ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ്; ടീം മാനേജ്‌മെന്റിനോടും സെലക്ഷന്‍ കമ്മറ്റിയോടും ബിസിസിഐ റിപ്പോര്‍ട്ട് തേടിയേക്കും

ട്വന്റി20 ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ ഹര്‍ദിക്കിനെ ബൗളറായി ഉപയോഗിക്കാന്‍ സാധിക്കാതിരുന്നതിന് എതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിന് ശേഷം ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് റിപ്പോര്‍ട്ട് നല്‍കാന്‍ ടീം മാനേജ്‌മെന്റിന് ബിസിസിഐയുടെ നിര്‍ദേശം. ട്വന്റി20 ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ ഹര്‍ദിക്കിനെ ബൗളറായി ഉപയോഗിക്കാന്‍ സാധിക്കാതിരുന്നതിന് എതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 

സെലക്ഷന്‍ കമ്മറ്റിയോടും ടീം മാനേജ്‌മെന്റിനോടും റിപ്പോര്‍ട്ട് തേടുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്ലില്‍ ഒരു പന്ത് പോലും ഹര്‍ദിക് എറിഞ്ഞില്ല. ഫിറ്റ്‌നസ് പ്രശ്‌നമുണ്ടെന്ന് മനസിലായിട്ടും ഹര്‍ദിക്കിനെ എന്തുകൊണ്ട് ടീമില്‍ നിന്ന് മാറ്റിയില്ല എന്ന വിമര്‍ശനമാണ് ശക്തമായത്. 

ഫിറ്റ്‌നസ് ഉണ്ടായിരുന്ന ഹര്‍ദിക്കിന് പിന്നെ എന്തുകൊണ്ട് പന്തെറിയാന്‍ കഴിഞ്ഞില്ല?

ഹര്‍ദിക്കിന് ഫിറ്റ്‌നസ് പ്രശ്‌നമില്ലെന്നും ലോകകപ്പില്‍ പന്തെറിയും എന്നുമാണ് സെലക്ഷന്‍ കമ്മറ്റി നിലപാടെടുത്തത് എന്ന് മുന്‍ സെലക്ഷന്‍ കമ്മറ്റി അംഗം സരന്‍ദീപ് സിങ് പറഞ്ഞു. അങ്ങനെ ഫിറ്റ്‌നസ് ഉണ്ടായിരുന്ന ഹര്‍ദിക്കിന് പിന്നെ എന്തുകൊണ്ട് പന്തെറിയാന്‍ കഴിഞ്ഞില്ലെന്ന് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയാണ് പറയേണ്ടത്. ഹര്‍ദിക്കിന് പന്തെറിയാന്‍ സാധിക്കില്ലെങ്കില്‍ അത് മുന്‍പേ പറയണമായിരുന്നു എന്നാണ് സരന്‍ദീപ് സിങ് പറയുന്നത്. 

ധോനിയുടെ ആവശ്യത്തിന് വഴങ്ങി

പാകിസ്ഥാന് എതിരെ ഹര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞിരുന്നില്ല. ന്യൂസിലാന്‍ഡിന് എതിരേയും അഫ്ഗാനിസ്ഥാന് എതിരേയും രണ്ട് ഓവര്‍ വീതം ഹര്‍ദിക് പന്തെറിഞ്ഞു. നമീബിയക്കും സ്‌കോട്ട്‌ലാന്‍ഡിനും എതിരെ ഹര്‍ദിക് ബൗള്‍ ചെയ്തില്ല. ഹര്‍ദിക്കിനെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ധോനിയുടെ ആവശ്യത്തിന് വഴങ്ങിയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് പ്രശ്‌നം ചൂണ്ടി ഐപിഎല്‍ കഴിഞ്ഞതോടെ താരത്തെ നാട്ടിലേക്ക് തിരിച്ചയക്കാനാണ് സെലക്ഷന്‍ കമ്മറ്റി തീരുമാനിച്ചത് എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഫിനിഷിങ്ങില്‍ ഹര്‍ദിക്കിന്റെ മികവ് ചൂണ്ടി ടീമില്‍ നിലനിര്‍ത്താന്‍ ധോനി ആവശ്യപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com