സ്റ്റീവ് സ്മിത്തോ കമിന്‍സോ? അതോ ലാബുഷെയ്‌നോ? അടുത്ത ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ആര്?

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി നായക സ്ഥാനം നഷ്ടപ്പെട്ട സ്മിത്തിന് ഇത് തിരിച്ചു വരവിനുള്ള അവസരമാകുമോ എന്ന ചോദ്യം ഉയരുന്നു
ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്/ഫയൽ ചിത്രം
ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്/ഫയൽ ചിത്രം

സിഡ്‌നി: മറ്റൊരു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന് കൂടി കണ്ണീരണിഞ്ഞ് നായക സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരിക്കുന്നു. സഹപ്രവര്‍ത്തകയ്ക്ക് നഗ്നദൃശ്യങ്ങളും ലൈംഗീക ചുവയുള്ള സന്ദേശങ്ങളും അയച്ചതിന്റെ പേരിലാണ് ടിം പെയ്ന്‍ ഓസീസ് ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി നായക സ്ഥാനം നഷ്ടപ്പെട്ട സ്മിത്തിന് ഇത് തിരിച്ചു വരവിനുള്ള അവസരമാകുമോ എന്ന ചോദ്യം ഉയരുന്നു. 

പാറ്റ് കമിന്‍സ് ഓസ്‌ട്രേലിയയുടെ അടുത്ത ക്യാപ്റ്റനാവും എന്ന വിലയിരുത്തലുകള്‍ നേരത്തെ മുതല്‍ ശക്തമായിരുന്നു. ഇന്ത്യയോട് ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ പെയ്‌നിന്റെ രാജി ആവശ്യം ഉയരുകയും ചെയ്തു. എന്നാല്‍ ആഷസ് പരമ്പരയ്ക്ക് ശേഷം തീരുമാനം എന്നാണ് പെയ്‌നും ക്രിക്കറ്റ് ഓസ്‌ട്രേലിയയും നിലപാടെടുത്തത്. 

സ്മിത്തിനെ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന ആവശ്യം

എന്നാല്‍ ആഷസ് പരമ്പര തൊട്ടുമുന്‍പില്‍ നില്‍ക്കെയാണ് നാല് വര്‍ഷം മുന്‍പത്തെ സംഭവം വീണ്ടും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലോകത്തെ ഉലച്ചത്. സ്റ്റീവ് സ്മിത്തിനെ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ന്നു കഴിഞ്ഞു. ഡിസംബര്‍ എട്ടിനാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്. അതിന് മുന്‍പ് പുതിയ ക്യാപ്റ്റനെ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് പ്രഖ്യാപിക്കണം. 

കമിന്‍സിന്റെ ജോലിഭാരം കണക്കിലെടുക്കണം

സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരും എന്നാണ് കരുതുന്നത് എന്ന് ഹര്‍ഷ ഭോഗ്‌ലെ പ്രതികരിച്ചു. ക്യാപ്റ്റന്‍ സ്ഥാനം അര്‍ഹിക്കുന്ന കളിക്കാരനാണ് കമിന്‍സ്. എന്നാല്‍ തന്റെ സ്‌പെല്ലില്‍ എല്ലാം നല്‍കി പന്തെറിയുന്ന ഫാസ്റ്റ് ബൗളര്‍. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നു. അങ്ങനെ ഒരാളുടെ ജോലിഭാരവും കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നാണ് ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചത്. 

ലാബുഷെയ്‌നും സാധ്യത

1964ന് ശേഷം ഒരു ഫാസ്റ്റ് ബൗളര്‍ ഓസ്‌ട്രേലിയയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നിട്ടില്ല. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് കമിന്‍സ്. സ്റ്റീവ് സ്മിത്തിനെ കൂടാതെ ഓസീസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ലാബുഷെയ്‌നുമുണ്ട്. ദേശിയ ടീമിലേക്ക് എത്തുന്നതിന് മുന്‍പ് പല ക്യൂന്‍സ് ലാന്‍ഡ് ടീമുകളേയും നയിച്ച അനുഭവ സമ്പത്ത് ലാബുഷെയ്‌നിന് ഉണ്ട്. 

എന്നാല്‍ 27കാരനായ ലാബുഷെയ്‌നിന്റെ കൈകളിലേക്ക് ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കാനുള്ള ധൈര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്കുള്ള പദ്ധതികളാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്‍പില്‍ കാണുന്നത് എങ്കില്‍ അതിനും സാധ്യതയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com