ബ്രേക്ക് ത്രൂ നൽകി ഉമേഷ് യാദവ്; ന്യൂസിലൻഡിന് രണ്ടാം വിക്കറ്റ് നഷ്ടം

ബ്രേക്ക് ത്രൂ നൽകി ഉമേഷ് യാദവ്; ന്യൂസിലൻഡിന് രണ്ടാം വിക്കറ്റ് നഷ്ടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാൺപുർ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു. അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലൻഡിന് ഉച്ച ഭക്ഷണത്തിന് ശേഷം രണ്ടാം വിക്കറ്റ് നഷ്ടമായി. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ കിവീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിലായിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷമാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ ലഭിച്ചത്.

36 റൺസെടുത്ത വില്ല്യം സോമർവില്ലെയെ പുറത്താക്കി ഉമേഷ് യാദവാണ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി എത്തിച്ചത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ന്യൂസിലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കേ വിജയത്തിലേക്ക് കിവികൾക്ക് വേണ്ടത് 187 റൺസ് കൂടി വേണം. 46 റൺസുമായി ഓപ്പണർ ടോം ലാതവും ഏഴ് റൺസുമായി ക്യാപ്റ്റൻ കെയ്ൻ വില്യംസനുമാണ് ക്രീസിൽ.

രണ്ടാം ഇന്നിങ്ങ്ങിൽ ആർ അശ്വിനും അക്ഷർ പട്ടേലും ചേർന്നാണ് ഇന്ത്യയുടെ ബൗളിങ് തുടങ്ങിയത്. തുടക്കത്തിൽ തന്നെ ഓപ്പണർ വിൽ യങിനെ അശ്വിൻ മടക്കുകയും ചെയ്തു. അതേസമയം താരത്തിന്റെ പുറത്താകൽ അമ്പയറുടെ തെറ്റായ തീരുമാനത്തിലായിരുന്നു.

അശ്വിന്റെ രണ്ടാം ഓവറിലെ അവസാന പന്തിലെ എൽ ബി അപ്പീലിൽ അമ്പയർ വീരേന്ദർ ശർമ സംശയിച്ച ശേഷം ഔട്ട് വിധിച്ചു. ഓഫ് സ്റ്റമ്പിന് വെളിയിൽ കുത്തിയ പന്ത് നന്നായി താഴ്ന്ന് ടേൺ ചെയ്താണ് യങ്ങിന്റെ കാലിൽ കൊണ്ടത്. നീണ്ട ആലോചനയ്ക്കു ശേഷം റിവ്യൂ നൽകിയെങ്കിലും സമയം കഴിഞ്ഞിരുന്നു. ഇതോടെ യങ് (2) ക്രീസ് വിട്ടു. പക്ഷേ, റീപ്ലേയിൽ പന്ത് ലെഗ്സ്റ്റമ്പിന് പുറത്തേക്കാണെന്ന് ബോധ്യമായി. ദൗർഭാഗ്യകരമായി വിക്കറ്റ് നഷ്ടം.

പൊരുതി നിന്ന് ശ്രേയസ്, സാഹ

നേരത്തെ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ ഏഴ് വിക്കറ്റിന് 234 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്‌സിൽ കിവീസിനെ 296 റൺസിന് പുറത്താക്കി ഇന്ത്യ 49 റൺസ് ലീഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 345 റൺസിൽ അവസാനിച്ചു.

ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി കണ്ടെത്തിയ അരങ്ങേറ്റം താരം ശ്രേയസ് അയ്യരാണ് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്കായി തിളങ്ങിയത്. ശ്രേയസ് 125 പന്തിൽ 65 റൺസ് നേടി. എട്ട് ഫോറും ഒരു സിക്‌സും ബാറ്റിൽ നിന്ന് പിറന്നു. പുറത്താകാതെ 61 റൺസ് നേടിയ വൃദ്ധിമാൻ സാഹയും ശ്രേയസിന് പിന്തുണ നൽകി. 126 പന്തിൽ നാല് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു സാഹയുടെ ഇന്നിങ്‌സ്. ഏഴാം വിക്കറ്റിൽ സാഹയും ശ്രേയസും 64 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഡിക്ലയർ ചെയ്യുമ്പോൾ സാഹയ്‌ക്കൊപ്പം 28 റൺസോടെ അക്ഷർ പട്ടേലായിരുന്നു ക്രീസിൽ.

നേരത്തെ 51 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ ആറാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യർ - ആർ അശ്വിൻ സഖ്യമാണ് രക്ഷിച്ചത്. ഇരുവരും ആറാം വിക്കറ്റിൽ 52 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 62 പന്തുകൾ നേരിട്ട് 32 റൺസെടുത്താണ്  അശ്വിൻ പുറത്തായത്. ജാമിസന്റെ പന്തിൽ നിർഭാഗ്യകരമായാണ് താരം പുറത്തായത്. അശ്വിന്റെ ബാറ്റിൽ തട്ടിയ പന്ത് പഡിലിടിച്ച് വിക്കറ്റിൽ പതിക്കുകയായിരുന്നു.

നാലാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ചേതേശ്വർ പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 33 പന്തുകൾ നേരിട്ട് 22 റൺസെടുത്ത പൂജാരയെ കെയ്ൽ ജാമിസൻ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ചു.

പിന്നാലെ അജിൻക്യ രഹാനെയെ (4) വിക്കറ്റിന് മുന്നിൽ കുടുക്കി അജാസ് പട്ടേൽ ഇന്ത്യയെ ഞെട്ടിച്ചു. 20ാം ഓവറിൽ മായങ്ക് അഗർവാളിനെയും (17) രവീന്ദ്ര ജഡേജയേയും (0) മടക്കി ടിം സൗത്തി ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. ഒരു റൺ മാത്രമെടുത്ത ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് മൂന്നാം ദിനത്തിൽ തന്നെ നഷ്ടമായിരുന്നു. ന്യൂസിലൻഡിനായി ടിം  സൗത്തിയും കെയ്ൽ ജാമിസനും മൂന്ന് വിക്കറ്റ് വീതം നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com