രണ്ട് ദിവസമായി ഐസിയുവില്‍, നെഞ്ചില്‍ അണുബാധ; സെമിയില്‍ തിളങ്ങിയ മുഹമ്മദ് റിസ്വാന് കയ്യടി 

ഐസിയുവില്‍ നിന്നാണ് റിസ്വാന്‍ പാകിസ്ഥാന് വേണ്ടി സെമി ഫൈനല്‍ കളിക്കാന്‍ എത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: മുഹമ്മദ് റിസ്വാനും ശുഐബ് മാലിക്കിനും പനി എന്നായിരുന്നു ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഐസിയുവിലായിരുന്നു പാക് ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍. ഐസിയുവില്‍ നിന്നാണ് റിസ്വാന്‍ പാകിസ്ഥാന് വേണ്ടി സെമി ഫൈനല്‍ കളിക്കാന്‍ എത്തിയത്. 

മുഹമ്മദ് റിസ്വാനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നതായി പാക് ക്രിക്കറ്റ് ബോര്‍ഡും സ്ഥിരീകരിച്ചു. രണ്ട് ദിവസമാണ് മുഹമ്മദ് റിസ്വാന് ഐസിയുവില്‍ കഴിയേണ്ടി വന്നത്. റിസ്വാന് നെഞ്ചില്‍ അണുബാധയാണെന്ന് പാകിസ്ഥാന്‍ ബാറ്റിങ് കണ്‍സള്‍ട്ടന്റെ മാത്യു ഹെയ്ഡനും നേരത്തെ വ്യക്തമാക്കിയിരുന്നു. 

അവനൊരു പോരാളിയാണ്. ലോകകപ്പ് ക്യാംപെയ്‌നില്‍ ഉടനീളം മികച്ചു നിന്നു. നെഞ്ചിലെ അണുബാധ രൂക്ഷമായിരുന്നു. വലിയ ധൈര്യം കാണിച്ചാണ് റിസ്വാന്‍ മുന്‍പോട്ട് പോയത്, മാത്യു ഹെയ്ഡന്‍ പറഞ്ഞു. 

റിസ്വാന്റെ ഐസിയുവിലെ ചിത്രം പങ്കുവെച്ചാണ് പാക് മുന്‍ പേസര്‍ അക്തര്‍ എത്തിയത്. ഈ വ്യക്തിയാണ് തന്റെ രാജ്യത്തിന് വേണ്ടി ഇന്ന് കളിക്കാനിറങ്ങി തന്റെ മികച്ച പ്രകടനം നല്‍കിയത്. കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയിലായിരുന്നു. ഒരുപാട് ബഹുമാനം തോന്നുന്നു, അക്തര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഓസ്‌ട്രേലിയക്കെതിരെ സെമിയില്‍ 52 പന്തില്‍ നിന്ന് റിസ്വാന്‍ 67 റണ്‍സ് നേടി. മൂന്ന് ഫോറും നാല് സിക്‌സുമാണ് റിസ്വാന്റെ ബാറ്റില്‍ നിന്ന് വന്നത്. പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ 18ാം ഓവര്‍ വരെ റിസ്വാന്‍ ക്രീസില്‍ നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com