കന്നി ട്വന്റി 20 ലോകകപ്പ് കിരീടം ഉയർത്തി കങ്കാരുപ്പട; ചരിത്രം കുറിച്ചിട്ടും കിവീസ് തോറ്റു 

മിച്ചൽ മാർഷ്, ഡേവിഡ് വാർണർ എന്നിവരുടെ തകർപ്പൻ ഇന്നിങ്‌സുകളാണ് ഓസീസിന്റെ കിരീട വിജയത്തിൽ നട്ടെല്ലായത്
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

ദുബായ്: കന്നി ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി കങ്കാരുപ്പട. ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടി വെല്ലുവിളിച്ചിട്ടും ന്യൂസീലൻഡിനെ എട്ടു വിക്കറ്റിന് ഓസിസ് പരാജയപ്പെടുത്തി. മിച്ചൽ മാർഷ്, ഡേവിഡ് വാർണർ എന്നിവരുടെ തകർപ്പൻ ഇന്നിങ്‌സുകളാണ് ഓസീസിന്റെ കിരീട വിജയത്തിൽ നട്ടെല്ലായത്. 

മാർഷ് തന്നെയാണ് താരം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഓസീസ് ഏഴു പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയം സ്വന്തമാക്കി. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് കൂട്ടിച്ചേർത്ത 92 റൺസാണ് ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ല്. 50 പന്തിൽ നിന്ന് 4 സിക്‌സും 6 ഫോറുമടക്കം 77 റൺസെടുത്ത മാർഷാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ. മാർഷ് തന്നെയാണ് കളിയിലെ താരവും. വാർണർ 38 പന്തിൽ നിന്ന് മൂന്ന് സിക്‌സും നാലു ഫോറുമടക്കം 53 റൺസെടുത്തു. 

ഏറ്റവും ഉയർന്ന സ്കോർ

2016ലെ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ആറു വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്ത വെസ്റ്റിൻഡീസിന്റെ റെക്കോർഡ് മറികടന്നാണ് കിവീസ് ഓസിസിന് മുന്നിൽ വിജയലക്ഷം ഉയർത്തിയത്. ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ. ക്യാപ്റ്റൻ കെയിൻ വില്യംസൺ ആണ് ടോപ്‌സ്‌കോറർ. 48 പന്തിൽ നിന്ന് വില്യംസൺ 85 റൺസ് നേടി. വില്യംസന്റെ മികവാർന്ന ബാറ്റിങാണ് ന്യൂസിലൻഡിന്റിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഗപ്റ്റിൽ 28 റൺസ് നേടി. മിച്ചൽ 11, ഗ്ലെൻ ഫിലിപ്‌സ് 18,  പുറത്താകാതെ ജെയിംസ് നിഷാം 13, ടിം സെയ്‌ഫെർട്ട് 8 റൺസ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com