ന്യൂസിലന്‍ഡ് തകരുന്നു; അഞ്ച് വിക്കറ്റുകള്‍ നഷ്ടം; ജയ പ്രതീക്ഷയില്‍ ഇന്ത്യ

ന്യൂസിലന്‍ഡ് തകരുന്നു; അഞ്ച് വിക്കറ്റുകള്‍ നഷ്ടം; ജയ പ്രതീക്ഷയില്‍ ഇന്ത്യ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാണ്‍പുര്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടം. 284 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ന്യൂസിലന്‍ഡ് നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകള്‍ ശേഷിക്കേ കിവികള്‍ ജയിക്കാന്‍ വേണ്ടത് 156 റണ്‍സ് കൂടി. 24 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും രണ്ട് റണ്ണുമായി ടോം ബ്ലണ്ടലുമാണ് ക്രീസില്‍.

ടോം ലാതം (52), വില്‍ യങ് (രണ്ട്), വില്ല്യം സോമര്‍വില്ലെ (36), റോസ് ടെയ്‌ലര്‍ (രണ്ട്), ഹെന്റി നിക്കോള്‍ (ഒന്ന്) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കായി ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റുകളും ജഡേജ, ഉമേഷ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സെന്ന നിലയിലാണ് കിവികള്‍ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയത്. ലാതവും നൈറ്റ് വാച്മാന്‍ സോമര്‍വില്ലെയും ചേര്‍ന്ന് പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിച്ചതോടെ രണ്ടാം വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് 79 റണ്‍സ് വരെ കാക്കേണ്ടി വന്നു.
36 റണ്‍സെടുത്ത വില്ല്യം സോമര്‍വില്ലെയെ പുറത്താക്കി ഉമേഷ് യാദവാണ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി എത്തിച്ചത്. പിന്നാലെ ടോം ലാതത്തിനെ ക്ലീന്‍ ബൗള്‍ഡാക്കി അശ്വിന്‍ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്‍കി.

ഒരറ്റത്ത് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസ് പൊരുതി നിന്നെങ്കിലും പിന്നീടെത്തിയ റോസ് ടെയലര്‍, ഹെന്റി നിക്കോള്‍സ് എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയത് സന്ദര്‍ശകരെ പ്രതിസന്ധിയിലാക്കി. റോസ് ടെയ്‌ലറെ ജഡേജയും നിക്കോള്‍സിനെ അക്ഷര്‍ പട്ടേലും വിക്കറ്റിന് മുന്നില്‍ കുടുക്കി.

നാലാം ദിനത്തില്‍ ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് ഇന്ത്യയുടെ ബൗളിങ് തുടങ്ങിയത്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ വില്‍ യങിനെ അശ്വിന്‍ മടക്കുകയും ചെയ്തു. അതേസമയം താരത്തിന്റെ പുറത്താകല്‍ അമ്പയറുടെ തെറ്റായ തീരുമാനത്തിലായിരുന്നു.

അശ്വിന്റെ രണ്ടാം ഓവറിലെ അവസാന പന്തിലെ എല്‍ ബി അപ്പീലില്‍ അമ്പയര്‍ വീരേന്ദര്‍ ശര്‍മ സംശയിച്ച ശേഷം ഔട്ട് വിധിച്ചു. ഓഫ് സ്റ്റമ്പിന് വെളിയില്‍ കുത്തിയ പന്ത് നന്നായി താഴ്ന്ന് ടേണ്‍ ചെയ്താണ് യങ്ങിന്റെ കാലില്‍ കൊണ്ടത്. നീണ്ട ആലോചനയ്ക്കു ശേഷം റിവ്യൂ നല്‍കിയെങ്കിലും സമയം കഴിഞ്ഞിരുന്നു. ഇതോടെ യങ് (2) ക്രീസ് വിട്ടു. പക്ഷേ, റീപ്ലേയില്‍ പന്ത് ലെഗ്സ്റ്റമ്പിന് പുറത്തേക്കാണെന്ന് ബോധ്യമായി. ദൗര്‍ഭാഗ്യകരമായി വിക്കറ്റ് നഷ്ടം.

നേരത്തെ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റിന് 234 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ കിവീസിനെ 296 റണ്‍സിന് പുറത്താക്കി ഇന്ത്യ 49 റണ്‍സ് ലീഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 345 റണ്‍സില്‍ അവസാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com