‘ഹലാൽ’ മാംസം മാത്രം കഴിച്ചാൽ മതി; ബീഫ്, പോർക്ക് വിഭവങ്ങൾ ഒഴിവാക്കണം; ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ വിവാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 08:39 PM  |  

Last Updated: 23rd November 2021 08:39 PM  |   A+A-   |  

Indian cricket team's new diet plan

ഫയല്‍ ചിത്രം

 

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങൾക്കുള്ള ഭക്ഷണക്രമത്തിലെ നിയന്ത്രണം പുതിയ വിവാദ​ങ്ങൾക്ക് വഴിയൊരുക്കി. മാംസ വിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കമാണ് വിവാദമായത്. ഭക്ഷണ ക്രമത്തിൽ നിന്ന് ബീഫ്, പോർക്ക് വിഭവങ്ങൾ പരമാവധി ഒഴിവാക്കാനാണ് നിർദ്ദേശം. മാംസം കഴിക്കണമെന്ന് താത്പര്യമുള്ളവർ ‘ഹലാൽ’ മാംസം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

താരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനെന്ന പേരിലാണ് ഭക്ഷണക്രമത്തിൽ സമ്പൂർണ നിയന്ത്രണം കൊണ്ടുവരുന്നത്. കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി താരങ്ങളുടെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളിലും സമാനമായ നിയന്ത്രണങ്ങളുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഭക്ഷണ ക്രമവുമായി ബന്ധപ്പെട്ട ബിസിസിഐ നിർദ്ദേശവും അവർ പുറത്തുവിട്ടു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള സുദീർഘമായ ക്രിക്കറ്റ് പരമ്പരകൾക്കും ഐസിസി ടൂർണമെന്റുകൾക്കുമായി താരങ്ങളെ സമ്പൂർണ ആരോഗ്യവാൻമാരായി നിലനിർത്തുന്നതിനാണ് ഭക്ഷണ ക്രമത്തിലെ ഈ സമ്പൂർണ നിയന്ത്രണമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം.

താത്പര്യമുള്ള താരങ്ങളെ അത് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുന്ന പുതിയ ഭക്ഷണക്രമത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മാത്രമല്ല, മാംസ ഭക്ഷണം ഉപയോഗിക്കുന്നവർ അത് ഹലാൽ ആണെന്ന് ഉറപ്പു വരുത്തണമെന്ന നിർദ്ദേശത്തെച്ചൊല്ലിയും വിമർശനമുയരുന്നുണ്ട്.