പരിക്ക് : കെ എല്‍ രാഹുലിനെ ഒഴിവാക്കി; സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ടീമില്‍

രണ്ടു ടെസ്റ്റുകളാണ് ഇന്ത്യ ന്യൂസിലാൻഡിനെതിരെ കളിക്കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ : ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും കെ എല്‍ രാഹുല്‍ പുറത്ത്. ഇടതു കാല്‍ത്തുടയിലെ മസിലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് രാഹുലിനെ ഒഴിവാക്കിയത്. പകരം സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി. ബിസിസിഐ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 

അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായി കായികക്ഷമത വീണ്ടെടുക്കുന്നതിന് രാഹുല്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ചികിത്സ തേടുമെന്നും ബിസിസിഐ അറിയിച്ചു. 

29 കാരനായ രാഹുല്‍ 40 ടെസ്റ്റുകളില്‍ നിന്നായി, 35.15 ശരാശരിയില്‍ 2321 റണ്‍സ് എടുത്തിട്ടുണ്ട്. 2016 ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 199 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. 

ഓപ്പണിംഗില്‍ പുതിയ ജോഡി

രാഹുല്‍ ഒഴിവായതോടെ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ ഓപ്പണിംഗില്‍ പുതിയ ജോഡി വരും. മായങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലുമാകും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുക. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, ശ്രേയസ്സ് അയ്യര്‍ എന്നിവരിലൊരാള്‍ക്ക് അരങ്ങേറ്റത്തിനും അവസരമൊരുങ്ങും. 

വിശ്രമം അനുവദിച്ചതിനെ തുടർന്ന് മുതിർന്ന താരങ്ങളായ വിരാട് കോഹ് ലി, രോഹിത് ശർമ എന്നിവർ ഈ മത്സരത്തിൽ കളിക്കാത്തതിനാൽ, രാഹുലിന്റെ പരുക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. രണ്ടു ടെസ്റ്റുകളാണ് ഇന്ത്യ ന്യൂസിലാൻഡിനെതിരെ കളിക്കുക. വ്യാഴാഴ്ചയാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുക. 

ഇന്ത്യൻ ടെസ്റ്റ് ടീം: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), മയാങ്ക് അഗർവാൾ, ചേതേശ്വർ പൂജാര (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ശ്രീകർ ഭരത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ, ജയന്ത് യാദവ്, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com