'ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ ബിസിസിഐ ക്ഷണിച്ചു' ;വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ ബിസിസിഐ ക്ഷണിച്ചിരുന്നതായി സ്ഥിരീകരിച്ച് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്
റിക്കി പോണ്ടിങ്/ഫയല്‍ ചിത്രം
റിക്കി പോണ്ടിങ്/ഫയല്‍ ചിത്രം

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ ബിസിസിഐ ക്ഷണിച്ചിരുന്നതായി സ്ഥിരീകരിച്ച് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്. മുഖ്യ പരിശീലക സ്ഥാനത്തേക്കായി പോണ്ടിങ്ങിനെ ബിസിസിഐ സമീപിച്ചെന്നും പോണ്ടിങ് വിസമ്മതിക്കുകയായിരുന്നു എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ഈ ജോലി ഏറ്റെടുക്കുമ്പോള്‍ ഒരു വര്‍ഷത്തില്‍ 300 ദിവസവും ഞാന്‍ ഇന്ത്യയിലായിരിക്കണം. അത്രയും സമയം എനിക്ക് നല്‍കാനാവില്ല എന്നത് തന്നെയാണ് വിഷയം. ഐപിഎല്ലിലെ പരിശീലക സ്ഥാനത്തും എനിക്ക് തുടരാനാവില്ല. ചാനല്‍ 7 ആയിട്ടുള്ള കരാറും അവസാനിപ്പിക്കണം..അത് സാധ്യമല്ല, പോണ്ടിങ് പറയുന്നു.

രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്തത് അത്ഭുതപ്പെടുത്തി

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതില്‍ പോണ്ടിങ് അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. ദ്രാവിഡ് ഈ ഉത്തരവാദിത്വം ഏറ്റെടുത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിക്കുന്നതില്‍ സന്തുഷ്ടനായിരുന്നു ദ്രാവിഡ്. ദ്രാവിഡിന്റെ കുടുംബ ജീവിതത്തെ കുറിച്ച് എനിക്ക് അറിയില്ല. എന്നാല്‍ ദ്രാവിഡിന്റെ മക്കള്‍ ചെറുപ്പമാണെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ദ്രാവിഡ് ഈ ഉത്തരവാദിത്വം ഏറ്റെടുത്തത് എന്നെ അത്ഭുതപ്പെടുത്തുന്നത്, പോണ്ടിങ് പറഞ്ഞു. 

ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയേയും ബിസിസിഐ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പോണ്ടിങ്ങും നിരസിച്ചതോടെ രാഹുല്‍ ദ്രാവിഡിലേക്ക് തന്നെ ബിസിസിഐ എത്തി. ആദ്യം രാഹുല്‍ ദ്രാവിഡും സമ്മതം മൂളിയിരുന്നില്ല. എന്നാല്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടേയും സെക്രട്ടറി ജയ് ഷായുടേയും ഇടപെടലോടെ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com