'ഇനിയും 10 വര്‍ഷം കളിക്കാനാവും'; മുംബൈ ഇന്ത്യന്‍സ്‌ ടീമില്‍ നിലനിര്‍ത്താന്‍ പോകുന്ന താരത്തെ ചൂണ്ടി ഇര്‍ഫാന്‍ പഠാന്‍

മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയള്ള താരത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍
സണ്‍റൈസേഴ്‌സിന്റെ വിക്കറ്റ് വീഴ്ത്തിയ മുംബൈ ഇന്ത്യന്‍സിന്റെ ആഹ്ലാദപ്രകടനം/ IMAGE CREDIT: IPL
സണ്‍റൈസേഴ്‌സിന്റെ വിക്കറ്റ് വീഴ്ത്തിയ മുംബൈ ഇന്ത്യന്‍സിന്റെ ആഹ്ലാദപ്രകടനം/ IMAGE CREDIT: IPL

ന്യൂഡല്‍ഹി: ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പേരുകള്‍ ഇന്ന് പുറത്ത് വരും. റിറ്റെയ്ന്‍ ലിസ്റ്റ് പുറത്ത് വരുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പിലുള്ളപ്പോള്‍ കണക്കു കൂട്ടലുകളിലാണ് ആരാധകര്‍. ഈ സമയം മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയള്ള താരത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. 

രോഹിത് ശര്‍മയ്ക്ക് വേണ്ടിയാണ് ഒന്നാമത്തെ റിറ്റെന്‍ഷന്‍ കാര്‍ഡ് മുംബൈ ഉപയോഗിക്കുക. രണ്ടാമത് ടീമില്‍ നിലനിര്‍ത്തുക ബൂമ്രയെ. മൂന്നാമത് പൊള്ളാര്‍ഡ്. നാലാമത് ഇഷാന്‍ കിഷനെ ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ്, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

23 വയസാണ് ഇഷാന്റെ പ്രായം. തനിക്ക് എന്തെല്ലാം സാധിക്കും എന്നതിന്റെ സൂചന ഇഷാന്‍ നല്‍കി കഴിഞ്ഞു. ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന ഇടംകയ്യന്‍ ഹിറ്ററാണ് ഇഷാന്‍. ഇനി വരുന്ന 10 വര്‍ഷവും നന്നായി കളിക്കാനുള്ള ക്രിക്കറ്റ് ഇഷാന്റെ കൈകളിലുണ്ട് എന്നും പഠാന്‍ അഭിപ്രായപ്പെട്ടു.

2018 മുതല്‍ ഇഷാന്‍ കിഷന്‍ മുംബൈ ഇന്ത്യന്‍സിന് ഒപ്പം

2018 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് ഇഷാന്‍ കിഷന്‍. 2020ലാണ് ഇഷാന്‍ കിഷന്‍ ശ്രദ്ധ പിടിക്കുന്നത്. അന്ന് 14 കളിയില്‍ നിന്ന് 516 റണ്‍സ് ഇഷാന്‍ കിഷന്‍ നേടി. കഴിഞ്ഞ സീസണില്‍ 10 കളിയില്‍ നിന്ന് 241 റണ്‍സ് ആണ് ഇഷാന്‍ കണ്ടെത്തിയത്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിലേക്കും ഇഷാന്‍ ഇടം നേടി. 

ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള മറ്റ് താരങ്ങള്‍. എന്നാല്‍ കഴിഞ്ഞ ഐപിഎല്‍ സീസണിലും പിന്നാലെ വന്ന ട്വന്റി20 ലോകകപ്പിലും മികവ് പുറത്തെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഹര്‍ദിക്കിനെ ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com