത്യ കീഴടക്കിയിരിക്കുയാണ് ഇപ്പോൾ. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും ശേഷം സെഞ്ചൂറിയനിൽ ഒരു ടെസ്റ്റ് ജയിക്കുന്ന സന്ദർശക ടീമെന്ന നേട്ടവും വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി. സെഞ്ചൂറിയിൽ ഒരു ടെസ്റ്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടം വിരാട് കോകോഹ്‌ലി സ്വന്തമാക്കുകയും ചെയ്തു.
ഒന്നാം ടെസ്റ്റ് 113 റൺസിനാണ് ഇന്ത്യ ജയിച്ചത്. രണ്ടിന്നിങ്സിലും ദക്ഷിണാഫ്രിക്കയുടെ സ്കോർ 200 കടക്കാൻ ഇന്ത്യ അനുവദിച്ചില്ല.
1992 മുതൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന 22 ടെസ്റ്റുകളിൽ ഇന്ത്യയുടെ നാലാമത്തെ മാത്രം വിജയമാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ലീഡ് ചെയ്യുന്നതും ഇത് രണ്ടാം തവണ മാത്രമാണ്. രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ 2006-07 കാലത്ത് പര്യടനം നടത്തിയ ഇന്ത്യൻ ടീമാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. പക്ഷേ അന്ന് പരമ്പര പൂർത്തിയായപ്പോൾ ഇന്ത്യ 1-2ന് തോറ്റു.
ഇംഗ്ലണ്ടാണ് സെഞ്ചൂറിയനിൽ ടെസ്റ്റ് ജയിച്ച ആദ്യ സന്ദർശക ടീം. 2000ലായിരുന്നു ഇത്. പിന്നീട് 2014ൽ ഓസ്‌ട്രേലിയയാണ് ഇവിടെ ടെസ്റ്റ് ജയിക്കുന്നത്. അന്ന് സ്റ്റീവ് സ്മിത്ത്, ഷോൺ മാർഷ്, ഡേവിഡ് വാർണർ എന്നിവർ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ 281 റൺസിനാണ് മൈക്കൽ ക്ലാർക്കിന്റെ സംഘം ജയിച്ചു കയറിയത്.
സെഞ്ചൂറിയനിൽ ഇതുവരെ 28 ടെസ്റ്റുകൾ കളിച്ച ദക്ഷിണാഫ്രിക്ക 21 എണ്ണത്തിലും ജയിച്ചു. തോറ്റത് ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളോട് മാത്രം.