ബൗളിങ് വൈവിധ്യത്തിന് മുന്നില്‍ മുട്ടുകുത്തി ദക്ഷിണാഫ്രിക്ക; ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം

ബൗളിങ് വൈവിധ്യത്തിന് മുന്നില്‍ മുട്ടുകുത്തി ദക്ഷിണാഫ്രിക്ക; ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 305 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബറ്റേന്തിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിപ്പിച്ച് 113 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി സ്പിന്നര്‍ ആര്‍ അശ്വിനാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് തിരശ്ശീല ഇട്ടത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നില്‍.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 327 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 174 റണ്‍സുമാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 197 റണ്‍സില്‍ അവസാനിച്ചു.

ഇന്ത്യക്കായി ജസ്പ്രിത് ബുമ്‌റ, മുഹമ്മദ് ഷമി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, അശ്വിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി ഇന്ത്യന്‍ ജയം അനായാസമാക്കി. 

94ന് നാല് എന്ന നിലയില്‍ അഞ്ചാം ദിനമായ ഇന്ന് ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിന്റെ വിക്കറ്റ് നഷ്ടമായി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതി നിന്ന താരത്തെ ബുമ്റ വിക്കറ്റിന് മുന്നില്‍ കുടക്കുകയായിരുന്നു. 156 പന്തുകള്‍ നേരിട്ട് 77 റണ്‍സുമായാണ് എല്‍ഗാര്‍ മടങ്ങിയത്. 

എയ്ഡന്‍ മാര്‍ക്രം (1), കീഗന്‍ പീറ്റേഴ്സന്‍ (17), റസ്സി വാന്‍ ഡെര്‍ ഡുസന്‍ (11), കേശവ് മഹാരാജ് (8) , ക്വിന്റന്‍ ഡി കോക്ക് (21), വിയാന്‍ മള്‍ഡര്‍ (1), മാര്‍ക്കോ ജെന്‍സന്‍ (13), കഗിസോ റബാഡ (0), ലുംഗി എന്‍ഗിഡി (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 35 റണ്‍സുമായി ടെംബ ബവുമ ഒരറ്റത്ത് അക്ഷോഭ്യനായി നിന്നെങ്കിലും പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല. രണ്ടിന്നിങ്‌സിലും സ്‌കോര്‍ 200 കടത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ കെഎല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും മായങ്ക് അഗര്‍വാള്‍ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്നാം ദിനത്തില്‍ പൂര്‍ണമായും കളി തടസപ്പെട്ടിട്ടും പേസര്‍മാരുടെ മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com