പാകിസ്ഥാനെ പറപറത്തി മാത്യു വെയ്ഡ്, കലാശപ്പോരില്‍ കിവീസിന് ഓസ്‌ട്രേലിയ എതിരാളി 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ മുന്‍പില്‍ വെച്ച 177 റണ്‍സ് ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് പട മറികടന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: യുഎഇയിലെ പാകിസ്ഥാന്റെ വിജയ കുതിപ്പിന് തടയിട്ട് ഓസ്‌ട്രേലിയ ട്വന്റി20 ലോകകപ്പ് ഫൈനലില്‍. ലോകകപ്പ് നോക്കൗട്ടില്‍ പാകിസ്ഥാനെതിരെ  ഏറ്റുമുട്ടിയ അഞ്ചാം വട്ടവും ഓസ്‌ട്രേലിയ ജയം പിടിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ മുന്‍പില്‍ വെച്ച 177 റണ്‍സ് ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് പട മറികടന്നു.

നവംബര്‍ 14ന് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയെ ന്യൂസിലാന്‍ഡ് നേരിടും. 17 പന്തില്‍ നിന്ന് 41 റണ്‍സ് അടിച്ചു കൂട്ടിയ മാത്യു വെയ്ഡിന്റെ വെടിക്കെട്ടാണ് ഓസ്‌ട്രേലിയയെ തുണച്ചത്. 31 പന്തില്‍ നിന്ന് സ്റ്റൊയ്‌നിസ് 40 റണ്‍സ് നേടി. മാത്യു വെയ്ഡ്-സ്റ്റൊയ്‌നിസ് സഖ്യമാണ് പാകിസ്ഥാന്റെ കൈകളില്‍ നിന്ന് കളി തട്ടിയെടുത്തത്. 

നാല് വിക്കറ്റ് വീഴ്ത്തി ശദബ് ഖാന്‍

ഡേവിഡ് വാര്‍ണര്‍ 30 പന്തില്‍ നിന്ന് 49 റണ്‍സ് നേടി പുറത്തായി. മിച്ചല്‍ മാര്‍ഷ് 28 റണ്‍സ് എടുത്തപ്പോള്‍ സ്റ്റീവ് സ്മിത്തിനേയും മാക്‌സ് വെല്ലിനേയും സ്‌കോര്‍ രണ്ടക്കം കടത്താന്‍ അനുവദിക്കാതെ ശദബ് ഖാന്‍ ഡ്രസ്സിങ് റൂമിലേക്ക് മടക്കി. 

നാല് വിക്കറ്റ് വീഴ്ത്തി ശദബ് ഖാന്‍ ഓസ്‌ട്രേലിയയെ കുഴക്കിയെങ്കിലും സ്‌റ്റൊയ്‌നിസ്-വെയ്ഡ് കൂട്ടുകെട്ട് തകര്‍ക്കാന്‍ പാക് ബൗളര്‍മാര്‍ക്ക് കഴിയാതെ വന്നതോടെ പാകിസ്ഥാന്റെ ഫൈനല്‍ സ്വപ്‌നങ്ങള്‍ അസ്തമിച്ചു. മാത്യു വെയ്ഡിന്റെ ക്യാച്ച് ഹസന്‍ അലി നഷ്ടപ്പെടുത്തിയിരുന്നു. ഇവിടെ വെയ്ഡിനെ മടക്കാന്‍ സാധിച്ചിരുന്നു എങ്കില്‍ ഒരുപക്ഷേ മത്സര ഫലം മറ്റൊന്നാവുമായിരുന്നു. 

30 പന്തില്‍ നിന്ന് ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 62 റണ്‍സ് എന്ന നില വന്നിരുന്നു. ആദ്യ സെമിയില്‍ ഇംഗ്ലണ്ടിന് എതിരെ ഡാരില്‍ മിച്ചല്‍ ന്യൂസിലാന്‍ഡിന്റെ ഹീറോ ആയത് പോലെ ഇവിടെ മാത്യു വെയ്ഡ് ഓസീസിന്റെ രക്ഷയ്‌ക്കെത്തി. 

അര്‍ധ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നിവരുടെ ഉജ്ജ്വല ബാറ്റിങാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റിസ്വാന്‍ 52 പന്തുകള്‍ നേരിട്ട് നാല് സിക്‌സും മൂന്ന് ഫോറും സഹിതം വാരിയത് 67 റണ്‍സ്. ഫഖര്‍ സമാന്‍ 32 പന്തുകള്‍ നേരിട്ട് നാല് സിക്‌സും മൂന്ന് ഫോറും സഹിതം 55 റണ്‍സുമായി പുറത്താകാതെ നിന്നു.

ക്യാപ്റ്റന്‍ ബാബര്‍ അസമും മികച്ച ബാറ്റിങ് പുറത്തെടുത്തു. 34 പന്തില്‍ 39 റണ്‍സാണ് ബാബര്‍ എടുത്തത്. ആസിഫ് അലി പൂജ്യത്തിനും ഷൊയ്ബ് മാലിക്ക് ഒരു റണ്ണിനും പുറത്തായി. മുഹമ്മദ് ഹഫീസ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

പാക് സ്‌കോര്‍ 71ല്‍ എത്തിയപ്പോള്‍ ഓസീസിന് ആദ്യ വിക്കറ്റ് ലഭിച്ചത്. സ്പിന്നര്‍ ആദം സാംപയും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഒഴികെയുള്ളവര്‍ തല്ല് വാങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകളും പാറ്റ് കമ്മിന്‍സ്, സാംപ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com