കെഎൽ രാഹുലിന് 20 കോടി, റാഷിദ് ഖാന് 16 കോടി? താരങ്ങൾക്കായി വല വീശി ഐപിഎല്ലിലെ പുതിയ ടീം ലഖ്നൗ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2021 01:38 PM  |  

Last Updated: 29th November 2021 01:38 PM  |   A+A-   |  

kl_rahul

കെഎല്‍ രാഹുല്‍/ ഫയൽ

 

മുംബൈ: ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകൾ കൂടി എത്തുന്നതോടെ 2022ലെ പോരാട്ടങ്ങൾ കൂടുതൽ ആവേശത്തിലാകും. ഐ‌പി‌എൽ ഫ്രാഞ്ചൈസികളൊന്നും ഇതുവരെ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടില്ല. അതിനിടെ കെ‌എൽ രാഹുൽ പഞ്ചാബ് കിങ്സുമായി വേർപിരിയുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ ടീമായ ലഖ്നൗവിലേക്കാണ് താരം മാറുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

മെഗാ ലേലത്തിന് മുമ്പ് രണ്ട് പുതിയ ഫ്രാഞ്ചൈസികൾക്ക് മൂന്ന് കളിക്കാരെ വീതം തിരഞ്ഞെടുക്കാൻ അനുവദമുണ്ട്. ഈ മാർ​ഗത്തിലൂടെ ലഖ്നൗ രാഹുലിനെ സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ. ലഖ്‌നൗവിന് പുറമെ അഹമ്മദാബാദാണ് പുതിയ ഫ്രാഞ്ചൈസി സ്വന്തമാക്കിയ രണ്ടാം ടീം. അഹമ്മദാബാദും രാഹുലിന് വേണ്ടി ശ്രമിച്ചിരുന്നു.

ലഖ്‌നൗ ടീം രാഹുലിന് 20 കോടിയിലധികം രൂപ വാഗ്ദാനം ചെയ്തതായാണ് പുറത്തു വരുന്ന പുതിയ വാർത്തകൾ. ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റന് പഞ്ചാബ് കിങ്സിൽ 11 കോടി രൂപയായിരുന്നു പ്രതിഫലം. 2018 മുതൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ഓപ്പണറായി നിൽക്കുന്ന രാഹുൽ കഴിഞ്ഞ നാല് സീസണുകളിൽ യഥാക്രമം 659, 593, 670, 626 റൺസുകൾ നേടിയിട്ടുണ്ട്.

ലഖ്‌നൗ ആസ്ഥാനമായുള്ള ഐപിഎൽ ടീമിനെ ആർപിഎസ്ജി ഗ്രൂപ്പാണ് സ്വന്തമാക്കിയിട്ടുള്ളത്. രാഹുലിന് 20 കോടി വാ​ഗ്ദാനം ചെയ്യുന്ന ലഖ്നൗ ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റെ അഫ്​ഗാൻ സ്പിന്നർ റാഷിദ് ഖാന് 16 കോടി രൂപ വാ​ഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. താരത്തെ സൺറൈസേഴ്സ് റിലീസ് ചെയ്യുമോ നിലനിർത്തുമോ എന്നതൊന്നും ഇപ്പോഴും വ്യക്തമല്ല.

സൂപ്പർ പോരാട്ടങ്ങൾക്ക് മുന്നോടിയായുള്ള മെ​ഗാ ലേലം നടക്കാനിരിക്കെ നിലനിർത്താനും റിലീസ് ചെയ്യാനും ആഗ്രഹിക്കുന്ന കളിക്കാരെ തീരുമാനിക്കാൻ ഐ‌പി‌എൽ ഫ്രാഞ്ചൈസികൾക്ക് നാളെ വരെ സമയമുണ്ട്. ഇത്തവണ റൈറ്റ് ടു മാച്ച് (ആർ‌ടി‌എം) കാർഡ് ഇല്ലാത്തതിനാൽ, ഫ്രാഞ്ചൈസിക്ക് ഒരു കളിക്കാരനെ റിലീസ് ചെയ്താൽ ലേലത്തിൽ ആർടിഎം ഉപയോ​ഗിച്ച് അയാളെ തിരിച്ച് ടീമിലെത്തിക്കാൻ സാധിക്കില്ല.