വിജയ ഗോളുകളുടെ രാജാവ്, 2021ല്‍ മാത്രം 12 എണ്ണം; മെസിയെ പിന്നിലേക്ക് മാറ്റി ക്രിസ്റ്റ്യാനോ

2 ഗോളിന് പിന്നില്‍ നിന്നതിന് ശേഷം തിരികെ വന്നാണ് യുനൈറ്റഡിന്റെ തകര്‍പ്പന്‍ ജയം. ഇവിടെ വിജയ ഗോള്‍ വന്നത് ക്രിസ്റ്റിയാനോയില്‍ നിന്നും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഞ്ചസ്റ്റര്‍: തുടര്‍ തോല്‍വികളിലേക്ക് വീണതോടെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയാണ് ക്രിസ്റ്റ്യാനോയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചാമ്പ്യന്‍സ് ലീഗില്‍ അറ്റ്‌ലാന്റയ്‌ക്കെതിരെ ജയം പിടിച്ചത്. 2 ഗോളിന് പിന്നില്‍ നിന്നതിന് ശേഷം തിരികെ വന്നാണ് യുനൈറ്റഡിന്റെ തകര്‍പ്പന്‍ ജയം. ഇവിടെ വിജയ ഗോള്‍ വന്നത് ക്രിസ്റ്റിയാനോയില്‍ നിന്നും. 

ചാമ്പ്യന്‍സ് ലീഗില്‍ മാച്ച് വിന്നിങ് ഗോളുകളുടെ റെക്കോര്‍ഡില്‍ മെസിയുമായുള്ള അകലം കൂട്ടാനും ക്രിസ്റ്റിയാനോയ്ക്ക് ഈ ഗോളിലൂടെ കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഇത് 42ാം തവണയാണ് ക്രിസ്റ്റ്യാനോ വിന്നിങ് ഗോള്‍ നേടുന്നത്. മെസിയില്‍ നിന്ന് വന്ന വിന്നിങ് ഗോളുകള്‍ 39. 2021ലെ ക്രിസ്റ്റിയാനോയില്‍ നിന്ന് 12 മാച്ച് വിന്നിങ് ഗോളുകള്‍ എത്തി. 

അറ്റ്‌ലാന്റയ്ക്ക് എതിരായ കളിയില്‍ തുടക്കത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമ്മര്‍ദത്തിലേക്ക് വീഴുകയായിരുന്നു. 15, 28 മിനിറ്റുകളില്‍ അറ്റ്‌ലാന്റ ഗോള്‍ വല കുലുക്കി. എന്നാല്‍ 53ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡും 75ാം മിനിറ്റില്‍ ഹാരി മഗ്വെയറും ഗോള്‍ വല കുലുക്കിയതോടെ യുനൈറ്റഡ് സമനില പിടിച്ചു. 

സോള്‍ഷെയറില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് അതൃപ്തി 

81ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ വിജയ ഗോള്‍ എത്തിയത്. ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ സോള്‍ഷെയറില്‍ ക്രിസ്റ്റിയാനോയ്ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരവെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മികച്ച തിരിച്ചു വരവ് നടത്തി ജയം പിടിച്ചിരിക്കുന്നത്. 

പരിശീലക സ്ഥാനത്തേക്ക് സിനദിന്‍ സിദാനെ കൊണ്ടുവരാന്‍ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സിദാനുമായി ചര്‍ച്ച നടത്തിയതായും എന്നാല്‍ അനുകൂലമായല്ല സിദാന്‍ പ്രതികരിച്ചത് എന്നും സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com