അബുദാബി: ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് സെമിയിലേക്ക് മുന്നേറി. ഇതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്കും വിരാമമായി. ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമിയിൽ കടക്കുന്ന രണ്ടാമത്തെ ടീമായി ന്യൂസിലൻഡ് മാറി. പാകിസ്ഥാനാണ് ഗ്രൂപ്പിൽ നിന്ന് സെമിയിലെത്തിയ ആദ്യ ടീം. നമീബിയക്കെതിരായ മത്സരം ഇന്ത്യക്ക് ബാക്കിയുണ്ടെങ്കിലും വിജയിച്ചാലും പ്രയോജനമില്ല.
അഫ്ഗാൻ ഉയർത്തിയ 125 റൺസ് വിജയ ലക്ഷ്യം കിവീസ് 18.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 125 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. സ്‌കോർ 26-ൽ നിൽക്കേ 12 പന്തിൽ 17 റൺസുമായി ഡാരിൽ മിച്ചൽ മടങ്ങി.
23 പന്തിൽ നിന്ന് നാല് ഫോറടക്കം 28 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലിനെ ഒൻപതാം ഓവറിൽ റാഷിദ് ഖാൻ മടക്കി. പിന്നാലെ മൂന്നാം വിക്കറ്റിൽ 68 റൺസ് ചേർത്ത കെയ്ൻ വില്യംസൻ - ഡെവോൺ കോൺവെ സഖ്യമാണ് കിവീസിനെ വിജയത്തിലെത്തിച്ചത്. 42 പന്തുകൾ നേരിട്ട വില്യംസൻ 40 റൺസോടെ പുറത്താകാതെ നിന്നു. കോൺവെ 32 പന്തിൽ നിന്ന് 36 റൺസെടുത്തു.
പേസ് ബൗളിങിൽ വിറച്ച്...
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനേ കഴിഞ്ഞുള്ളു.
ന്യൂസിലൻഡ് പേസർമാരുടെ മുൻപിൽ വിറച്ചാണ് അഫ്ഗാൻ ഇന്നിങ്‌സ് തുടങ്ങിയത്. മൂന്നാമത്തെ ഓവറിൽ ആദ്യ വിക്കറ്റ് വീണു. നാല് റൺസ് എടുത്ത ഷഹ്‌സാദിനെ മിൽനെയുടെ ഡെലിവറിയിൽ തകർപ്പൻ ക്യാച്ചോടെ ഡെവോൺ കോൺവേ മടക്കി. ആറാമത്തെ ഓവറിലേക്ക് അഫ്ഗാൻ ഇന്നിങ്‌സ് എത്തിയപ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിലേക്ക് അഫ്ഗാൻ വീണു.
എന്നാൽ തുടക്കത്തിലെ തകർച്ചയിൽ നിന്ന് നജിബുള്ള സദ്രാൻ അഫ്ഗാനെ കരകയറ്റി. 48 പന്തിൽ നിന്ന് 73 റൺസ് ആണ് സദ്രാൻ നേടിയത്. ആറ് ഫോറും മൂന്ന് സിക്‌സും സദ്രാൻ അടിച്ചു. എന്നാൽ സദ്രാന് വേണ്ട പിന്തുണ നൽകാൻ മറ്റൊരു അഫ്ഗാൻ ബാറ്റ്‌സ്മാനും കഴിഞ്ഞില്ല.
ബോൾട്ട് മൂന്ന് വിക്കറ്റും സൗത്തി രണ്ട് വിക്കറ്റും ആദം മിൽനെയും നീഷാമും സോധിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അഫ്ഗാൻ ഇന്നിങ്‌സിൽ മൂന്ന് കളിക്കാർ മാത്രമാണ് രണ്ടക്കം കടന്നത്. ഗുൽബാദിൻ നയിബ് 15 റൺസും മുഹമ്മദ് നബി 14 റൺസും എടുത്ത് മടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates