ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രി പീഡിപ്പിച്ചു, വെളിപ്പെടുത്തല്‍ നടത്തിയ ടെന്നീസ് താരത്തെ കാണാതായി

ചൈനീസ് ടെന്നീസ് താരം പെങ് ഷുവായിയെ കണ്ടെത്തണം എന്ന ആവശ്യം ശക്തമാക്കി കായിക ലോകം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

തായ്‌പേയ്: ചൈനീസ് ടെന്നീസ് താരം പെങ് ഷുവായിയെ കണ്ടെത്തണം എന്ന ആവശ്യം ശക്തമാക്കി കായിക ലോകം. ചൈനയുടെ മുന്‍ ഉപ പ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പെങ് ഷുവായിയെ കാണാതായത്. 

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഓസാക്ക, കോകോ ഗാഫ്, സിമോണ്‍ ഹാലെപ്പ്, പെട്ര ക്വിറ്റോവ, ആന്‍ഡി മറെ എന്നീ താരങ്ങള്‍ പെങ് ഷുവിനെ കണ്ടെത്താന്‍ നടപടി വേണം എന്ന ആവശ്യവുമായി എത്തി. സ്പാനിഷ് ഫുട്‌ബോള്‍ താരം ജെറാഡ് പിക്വെയും വിഷയത്തില്‍ ഇടപെട്ടു. 

എന്നാല്‍ പെങ് ഷു സുരക്ഷിതയാണെന്ന് ചൈനീസ് ദേശിയ മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ പറഞ്ഞു. ഉടനെ തന്നെ പെങ് ഷു എല്ലാവരുടേയും മുന്‍പില്‍ പ്രത്യക്ഷപ്പെടും എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്. അതിനിടയില്‍ വിഷയത്തില്‍ ചൈനയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കി ഐക്യരാഷ്ട്ര സഭയുടെ ഇടപെടലും വന്നു. ചൈനയോട് പെങ്ങിന്റെ വിവരങ്ങള്‍ തേടിയതായി വൈറ്റ്ഹൗസും വ്യക്തമാക്കി. 

നവംബര്‍ രണ്ടിനാണ് ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രി അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്ന് പെങ് സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചത്. ഇതിന് പിന്നാലെ പെങ്ങിനെ കാണാതായി. പെങ്ങിനെ കണ്ടെത്തുകയും വിഷയത്തില്‍ അന്വേഷണം നടത്തുകയും ചെയ്തില്ലെങ്കില്‍ ചൈനയിലെ തന്റെ കോടിക്കണക്കിന് മൂല്യം വരുന്ന ബിസിനസുകള്‍ അവസാനിപ്പിക്കുമെന്ന് വുമണ്‍ ടെന്നീസ് അസോസിയേഷന്‍ തലവന്‍ സ്റ്റീവ് സൈമണ്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com