കിരീടത്തിലേക്ക് എത്താന്‍ ഇനി സഞ്ജയ് ബംഗാറിന്റെ തന്ത്രങ്ങള്‍; പുതിയ പരിശീലകനുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഇത്രയും വലിയൊരു ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനാവാന്‍ കഴിഞ്ഞതിന്റെ അഭിമാനമുണ്ടെന്ന് സഞ്ജയ് ബംഗാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് ബംഗാര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഖ്യ പരിശീലകന്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടറുടെ വരവ് സ്ഥിരീകരിച്ചു. 

മൈക്ക് ഹെസനില്‍ നിന്നാണ് ബംഗാര്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. മൈക്ക് ഹെസന്‍ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ എന്ന ചുമതലയില്‍ തുടരും. നേരത്തെ ബാംഗ്ലൂരിന് ഒപ്പം ബംഗാര്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് ബാംഗ്ലൂരിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റ് ആയിരുന്നു ബംഗാര്‍. 

ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്

ഇത്രയും വലിയൊരു ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനാവാന്‍ കഴിഞ്ഞതിന്റെ അഭിമാനമുണ്ടെന്ന് സഞ്ജയ് ബംഗാര്‍ പറഞ്ഞു. ഐപിഎല്‍ മേഗാ താര ലേലം വരുന്നു, പിന്നാലെ സീസണും ആരംഭിക്കും. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. സപ്പോര്‍ട്ട് സ്റ്റാഫിന്റേയും മാനേജ്‌മെന്റിന്റേയും പിന്തുണയോടെ ആരാധകരിലേക്ക് സന്തോഷം എത്തിക്കാനാവും എന്നാണ് കരുതുന്നത് എന്നും ബംഗാര്‍ പറഞ്ഞു. 

താര ലേലത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനയാന്‍ ആരംഭിച്ചു കഴിഞ്ഞു. ഐപിഎല്‍ കിരീടം എന്ന സ്വപ്‌നത്തിലേക്ക് എത്തുക ലക്ഷ്യമിട്ട് കരുത്തുറ്റ ടീമിനെ തന്നെയാവും രൂപപ്പടുത്തുക എന്നും ബംഗാര്‍ ബാംഗ്ലൂര്‍ ആരാധകരോട് പറയുന്നു. 

14ാം ഐപിഎല്‍ സീസണില്‍ ക്വാളിഫയര്‍ വരെ എത്താന്‍ ബാംഗ്ലൂരിന് കഴിഞ്ഞിരുന്നു. എന്നാല്‍ ക്വാളിഫയറില്‍ കൊല്‍ക്കത്തയ്ക്ക് മുന്‍പില്‍ വീണ് പുറത്തായി. ഈ സീസണോടെ ബാംഗ്ലൂരിന്റെ നായക സ്ഥാനവും ഒഴിയുമെന്ന് കോഹ് ലി പ്രഖ്യാപിച്ചിരുന്നു. അടുത്ത സീസണില്‍ പുതിയ നായകനേയും ബാംഗ്ലൂരിന് ഇനി കണ്ടെത്തേണ്ടതുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com