സഹപ്രവര്‍ത്തകയ്ക്ക് നഗ്നചിത്രങ്ങളും, ലൈംഗീക ചുവയുള്ള സന്ദേശങ്ങളും; ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ രാജിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2021 10:10 AM  |  

Last Updated: 19th November 2021 10:12 AM  |   A+A-   |  

tim_paine

ഓസീസ് നായകന്‍ പെയ്ന്‍/ ഫയല്‍ ചിത്രം

 

സിഡ്‌നി: ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ടിം പെയ്ന്‍. ഹൊബാര്‍ട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കുന്നതായി ടിം പെയ്ന്‍ പ്രഖ്യാപിച്ചത്. സഹപ്രവര്‍ത്തകയ്ക്ക് ലൈംഗീക ചുവയുള്ള സന്ദേശങ്ങളും നഗ്നചിത്രങ്ങളും അയച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. 

നായക സ്ഥാനം ഒഴിയുകയാണെങ്കിലും ടീമിന്റെ ഭാഗമായി തുടരും എന്ന് പെയ്ന്‍ വ്യക്തമാക്കി. നാല് വര്‍ഷം മുന്‍പ് സഹപ്രവര്‍ത്തകയ്ക്ക് പെയ്ന്‍ നഗ്നചിത്രങ്ങളും സന്ദേശങ്ങളും അയച്ചത്. സംഭവം ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷിച്ചിരുന്നു. നഗ്നചിത്രങ്ങള്‍ സഹപ്രവര്‍ത്തകയ്ക്ക് അയച്ചത് പെയ്ന്‍ സമ്മതിക്കുകയും ചെയ്യുന്നു. 

സംഭവം നാല് വര്‍ഷം മുന്‍പ് 

നാല് വര്‍ഷം മുന്‍പാണ് സഹപ്രവര്‍ത്തകയ്ക്ക് ഞാന്‍ അങ്ങനെ ഒരു സന്ദേശം അയച്ചത്. ആ സമയം തന്നെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വേണ്ട അന്വേഷണങ്ങള്‍ നടത്തിയിരുന്നു. അന്വേഷണങ്ങളോട് ഞാന്‍ പൂര്‍ണമായും സഹകരിച്ചിരുന്നു. എന്നാല്‍ ടാസ്മാനിയ എച്ച്ആര്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഞാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു, പെയ്ന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നു. 

അന്ന് സംഭവിച്ച് കാര്യങ്ങളില്‍ ഞാന്‍ ഖേദം പ്രകടിപ്പിച്ചതാണ്. എല്ലാം ക്ഷമിച്ച് ഭാര്യയും മറ്റ് കുടുംബാംഗങ്ങളും എനിക്കൊപ്പം നിന്നു. ശേഷം ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ അന്നത്തെ സന്ദേശങ്ങള്‍ പുറത്തായതായി ഈ അടുത്താണ് അറിഞ്ഞത്. 

അന്ന് ഞാന്‍ അയച്ച സന്ദേശങ്ങള്‍ ഒരു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന് ചേര്‍ന്നതല്ല. ഭാര്യക്കും കുടുംബത്തിനും ആ സഹപ്രവര്‍ത്തകയ്ക്കും ഞാന്‍ കാരണം ഉണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദമുണ്ട്. ഓസീസ് ക്രിക്കറ്റ് ടീം അംഗങ്ങളോടും ആരാധകരോടും മാപ്പ് ചോദിക്കുന്നു, പെയ്ന്‍ പറഞ്ഞു.