'പാകിസ്ഥാന്‍ കരുത്ത് നേടിയത്‌ കോഹ്‌ലിപ്പടയെ തകര്‍ത്തതോടെ', ഇന്ത്യയുടെ മുറിവില്‍ എരിവ് പുരട്ടി മാലിക്‌

ഇന്ത്യക്ക് എതിരെ ആ മത്സരം കളിച്ചതോടെയാണ് മുന്‍പോട്ട് പോകാനുള്ള കരുത്തും മറ്റ് വേണ്ടതെല്ലാം ഞങ്ങള്‍ക്ക് ലഭിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: ട്വന്റി20 ലോകകപ്പിലെ സെമി പ്രതീക്ഷകള്‍ക്ക് മങ്ങി നില്‍ക്കെ ഇന്ത്യയുടെ മുറിവില്‍ മുളക് പുരട്ടി പാക് താരം ശുഐബ് 
മാലിക്കിന്റെ പ്രതികരണം. ചിരവൈരികളായ ഇന്ത്യയെ തോല്‍പ്പിച്ചതോടെയാണ് പാകിസ്ഥാന്‍ കരുത്തരായത് എന്ന് മാലിക് പറഞ്ഞു.

ഒരു വലിയ ടീമിന് എതിരെ കളിച്ച് ടൂര്‍ണമെന്റ് ആരംഭിക്കുന്നു. ആ കളിയില്‍ നിങ്ങള്‍ ജയിക്കുന്നു. അതോടെ ഡ്രസ്സിങ് റൂമിലെ ഐക്യം, ആത്മവിശ്വാസം എന്നിവയെല്ലാം കൂടും. ഇന്ത്യക്ക് എതിരെ ആ മത്സരം കളിച്ചതോടെയാണ് മുന്‍പോട്ട് പോകാനുള്ള കരുത്തും മറ്റ് വേണ്ടതെല്ലാം ഞങ്ങള്‍ക്ക് ലഭിച്ചത്. ടീം എന്ന നിലയില്‍ ഏറ്റവും മികച്ചത് പുറത്തെടുക്കുകയാണ് ലക്ഷ്യം, മാലിക് പറഞ്ഞു. 

ഞാന്‍ ടീമിനൊപ്പം ചേര്‍ന്നത് മുതല്‍ പാക് ടീമിന്റെ പരിശീലന സെഷന്‍ കാണുന്നു. എങ്ങനെയാണ് സമ്മര്‍ദത്തെ ഈ പാക് ടീം നേരിടുന്നത് എന്ന് കാണുന്നു. അസാധാരണമാംവിധമാണ് അത്. പാകിസ്ഥാന്‍ ഡ്രസ്സിങ് റൂമില്‍ സ്ഥിരത കാണുന്നതാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാവരും പരസ്പരം സഹായിക്കുന്നു. ടീം ഗെയിം ആണ് കളിക്കുന്നത്. അവിടെ സഹതാരങ്ങളുടെ പിന്തുണ വേണം. ടീം മാനേജ്‌മെന്റില്‍ നിന്നും ഒരുപാട് പിന്തുണ വേണം. ഇതെല്ലാം ഇവിടെ കാണാം, മാലിക് പറയുന്നു. 

ബയോ ബബിളിലെ പ്രശ്‌നങ്ങള്‍ അലട്ടുന്നില്ല

ക്രിക്കറ്റിലേക്ക് സ്വയം സമര്‍പ്പിക്കുമ്പോള്‍ അവിടെ ബയോ ബബിളില്‍ കഴിയുന്നതിന്റെ പ്രശ്‌നങ്ങളൊന്നും വിഷയമാവില്ല. ട്വന്റി20 ലോകകപ്പില്‍ ജയം പിടിക്കാന്‍ ഈ പാകിസ്ഥാന്‍ ടീം കഠിനമായ തലങ്ങളില്‍ കൂടിയെല്ലാം കടന്നു പോകാന്‍ തയ്യാറാണ്. ബബിളിലെ ജീവിതം പ്രയാസമാണ്. എന്നാല്‍ ടൂര്‍ണമെന്റില്‍ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ. ടീമിലെ പലരും ബബിളിലെ ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു, മാലിക് പറഞ്ഞു. 

ബയോ ബബിളിലെ ജീവിതത്തിന്റെ ബുദ്ധിമുട്ട് വ്യക്തമാക്കി വിരാട് കോഹ് ലി സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. കസേരയില്‍ തന്നെ കെട്ടിയിട്ടിരിക്കുന്ന ഫോട്ടോ ചൂണ്ടിയാണ് കോഹ് ലി ബബിളിലെ ജീവിതം ഇങ്ങനെയാണെന്ന് പറഞ്ഞത്. 

ഇന്ന് പാകിസ്ഥാന്‍ നമീബിയക്കെതിരെ

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ തുടങ്ങിയത്. ലോകകപ്പിലെ ഇന്ത്യക്ക് മേലുള്ള പാകിസ്ഥാന്റെ ആദ്യ ജയമായിരുന്നു ഇത്. ഇന്ത്യയെ തോല്‍പ്പിച്ചതിന് പിന്നാലെ ന്യൂസിലാന്‍ഡിനേയും പാകിസ്ഥാന്‍ വീഴ്ത്തി. ഇതോടെ ഗ്രൂപ്പ് രണ്ടിലെ രണ്ട് വമ്പന്മാര്‍ക്ക് എതിരേയും ജയിച്ച് പാകിസ്ഥാന്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി. 

സൂപ്പര്‍ 12ലെ മൂന്ന് കളിയും ജയിച്ച പാകിസ്ഥാന് ഒരു ജയം കൂടി നേടിയാല്‍ സെമി ഉറപ്പിക്കാം. നമീബിയയാണ് പാകിസ്ഥാന്റെ മുന്‍പിലേക്ക് ഇനിയെത്തുന്നത്. ഇന്ന് രാത്രി 7.30ന് അബുദാബിയിലാണ് മത്സരം. ഇന്ത്യയെ തോല്‍പ്പിച്ചതോടെ ന്യൂസിലാന്‍ഡും സെമി സാധ്യത സജീവമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com